ബിജെപിയുടെ ഭീഷണിയോ? കമലിന്‍റെ മാധവിക്കുട്ടിയാകാന്‍ വിദ്യയില്ല; പുതിയ നായിക ആര്?
വിദ്യാ ബാലന്‍റെ പിന്‍മാറ്റത്തിന് കാരണമെന്ത്? ആമിയില്‍ പുതിയ നായികയാര്?
മലയാളത്തിന്‍റെ വിഖ്യാത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ‘ആമി’ എന്ന ചിത്രത്തില്‍ നിന്ന് വിദ്യാ ബാലന്‍ പിന്‍മാറി. കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ തനിക്ക് കഴിയുന്നില്ലെന്നും അതിനാല്‍ പിന്‍മാറുകയാണെന്നുമാണ് വിദ്യ കമലിനെ അറിയിച്ചിരിക്കുന്നത്.
പല തവണ വിദ്യാ ബാലനെ അനുനയിപ്പിക്കാന്‍ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ശ്രമം നടത്തിയെങ്കിലും അതൊന്നും വിജയമായില്ല. ഒടുവില്‍ ശ്രമം ഉപേക്ഷിച്ച് പുതിയ നായികയെ കണ്ടെത്താനുള്ള നീക്കങ്ങളിലാണ് കമല്‍ ഇപ്പോള്‍.
കമല്‍ ബി ജെ പിയുടെ കണ്ണിലെ കരടായതാണ് വിദ്യാ ബാലന്‍റെ പിന്‍മാറ്റത്തിന് കാരണമെന്ന് നേരത്തേ ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അക്കാര്യം വിദ്യയോട് അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചു.
ആമി എന്ന സിനിമയുടെ തിരക്കഥയില്‍ കമലിനും വിദ്യാ ബാലനുമിടയില്‍ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ആദ്യം കേട്ട തിരക്കഥയില്‍ വിദ്യ സംതൃപ്തയായിരുന്നു. എന്നാല്‍ അവസാനനിമിഷം തിരക്കഥയില്‍ വരുത്തിയ മാറ്റങ്ങളാണ് ചിത്രത്തില്‍ നിന്ന് പിന്‍മാറാന്‍ വിദ്യയെ പ്രേരിപ്പിച്ചതെന്നാണ് വിവരം.