മഹാരാജാസില്‍ നിന്നും കണ്ടെടുത്തത് മാരകായുധങ്ങളെന്ന് പൊലീസ് റിപ്പോര്‍ട്ട്; മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് പ്രതിപക്ഷം
മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് കോണ്‍ഗ്രസ്
മഹാരാജാസ് കോളേജില്‍ നടത്തിയ റെയിഡില്‍ പിടിച്ചെടുത്തത് മാരകായുധങ്ങള്‍ തന്നെയാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. സെര്‍ച്ച് ലിസ്റ്റിലും കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലുമാണ് ഈ വിവരങ്ങള്‍ രേഖപെടുത്തിയിരിക്കുന്നത്‍. കോളേജില്‍ നിന്ന് പിടിച്ചെടുത്തത് മാരകായുധങ്ങളായിരുന്നില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിനെ തളളുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന് പൊലീസിന്റെ പ്രഥമവിവര റിപ്പോര്‍ട്ട്.
കാര്‍ഷികമോ, ഗാര്‍ഹികമോ അല്ലാത്തതോ ആയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വെട്ടുകത്തിയും അറ്റത്ത് തുണി ചുറ്റിയ ഇരുമ്പുപൈപ്പുകളും പിടിച്ചെടുത്ത ആയുധങ്ങളില്‍ ഉണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യത്തില്‍ ആയുധനിയമമനുസരിച്ചാണ് കേസെടുത്തതെന്നും പൊലീസ് അറിയിച്ചു. അതേസമയം മുഖ്യമന്ത്രി സഭയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ സത്യവിരുദ്ധമാണെന്നും അതുകൊണ്ട് അവകാശ ലംഘനത്തിന് മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് നല്‍കുമെന്നും പിടി തോമസ് എംഎല്‍എ വ്യക്തമാക്കി.
മഹാരാജാസ് കോളേജില്‍ നിന്നും ബോംബോ, വടിവാളോ പിടിച്ചെടുത്തിട്ടില്ലെന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്. കറുത്ത ഫ്‌ളെക്‌സില്‍ പൊതിഞ്ഞ ഇരുമ്പുപൈപ്പുകള്‍, സ്റ്റീല്‍ പൈപ്പ്, വാര്‍ക്കകമ്പികള്‍, ഇരുമ്പ് വെട്ടുകത്തി, കുറുവടി, മുളവടി, പലകക്കഷണങ്ങള്‍ എന്നിവയാണ് കോളേജില്‍ നിന്ന് കണ്ടെത്തിയതെന്നാണ് പൊലീസ് റിപ്പോര്‍ട്ടെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു.