മാധ്യമപ്രവര്‍ത്തകരോടുള്ള രോഷപ്രകടനം; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
മാധ്യമങ്ങളെ ക്ഷണിച്ചിരുന്നില്ല, ദൃശ്യങ്ങളെടുക്കാനുള്ള അനുമതിയുമില്ലായിരുന്നു; മാധ്യമപ്രവര്‍ത്തകരോടുള്ള രോഷപ്രകടനം വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
ബിജെപി ആര്‍എസ്എസ് നേതാക്കളുമായുള്ള സമാധാന ചര്‍ച്ച റിപ്പോര്‍ട്ടു ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആട്ടിയിറക്കിയ മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. ചര്‍ച്ച നടക്കുന്നിടത്തേക്ക് മാധ്യമങ്ങളെ ക്ഷണിച്ചിരുന്നില്ലെന്നും ദൃശ്യങ്ങളെടുക്കാനുള്ള അനുമതി മാധ്യമങ്ങള്‍ക്ക് ഇല്ലായിരുന്നെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്.
മാധ്യമങ്ങളോട് ഇറങ്ങിപ്പോകാന്‍ മാത്രമാണ് താന്‍ പറഞ്ഞതെന്ന് വിശദീകരണക്കുറിപ്പില്‍ പറയുന്നു. അതേസമയം മാധ്യമങ്ങളോട് മോശമായി പെരുമാറിയെന്ന കാര്യത്തില്‍ ഒരു സ്ഥിരീകരണവും മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയിട്ടില്ല. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ പിന്തുണച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രിയുടേത് ഗ്രാമീണ ഭാഷയായിരിക്കാമെന്നും പുറത്ത് പോകാന്‍ പല രീതിയിലും പറയാമെന്നുമായിരുന്നു കാനത്തിന്റെ മറുപടി. ഇതൊന്നും വലിയ വിഷയമാക്കേണ്ടതില്ലെന്നും അദ്ദേഹം പത്രക്കാരെ അധിക്ഷേപിച്ചിട്ടൊന്നുമില്ലെന്നും കാനം പറഞ്ഞു.