മൊബൈല്‍ മോര്‍ച്ചറിയില്‍വച്ച വീട്ടമ്മ ഞരങ്ങുകയും മൂളുകയും ചെയ്‌തു; ബന്ധുക്കള്‍ ഭയന്നുവിറച്ചു - രത്നമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മൊബൈല്‍ മോര്‍ച്ചറിയില്‍വച്ച വീട്ടമ്മ ഞരങ്ങുകയും മൂളുകയും ചെയ്‌തു; ബന്ധുക്കള്‍ ഭയന്നുവിറച്ചു - രത്നമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മരിച്ചെന്ന് കരുതി ബന്ധുക്കൾ മൊബൈൽ മോർച്ചറിയിൽവച്ച വീട്ടമ്മയ്‌ക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനിടെ ജീവനുണ്ടെന്ന് കണ്ടെത്തി. വണ്ടൻമേട് പുതുവൽ കോളനിയിൽ രത്നവിലാസത്തിൽ മുനിസ്വാമിയുടെ ഭാര്യ രത്നം (52) ആണ് മരിച്ചു ജീവിക്കുന്നത്.
ഇടുക്കി വണ്ടൻമേട്ടിൽ ഇന്ന് രാവിലെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രണ്ടു മാസത്തോളമായി മഞ്ഞപ്പിത്തം ബാധിച്ച് രത്നം മധുര മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കരളും വൃക്കയുമെല്ലാം തകരാറിലായതിനാല്‍ രക്ഷപെടാനിടയില്ലെന്ന് ഡോക്ടര്‍ വിധിയെഴുതുകയായിരുന്നു.
വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ഇത് മാറ്റിയാല്‍ മരണം സംഭവിക്കുമെന്നും രത്നത്തിന്റെ ബന്ധുക്കളോട് ഡോക്‍ടര്‍ പറഞ്ഞിരുന്നു. രോഗം കുറയുന്നില്ലെന്ന നിഗമനത്തില്‍ ബന്ധുക്കൾ വെന്‍റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ വീട്ടമ്മയെ വണ്ടൻമേട്ടിലെ വീട്ടിലേക്ക് കൊണ്ടുപോന്നു.
ആംബുലൻസില്‍ വെച്ച് വീട്ടമ്മ മരിച്ചുവെന്ന് കരുതിയ ബന്ധുക്കൾ മൊബൈല്‍ മോര്‍ച്ചറി എത്തിച്ച് രത്നത്തിന്റെ ശരീരം അതിനുള്ളിലേക്ക് മാറ്റുകയും ചെയ്‌തു. ബന്ധുക്കള്‍ അന്തിമോപചാരമർപ്പിക്കുന്നതിനിടെയാണ് രത്നം ശ്വസിക്കുന്നതായി മനസിലാക്കിയത്.
ഉടന്‍ തന്നെ ബന്ധുക്കള്‍ വിവരം പൊലീസില്‍ അറിയിക്കുകയും രത്നത്തെ ആശുപത്രിയിലേക്ക് മാറ്റി ഐസിയുവില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.