മോചനദ്രവ്യം നൽകിയല്ല ഫാ ടോമിനെ മോചിപ്പിച്ചത്, കേന്ദ്ര സർക്കാർ തക്ക സമയത്ത് ഇടപെട്ടതുകൊണ്ടാണ് : വി.കെ സിങ്
മോചനദ്രവ്യം നൽകിയല്ല ഫാ ടോമിനെ മോചിപ്പിച്ചത്: വി.കെ സിങ്
ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ഉഴന്നാലിന്റെ മോചനദൗത്യത്തിൽ വിശദീകരണങ്ങളുമായി കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാർ തക്ക സമയത്ത് ഇടപെട്ടതുകൊണ്ടാണ് ടോം ഉഴുന്നാലിനെ മോചിപ്പിക്കാനായതെന്നും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം പറഞ്ഞു. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ഫാ.ടോമിനെ രക്ഷിക്കാൻ മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി വികെസിങ് തിരുവനന്തപുരത്ത് വ്യക്തമാക്കി. ഫാ. ടോമിനെ രക്ഷിക്കാൻ മോചനദ്രവ്യം നൽകിയെന്ന പ്രചാരണം തെറ്റാണെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് പറഞ്ഞു. നയപരമായ ഇടപെടലാണ് മോചനം സാധ്യമാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ഉഴന്നാലിനെ മോചിപ്പിച്ചത് ഒമാൻ സർക്കാരിന്‍റെ ഇടപെടലിനെ തുടർന്നാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ആഭ്യന്തരയുദ്ധം രൂക്ഷമായ യമനിലെ തടവറയില്‍ നിന്നും ഇന്നലെ രാവിലെ മോചിതനായ ഫാ ടോം ഉച്ചയോടെ മസ്‌കറ്റില്‍ എത്തിച്ചു. അദ്ദേഹത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രവും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.
ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. 2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ ടോമിനെ തട്ടിക്കൊണ്ടുപോയത്.