Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാവും പകലും സിനിമ മാത്രം സ്വപ്നം കാണുന്ന അതുല്യ കലാകാരൻ: ഐ വി ശശിയുടെ ഓർമയിൽ താരങ്ങൾ

ഏതു നേരവും സിനിമ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ

രാവും പകലും സിനിമ മാത്രം സ്വപ്നം കാണുന്ന അതുല്യ കലാകാരൻ: ഐ വി ശശിയുടെ ഓർമയിൽ താരങ്ങൾ
, ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (12:26 IST)
ഇന്ന് ഉച്ചയ്ക്ക് അന്തരിച്ച സംവിധായകൻ ഐ വി ശശിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് താരങ്ങൾ. സംവിധായകൻ എന്നാൽ അത് ഐ വി ശശി ആണെന്ന് നടനും എം പിയുമായ ഇന്നസെന്റ്. വലിയ നഷ്ടം തന്നെയാണ് മലയാള സിനിമയ്ക്ക് ഉണ്ടായിരിക്കുന്നതെന്ന് ഇന്നസെന്റ് വ്യക്തമാക്കി.
 
'ഏത് സമയത്തും സിനിമ തന്നെയായിരുന്നു അദ്ദേഹത്തിനുള്ളിൽ. വലിയൊരു കലാകാരൻ ആയിരുന്നു. അദ്ദേഹത്തിനു കാൻസർ ഉണ്ടായിരുന്നു, എന്നാൽ മരണകാരണം എന്താണെന്ന് അറിയില്ല' എന്നും ഇന്നസെന്റ് പറഞ്ഞു. മലയാള സിനിമയുടെ തീരാനഷ്ടമാണ് ഐ വി ശശിയെന്ന് നടൻ ജഗദീഷും വ്യക്തമാക്കിയിരുന്നു. എടുക്കുന്ന ഓരോ ചിത്രങ്ങളും തന്റെ ആദ്യ ചിത്രമാകണമെന്ന രീതിയിലായിരുന്നു അദ്ദേഹം എടുത്തിരുന്നതെന്ന് ജഗദീഷ് പ്രതികരിച്ചു.
 
'മലയാള സിനിമയ്ക്ക് നഷ്ടമായിരിക്കുന്നത് ഒരു ലെജൻഡിനെയാണ്. രാവും പകലും സിനിമ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. ഉടനെ ഒരു ചിത്രം വരുമെന്ന് അടുത്തകാലത്ത് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു' - മണിയൻപിള്ള രാജു പറഞ്ഞു. സിനിമാ സെറ്റിൽ വെച്ചായിരുന്നു മണിയൻപിള്ളയുടെ പ്രതികരണം.
 
മലയാളം കൂടാതെ തമിഴ്, ഹിന്ദി ഭാഷകളിലായി നൂറ്റൻപതിലേറെ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തയാളാണ് ഐ വി ശശി. ദേശീയ പുരസ്കാര ജേതാവു കൂടിയായ ഇദ്ദേഹത്തെ സംസ്ഥാന സർക്കാർ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടു കൂടിയായിരുന്നു അന്ത്യം. 67 വയസായിരുന്നു അദ്ദേഹത്തിനു. 
 
1968ൽ എ വി രാജിന്റെ ‘കളിയല്ല കല്യാണം’ എന്ന സിനിമയിൽ കലാസംവിധായകനായായായിരുന്നു ഐ വി ശശിയുടെ തുടക്കം. ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് 1982 ൽ ആരൂഡത്തിന് ലഭിച്ചു. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ്, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡ് എന്നിവയും അദ്ദേഹം സ്വന്തമാക്കി.
 
കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലത്തിൽ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. മൃഗയ, അതിരാത്രം,  ഇൻസ്പെകർ ബൽറാം, അവളുടെ രാവുകൾ, ദേവാസുരം, ഇതാ ഇവിടെ വരെ, അടിയൊഴുക്കുകൾ തുടങ്ങി ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ മലയാളത്തിന് സംഭാവന ചെയ്ത വ്യക്തികൂടിയാണ് ഐ വി ശശി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ: ദിലീപിന്റെ വിശദീകരണം തൃപ്തികരമെന്ന് റൂറല്‍ എസ്പി എ വി ജോര്‍ജ്; തണ്ടർഫോഴ്സിന് ആയുധങ്ങൾ ഉപയോഗിക്കാം