റേഷൻ കാർഡ് വിതരണം ഇന്ന് മുതൽ
പുതിയ റേഷൻ കാർഡ് വിതരണം ഇന്ന് മുതൽ
പുതിയ റേഷൻ കാർഡ് വിതരണം ഇന്ന് മുതൽ ആരംഭിക്കും. ആദ്യമായി കൊല്ലം ജില്ലയിലാണ് റേഷൻ കാർഡുകൾ ഇന്ന് വിതരണം ചെയ്യുന്നത്. മറ്റു ജില്ലകളിൽ ജൂൺ ഒന്ന് മുതലാണ് വിതരണം ആരംഭിക്കുന്നത്. ഇരുപത്തഞ്ച് ദിവസങ്ങൾക്കുള്ളിൽ കാർഡ് വിതരണം പൂർത്തിയാക്കാനാണ് തീരുമാനം.
നിലവിലുള്ള റേഷൻ കാർഡുമായി കാർഡ് ഉടമയ്‌ക്കോ കുടുംബാംഗത്തിനോ തിരിച്ചറിയൽ രേഖയുമായി എത്തി കാർഡ് റേഷൻ കടകളിൽ നിന്ന് കൈപ്പറ്റാവുന്നതാണ്. ജൂൺ ഒന്ന് മുതൽ പുതിയ കാർഡ് പ്രകാരം റേഷൻ നൽകും.
പുതിയ കാർഡിൽ തെറ്റുകൾ വന്നിട്ടുണ്ടെങ്കിൽ താലൂക്ക് സപ്ലൈ ഓഫീസുകളിൽ പരാതി നൽകാവുന്നതാണ്. ഇതിനായി ജൂലൈ മുതൽ പരാതി സ്വീകരിക്കും. ഒട്ടാകെ വിതരണം ചെയ്യുന്ന കാർഡുകൾ നാല് നിറങ്ങളിലാണ് റേഷൻ കാർഡുകൾ വിതരണം ചെയ്യുന്നത്.
മുൻഗണനാ വിഭാഗത്തിന് പിങ്ക്, അന്ത്യോദയ വിഭാഗത്തിന് മഞ്ഞ, സംസ്ഥാന സർക്കാർ സബ്‌സിഡിക്ക് അർഹരായവർക്ക് നീല, മുൻഗണനേതര വിഭാഗങ്ങൾക്ക് വെള്ള നിറത്തിലുമാണ് കാർഡുകൾ നൽകുക. പട്ടിക വിഭാഗക്കാർക്ക് കാർഡ് സൗജന്യമായി നൽകുമ്പോൾ മുൻഗണനാ വിഭാഗത്തിന് 50 രൂപയും പൊതുവിഭാഗത്തിനു 100 രൂപയും കാർഡിനുള്ള വിലയായി ഈടാക്കും.