വട വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ കൊച്ചിയില്‍ ഹോട്ടലുടമയെ തമിഴ്നാട് സ്വദേശി കുത്തിക്കൊന്നു. വൈറ്റില ജനത ജംഗ്ഷനില്‍ ഹോട്ടല്‍ നടത്തുന്ന ജോണ്സണ് (48) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു സംഭവം. ജോണ്‍സണെ കുത്തിവീഴ്ത്തിയ ശേഷം ഓടിപ്പോയ പ്രതി തമിഴ്നാട് സ്വദേശിയായ പ്രതീഷ് പൊലീസ് പിടിയിലായതായാണ് റിപ്പോര്‍ട്ടുകള്‍.
ഹോട്ടലില്‍ നിന്നും വട വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ദാരുണ സംഭവത്തില്‍ കലാശിച്ചത്. തര്‍ക്കം മൂത്തതോടെ ജോണ്‍സണും പ്രതീഷും ഹോട്ടലിന് പുറത്തിറങ്ങി. അവിടെവച്ച് പ്രതീഷ് ജോണ്‍സനെ കുത്തിവീഴ്ത്തുകയായിരുന്നു. ജോണ്‍സന്റെ കഴുത്തിലാണ് കുത്തേറ്റത്.
ഉടന്‍ തന്നെ ജോണ്‍സനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ പിന്നീട് ഇവിടെ നിന്ന് വിദഗ്ധചികിത്സയ്ക്കായി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴി ജോണ്സണ് മരിക്കുകയായിരുന്നു.