Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട്ടിലെ മൂന്നു പെണ്ണുങ്ങൾ! - വൈറലാകുന്ന പോസ്റ്റ്

ചരിത്രത്തെ ചുവന്ന പൂക്കളാൽ അടയാളപ്പെടുത്തിയ സ്ഥലമാണ് വയനാട്: ജോയ് മാത്യു

വയനാട്ടിലെ മൂന്നു പെണ്ണുങ്ങൾ! - വൈറലാകുന്ന പോസ്റ്റ്
, ബുധന്‍, 11 ഒക്‌ടോബര്‍ 2017 (09:21 IST)
ജോയ് മാത്യു തിരക്കഥയെഴുതി മമ്മൂട്ടി നായകനാകുന്ന 'അങ്കിൾ' എന്ന സിനിമയുടെ ലൊക്കേഷൻ വയനാടാണ്. ചിത്രത്തിന്റെ ഷൂട്ടിങ് വയനാട്ടിലെ തിരുനെല്ലിയിൽ പുരോഗമിക്കുകയാണ്. ജോയ് മാത്യു ആളൊരു ഭക്ഷണ പ്രിയനാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണ്. നല്ല ഭക്ഷണം കിട്ടുന്ന സ്ഥലം തേടിപിടിച്ച് ചെല്ലുന്ന ആളാണ് ജോയ് മാത്യു. പതിവുപോലെ നല്ല ഭക്ഷണത്തിനായുള്ള അലച്ചിൽ അവസാനിച്ചത് വനിത മെസ്സിലും. മെസ്സിലെ സ്ത്രീകളെ കുറിച്ചും നല്ല ഭക്ഷണത്തെ കുറിച്ചും ജോയ് മാത്യു എഴുതിയിരിക്കുന്ന പോസ്റ്റ് വൈറലാകുന്നു.
 
ജോയ് മാത്യുവിന്റെ പോസ്റ്റ്:
 
വയനാട്‌ എനിക്കെന്നും പ്രിയപ്പെട്ട ഇടമാണു. ചരിത്രത്തെ ചുവന്ന പൂക്കളാൽ അടയാളപ്പെടുത്തിയ സ്‌ഥലം. "അങ്കിൾ "എന്ന എന്റെ പുതിയ സിനിമയുടെ ചിത്രീകരണം വയനാട്ടിലെ തിരുനെല്ലിയിൽ നടക്കുന്നു- പതിവ്‌ പോലെ ഞാൻ കൂട്ടം തെറ്റി മേയുന്ന കുട്ടിയായി നാടൻ ഊണു കിട്ടുന്ന കട അന്വേഷിച്ചിറങ്ങി.
 
അപ്പോഴാണു മൂന്നു പെണ്ണുങ്ങൾ നടത്തുന്ന വനിതാ മെസ്സ്‌ കണ്ടത്‌- ഞാൻ ചെല്ലുംബോൾ ഇരിപ്പിടങ്ങൾ ഒഴിഞ്ഞുകിടന്നിരുന്നു. നല്ല വൃത്തിയും വെടിപ്പുമുള്ള കട. ചൂടുള്ള ചോറും കറികളും ഒരുക്കിവെച്ചിരിക്കുന്നു. വിളബിത്തരുവാൻ തയ്യാറായി മെറൂൺ കളറിലുള്ള ഓവർക്കോട്ട്‌ ധരിച്ച്‌ മൂന്ന് പെണ്ണുങ്ങൾ (സ്ത്രീകൾ എന്നതിനേക്കാൾ പെണ്ണുങ്ങൾ എന്ന മലബാർ രീതിയിൽ പറയാനാണെനിക്കിഷ്ടം) ഞാൻ ചെല്ലുംബോൾ കസ്റ്റമേഴ്സ്‌ ആരും ഇല്ല.
 
എന്നാപ്പിന്നെ ഉണ്ടുകളയാം. വാഴയിലയിൽ രുചികരമായ ചോറും കറികളും നിരന്നു. കൂടെ ബീഫ്‌ വരട്ടിയതും. സംഗതി സൂപ്പർ. വിലയോ തുഛം. സുഗുണ, സുനിത ,സിന്ധു എന്നീ മൂന്നു പെണ്ണുങ്ങളാണു ഈ ഭക്ഷണശാല നടത്തുന്നത്. വെക്കാനും വിളബാനും പണം വാങ്ങിക്കാനും ഇവർ മൂന്നുപേർ മാത്രം.
എല്ലാവരും വിവാഹിതരും കുടുംബസ്‌ഥരുമാണു. ഭർത്താക്കന്മാരൊക്കെ ജോലിക്ക്‌ പോകുംബോൾ വെറുതെ വീട്ടിലിരിക്കുന്നതെങ്ങിനെ ഞങ്ങൾക്കും സ്വന്തമായി ഒരു വരുമാനം ഉണ്ടായാൽ നല്ലതല്ലെ എന്ന ചിന്തയിൽ നിന്നാണു "സ്‌" യിൽ പേരു തുടങ്ങുന്ന ഈ മൂന്നു സ്ത്രീകളും ഈ വനിത മെസ്സ്‌ തുടങ്ങിയത്.
 
ഇവിടെ ഇന്നയാൾക്ക്‌ ഇന്ന ജോലി എന്നില്ല എല്ലാവരും എല്ലാ ജോലിയും ചെയ്യുന്നു. മുടക്കുമുതലും മൂന്നാൾ തുല്യമായെടുത്തു അതിനാൽ ആദായവും തുല്ല്യമായി എടുക്കുന്നു. (എടുക്കാൻ മാത്രം വലിയ ആദായം കിട്ടുന്നുണ്ടൊ എന്നത്‌ വേറെ കാര്യം) തിരുനെല്ലിയിൽ നിന്നും തോൽപ്പെട്ടിക്ക്‌ പോകുന്ന വഴിക്ക്‌ Wild Life Resort ന്നടുത്തുള്ള വനിത മെസ്സ്‌ എന്ന ബോർഡ്‌ കണ്ടുപിടിക്കാൻ അൽപം ബുദ്ധിമുട്ടാണു. കണ്ടെത്തിയാലോ നല്ല രുചികരമായ നാടൻ ഭക്ഷണം കഴിക്കാം.
 
വനിത മെസ്സ്‌ എന്നതിനു പകരം "S sisters "എന്ന പേരായിരിക്കും ഈ കടക്ക്‌ യോജിച്ചത്‌ എന്നെനിക്ക്‌ തോന്നുന്നു. ഈവഴി പോകുന്നവർക്കെല്ലാം  വയറും മനസ്സും നിറക്കാൻ ഈ പെൺ കൂട്ടായ്മക്ക്‌ കഴിയട്ടെ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സത്യം പുറത്ത് വരണം, രാമലീലയിൽ എന്തോ മാജിക് നടന്നിട്ടുണ്ട്: വിജയരാഘവൻ