Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീടില്ലാത്തവര്‍ക്കെല്ലാം വീട്, സമൂലമാറ്റത്തിന് ഹരിതകേരളം; അനവധി പദ്ധതികളുമായി പിണറായി സര്‍ക്കാര്‍

വന്‍ പദ്ധതികളുമായി പിണറായി സര്‍ക്കാര്‍

Home
ന്യൂഡല്‍ഹി , ശനി, 3 സെപ്‌റ്റംബര്‍ 2016 (13:06 IST)
കേരളത്തിന് വിശാലമായ വികസനപദ്ധതികളുമായി പിണറായി സര്‍ക്കാര്‍. വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കുന്ന ‘ലൈഫ്’ എന്ന ഭവനപദ്ധതിയും സമൂഹത്തില്‍ സമൂലമായ മാറ്റം വരുത്തുന്ന ‘ഹരിതകേരളം’ പദ്ധതിയും മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ചു.
 
മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട നടപടികളാണ് ഹരിതകേരളം പദ്ധതി. കരയിലെ മാലിന്യങ്ങള്‍ മാത്രമല്ല കുളങ്ങള്‍, തോടുകള്‍, ജലസ്രോതസുകള്‍ ഇവയെല്ലാം ശുദ്ധീകരിക്കും. നദികളും കായലുകളും ശുചിയാക്കും. കുളവും നദിയും സംരക്ഷിക്കും. അതിനോടൊപ്പം കൃഷിയിടങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കും. ജൈവ കൃഷി വര്‍ദ്ധിപ്പിക്കും. പച്ചയിലൂടെ വൃത്തിയിലേക്ക് എന്നതാണ് പദ്ധതി. നമ്മുടെ നാടിന് ആവശ്യമായ പച്ചക്കറി നമുക്ക് തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയും. ശുദ്ധജലം, ശുദ്ധവായു എന്നിവ ഉറപ്പാക്കും. വന്‍ ജനപങ്കാളിത്തത്തോടെയുള്ള മഹാപ്രസ്ഥാനമായി ഹരിത കേരളം മാറ്റിയെടുക്കും - മുഖ്യമന്ത്രി വിശദീകരിച്ചു.
 
ടൂറിസത്തെ പരിസ്ഥിതി സൌഹൃദരീതിയില്‍ മുന്നോട്ടുകൊണ്ടുപോകും. ഹരിതകേരളം സൃഷ്ടിക്കാന്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം സംബന്ധിച്ച മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കണം. മഴവെള്ള സംരക്ഷണം ഉറപ്പാക്കണം. പച്ചക്കറി, പഴകൃഷി ഇതെല്ലാം വ്യാപിക്കും. ബദല്‍ ഊര്‍ജ്ജ സ്രോതസുകള്‍ കണ്ടെത്താന്‍ കഴിയണം. ഹരിതകേരളം ഒരു ടാസ്ക് ഫോഴ്സിനെയാണ് എല്‍പ്പിക്കുന്നത്. ജനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സാമൂഹ്യസംഘടനകളുടെയുമെല്ലാം പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കും. ഇതിനായി ഒരു കര്‍മ്മ സേനാ ശൃംഖലയുണ്ടാകും. സര്‍ക്കാര്‍ - സര്‍ക്കാരിതര വിഭാഗങ്ങളെ ഇതിനായി ഉള്‍പ്പെടുത്തും. ജൈവകൃഷ്ടി, അടുക്കള കൃഷി വ്യാപിപ്പിക്കും. വിഷ കീടനാശിനിയില്‍ നിന്ന് കൃഷിയിടങ്ങളെയും ജലസ്രോതസുകളെയും മുക്തമാക്കും. സംസ്ഥാന കേന്ദ്ര ഫണ്ടുകള്‍ ചെലവഴിക്കുമ്പോള്‍ തന്നെ ജനപങ്കാളിത്തം ഉറപ്പുവരുത്തും - പിണറായി പറഞ്ഞു. 
 
സംസ്ഥാനത്ത് വീടില്ലാത്ത എല്ലാവര്‍ക്കും സമ്പൂര്‍ണമായൊരു ഭവന പദ്ധതി സര്‍ക്കാര്‍ അവതരിപ്പിച്ചു. ‘ലൈഫ്’ എന്നാണ് പേരിടാന്‍ ഉദ്ദേശിക്കുന്നത്. കേരളത്തിലെ മുഴുവന്‍ ഭവനരഹിത കുടുംബങ്ങള്‍ക്കും അഞ്ചുവര്‍ഷം കൊണ്ട് വീടുനല്‍കും. രണ്ടുലക്ഷം ഭൂരഹിത - ഭവന രഹിത കുടുംബങ്ങളെ പുനരധിവസിപ്പിക്കും. വീടും സ്ഥലവുമില്ലാത്തവര്‍ക്ക് വെറുതെ വീടുവച്ച് നല്‍കുകയല്ല. അത്തരം കുടുംബങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ളാ താങ്ങായി പ്രവര്‍ത്തിക്കും. അവര്‍ക്ക് ജീവനോപാധികള്‍ ഉറപ്പാക്കുകയും സാമ്പത്തിക ശാക്തീകണം നല്‍കുകയും ചെയ്യും - മുഖ്യമന്ത്രി വ്യക്തമാക്കി.  
 
ഈ പദ്ധതിക്കായി സംസ്ഥാനസര്‍ക്കാര്‍ പണം ചെലവഴിക്കും. കേന്ദ്രപണം ലഭ്യമാക്കും. വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പ്രസ്ഥാനങ്ങളില്‍ നിന്നും കോര്‍പറേറ്റുകളില്‍ നിന്നും ലഭിക്കുന്ന സഹായം ഉപയോഗിച്ച് മുഴുവന്‍ ആളുകള്‍ക്കും വീട് നിര്‍മ്മിച്ചുനല്‍കും. ഈ വീടുകള്‍ക്ക് വൈദ്യുതി, വെള്ളം, ശുചിത്വം, പാചക ഇന്ധനം എല്ലാം ഉറപ്പുവരുത്തും. 6000 ഏക്കര്‍ സ്ഥലം ആണ് ഈ പദ്ധതിക്കായി വേണ്ടത്. ഹൌസിംഗ് കോംപ്ലക്സുകള്‍ ഉണ്ടാക്കാന്‍ പറ്റുമോ എന്നാണ് നോക്കുന്നത്. ലൈഫ് പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഓരോ നഗരങ്ങളിലും വികസനത്തില്‍ നിന്ന് അകന്നുനില്‍ക്കുന്ന വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കും. ആദ്യഘട്ടത്തില്‍ കേരളത്തെ മൂന്നാക്കി തിരിച്ച് താലൂക്ക് കേന്ദ്രങ്ങളുടെ അടിസ്ഥാനത്തില്‍ ആറ് ഭവന സമുച്ചയങ്ങളാണ് നിര്‍മ്മിക്കുന്നത്. ഒരു ഭവന സമുച്ചയത്തില്‍ 100 വീടുകള്‍ ഉണ്ടായിരിക്കും. ഒരു വര്‍ഷം കൊണ്ട് 600 കുടുംബങ്ങള്‍ക്ക് വീട്. അഞ്ച് വര്‍ഷം കൊണ്ട് മുഴുവന്‍ ഭവനരഹിതര്‍ക്കും വീട് നല്‍കും - പദ്ധതിയെക്കുറിച്ച് പിണറായി വിശദീകരിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്നാട്ടിലെ തേനിയില്‍ 120 ഏക്കര്‍ ഭൂമി; മകളുടെ ഭര്‍തൃപിതാവിന് 45 ലക്ഷത്തിന്റെ ബെന്‍സ് കാര്‍: മുന്‍മന്ത്രി ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്‌ഡ് തുടരുന്നു