നെയ്യാര്‍ഡാമില്‍ നിന്നും തമിഴ്നാടിന് വെള്ളം നല്‍കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് ജലവിഭവ മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍ അറിയിച്ചു.
നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ രണ്ട് മാസമായി തിരുവനന്തപുരം ജില്ലയിലെ കളിയിക്കാവിളയ്ക്ക് സമീപമുള്ള അതിര്‍ത്തി പ്രദേശത്ത് നെയ്യാര്‍ ഡാമില്‍ നിന്നുമുള്ള വെള്ളം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ശക്തമായ പ്രക്ഷോഭം നടത്തിയിരുന്നു.
ഈ പശ്ചാത്തലത്തിലായിരുന്നു ഇന്ന് നിയമസഭയില്‍ ചോദ്യം ഉയര്‍ന്നത്. നെയ്യാര്‍ഡാമില്‍ നിന്നും തമിഴ്നാടിന് ജലം വിട്ടുകൊടുക്കുന്നതിന് സര്‍ക്കാരിന് ഒരു എതിര്‍പ്പുമില്ല. ഈ ജലം വിളവന്‍കോട് താലൂക്കിനാണ് ഉപയോഗപ്പെടുക. 1960 മുതല്‍ 2004 വരെ സംസ്ഥാനം തമിഴ്നാട്ടിന് വെള്ളം വിട്ടുകൊടുത്തിരുന്നു.
എന്നാല്‍ പുതിയ നിയമം അനുസരിച്ച് ഒരു പുതിയ കരാര്‍ വേണ്ടിവരും. ഈ കരാറിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ വെള്ളം വിട്ടുകൊടുക്കാനാവൂ. ഇക്കാര്യം വിശദമാക്കി കേരളം തമിഴ്നാടിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ കരാറിലെ വ്യവസ്ഥകളോട് സഹകരിക്കാന്‍ തമിഴ്നാട് തയാറായില്ല.
ഇതാണ് വെള്ളം നല്‍കേണ്ടെന്ന് കേരളം തീരുമാനിച്ചത്. തമിഴ്നാട് കരാറില്‍ ഒപ്പിടുന്ന മുറയ്ക്ക് വെള്ളം വിട്ട് കൊടുക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.