ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കില്ല, ഭീഷ്മരെപ്പോലെ ആയുധം താഴെവെക്കുകയുമില്ല: ടിപി സെന്‍കുമാര്‍
പ്രോസിക്യൂഷന്‍ നടപടി നേരിടുമെന്ന് സെന്‍കുമാര്‍
തനിക്കെതിരായുള്ള പ്രോസിക്യൂഷന്‍ നടപടി നേരിടാന്‍ തയ്യാറാണെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍. ‘ശിഖണ്ഡിയെ കണ്ടാല്‍ പേടിക്കുന്ന വ്യക്തിയല്ല ഞാന്‍. ഭീഷ്മരെപ്പോലെ ആയുധം താഴെവെക്കുകയുമില്ല’. എന്ത് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതെന്ന് തനിക്ക് അറിയില്ല. ഇതേക്കുറിച്ച് അറിയിപ്പ് കിട്ടിയാല്‍ അതിന്റെതായ നിലയില്‍ നേരിടുമെന്നും സെന്‍കുമാര്‍ വ്യക്തമാക്കി.
പൊലീസ് ആസ്ഥാനത്തെ പബ്ലിക് ഗ്രീവെന്‍സസ് സെല്‍ എ ഐ ജി വി ഗോപാല്‍ കൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് സെന്‍കുമാറിനെതിരെ സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതിക്ക് ഉത്തരവിട്ടത്. പോലീസ് ട്രെയിനിങ് കോളേജ് പ്രിന്‍സിപ്പലായിരിക്കെ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിലാണ് സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. സെന്‍കുമാറിനോടുള്ള സര്‍ക്കാരിന്റെ അതൃപ്തിയാണ് ഗോപാല്‍ കൃഷ്ണന്റെ പരാതി പരിഗണിക്കാന്‍ ഇടയായതെന്നും സൂചനയുണ്ട്.