സംസ്ഥാനത്തെ ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ല: ജി സുധാകരന്‍
കേരളത്തിലെ ദേശീയപാതകള്‍ ഡീനോട്ടിഫൈ ചെയ്തിട്ടില്ലെന്ന് ജി സുധാകരന്‍
ദേശീയപാതകള്‍ തന്നെയാണ് കേരളത്തിലുള്ളതെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കേരളത്തിലെ ദേശീയപാതകളൊന്നും തന്നെ ഡീനോട്ടിഫൈ ചെയ്തിട്ടില്ല. അതേസമയം, കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നേരത്തെ ഡീനോട്ടിഫൈ ചെയ്തുവെന്നും മന്ത്രി പറഞ്ഞു. ദേശീയപാതയിലെ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതിയാണ് വിധിയില്‍ വ്യക്തത വരുത്തേണ്ടതെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ന്നു.
ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഒരു സംശയവുമില്ല. പൊതുമരാമത്തിനും ഒന്നും ചെയ്യാനില്ല. സുപ്രീം കോടതിയാണ് പഴയ സ്ഥിതി പുനഃസ്ഥാപിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയപാതയുടെ പദവി എടുത്തകളഞ്ഞ 2014ലെ കേന്ദ്രവിജ്ഞാപനം ചൂണ്ടിക്കാട്ടി ബാറുടമകള്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ദേശീയപാതയ്ക്ക് സമീപത്തെ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്