സംസ്ഥാനത്ത് ന്യൂനപക്ഷക്ഷേമ വകുപ്പ് രുപീകരിക്കും
തിരുവനന്തപുരം , വ്യാഴം, 30 ഡിസംബര്‍ 2010 (11:02 IST)
സംസ്ഥാനത്തു ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിലേക്ക് സ്പെഷ്യല്‍ ഓഫിസറുടെ കീഴില്‍ 15 തസ്തിക സൃഷ്ടിക്കും. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന് രൂപീകരിക്കാനുള്ള കരട് ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയെന്നും മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഓട്ടോ-ടാക്സി തൊഴിലാളികള്‍ നടത്തുന്ന പണിമുടക്ക് സംബന്ധിച്ചു മന്ത്രിസഭായോഗം വിശദമായി ചര്‍ച്ചചെയ്തു. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കാന്‍ സമരക്കാരുമായി ചര്‍ച്ചചെയ്ത് പരിഹാരം കാണാന്‍ ഗതാഗതമന്ത്രിയെ ക്യാബിനറ്റ് ചുമതലപ്പെടുത്തി. മത്സ്യത്തൊഴിലാളികള്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും എടുത്തിട്ടുള്ള വായ്പകളിന്മേല് ജപ്തി ഉള്‍പ്പെടെയുള്ള റിക്കവറി നടപടികള്‍ക്കു പ്രഖ്യാപിച്ചിട്ടുള്ള മോറട്ടോറിയം ആറുമാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു.കൊച്ചി രാജകുടുംബത്തിനുള്ള പ്രതിമാസ അലവന്‍സില്‍ 50 ശതമാനം വര്‍ധന വരുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2001
ലെ കേന്ദ്ര-സംസ്ഥാന ഊര്‍ജ സംരക്ഷണ നിയമം നടപ്പാക്കാന്‍ ഹൈ ടെന്‍ഷന്‍, എക്സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് മൂന്നു വര്‍ഷത്തിലൊരിക്കല്‍ എനര്‍ജി ഓഡിറ്റ് നിര്‍ബന്ധമാക്കും. കോഴിക്കോട് സ്ഥിരം അദാലത്ത് സ്ഥാപിക്കുകയും അതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്യും. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ വാഹനാപകടത്തില്‍ മരണപ്പെട്ട ബാലരാമപുരം എസ് ഐ രാജന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായം നല്‍കാനും ആശ്രിതനിയമന വ്യവസ്ഥയില്‍ ഇളവുവരുത്തി ഔട്ട് ഒഫ് ടേണ്‍ ആയി നിയമനം നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.
Follow Webdunia malayalam