സോളർ തട്ടിപ്പിൽ സർക്കാരിന് എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ? പരിഗണനാ വിഷയങ്ങൾ എവിടെ? കമ്മീഷൻ വഴിമാറിയെന്ന് ആക്ഷേപം
സോളാർ കമ്മീഷൻ വഴിമാറിയെന്ന് പ്രതിപക്ഷം
സോളാർ കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആരോപണാ വിധേയരായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരെ സർക്കാർ നിയമനടപടിക്കൊരുങ്ങുമ്പോൾ പുതിയ ആക്ഷേപവുമായി പ്രതിപക്ഷം. സോളർ കമ്മിഷന്റെ യഥാർഥ അന്വേഷണ വിഷയങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ലെന്നാണ് പുതിയ ആക്ഷേപം.
കമ്മിഷനെ നിയോഗിച്ചത് അഞ്ചു പരിഗണനാ വിഷയങ്ങൾ (ടേംസ് ഓഫ് റഫറൻസ്) പരിശോധിച്ച് അന്വേഷണം നടത്തുന്നതിനുവേണ്ടിയാണ്. എന്നാൽ, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച നടപടികളൊന്നും ടേംസ് ഓഫ് റഫറൻസിനെ ആധാരമാക്കിയായിരുന്നില്ലെന്നാണ് ആക്ഷേപം.
സോളർ തട്ടിപ്പു സംബന്ധിച്ചു നിയമസഭയിലും പുറത്തുമുണ്ടായ ആരോപണങ്ങളിൽ കഴമ്പുണ്ടോയെന്നും ഉണ്ടെങ്കിൽ അതിനു ഉത്തരവാദി ആരാണെന്നും പറയുക. സോളർ തട്ടിപ്പിൽ സർക്കാരിന് എന്തെങ്കിലും നഷ്ടമുണ്ടായിട്ടുണ്ടോ? തട്ടിപ്പുകമ്പനിക്കു സർക്കാർനിന്ന് എന്തെങ്കിലും കരാറുകൾ ലഭിച്ചിട്ടുണ്ടോ? തുടങ്ങിയ കാര്യങ്ങളിൽ മുഖ്യമന്ത്രി ഇതുവരെ തീരുമാനങ്ങളൊന്നും അറിയിച്ചിട്ടില്ല.
നേതാക്കൾ നിയമനടപടിക്കു വിധേയരാകാൻ ഒരുങ്ങുന്നതു സരിതയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്. കത്തിൽ പേരു പരാമർശിക്കുന്ന എല്ലാവർക്കുമെതിരെ നടപടിയെന്നാണു മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഈ കത്ത് ടേംസ് ഓഫ് റഫറൻസിൽ എവിടെ വരുമെന്നാണു പ്രതിപക്ഷത്തിന്റെ ചോദ്യം. സർക്കാരിന് ഒരു രൂപപോലും നഷ്ടമുണ്ടായിട്ടില്ലെന്നും സർക്കാർ കമ്പനിക്ക് ഒരു കരാറും നൽകിയിട്ടില്ലെന്നുമാണ് ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവരുടെ പ്രധാന വാദം.