ഹര്‍ജിക്കാരനെ ഒതുക്കാന്‍ മന്ത്രിയുടെ പരാതി
തിരുവനന്തപുരം , വ്യാഴം, 23 ഡിസംബര്‍ 2010 (13:29 IST)
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ അഴിമതിക്കേസിലെ ഹര്‍ജിക്കാരന്‍ യഹ്യക്കെതിരെ മന്ത്രി സി ദിവാകരന്‍ പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കി. തന്‍റെ വസതിയിലെത്തി അപമര്യാദയായി പെരുമാറി എന്നാണു പരാതി. അന്വേഷണത്തിനായി ഫോര്‍ട്ട് എസ് ഐയെ ചുമതലപ്പെടുത്തിയെന്നു കമ്മിഷണര്‍ അറിയിച്ചു. മന്ത്രിയുടെ പരാതിക്കെതിരെ ഹര്‍ജിക്കാരന്‍ മന്ത്രിയെ എതിര്‍ കക്ഷിയാക്കി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.മന്ത്രി നല്‍കിയ പരാതിയില്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ ഇ- ടെന്‍ഡറുമായി ബന്ധപ്പെട്ട പരാതിയുമായി തന്നെ കാണാന്‍ രണ്ടു പേര്‍ എത്തിയതായി പറയുന്നുണ്ട്. ഇതില്‍ ഒരാള്‍ മുന്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ ആണ്. കഴിഞ്ഞ 16നാണ് ഇവര്‍ തന്നെ കാണുന്നതിനായി പി എ വഴി അപ്പോയ്ന്‍റ്മെന്‍റ് എടുത്തത്. ഇവരുടെ പരാതിക്ക് ഉദ്യോഗസ്ഥര്‍ ഇ- ടെന്‍ഡറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുന്നുണ്ടെന്നു മന്ത്രി മറുപടി നല്‍കി. കൂടാതെ യഹ്യ എന്നൊരാള്‍ പരാതിയുമായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ താനാണ് യഹ്യ എന്ന് വന്നവരിലൊരാള്‍ വെളിപ്പെടുത്തി. തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചയാളോട് ഇറങ്ങിപ്പോകാന്‍ പറഞ്ഞശേഷം കമ്മിഷണര്‍ക്കു ഫോണില്‍ പരാതി നല്‍കാന്‍ പി എയെ ചുമതലപ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.സിവില്‍ സപ്ലൈസ് കരാറില്‍ അഴിമതി നടന്നുവെന്ന് യഹ്യ പരാതിപ്പെട്ടിരുന്നു. ഇത് പ്രകാരം വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികളില്ലാത്തതിനെ തുടര്‍ന്ന് ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. കൂടാതെ തന്നെ സ്വാധീനിക്കാനായി തന്നെ മന്ത്രി മൂന്നുതവണ വീട്ടില്‍ വിളിച്ചുവരുത്തിയതായി പരാതിക്കാരന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിടുത്തിയിരുന്നു. ഇതാണ് വിവാദത്തിന് വഴിയൊരുക്കിയത്.
Follow Webdunia malayalam