ഹാദിയയുടെ ചിത്രങ്ങള്‍ എടുത്ത രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തു; ആരോപണങ്ങള്‍ തെറ്റ്, വീഡിയോ എടുക്കാന്‍ അനുവാദമുണ്ടായിരുന്നുവെന്ന് രാഹുല്‍
ഹാദിയ കേസ്; രാഹുല്‍ ഈശ്വര്‍ കുടുങ്ങി
പൊലീസിന്റെ സുരക്ഷിതത്വത്തില്‍ കഴിയുന്ന ഹാദിയയുടെ വീട്ടിലെത്തി ചിത്രങ്ങളും വീഡിയോയും അനുവാദമില്ലാതെ പകര്‍ത്തി അത് സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഘപരിവാര്‍ അനുകുലനായ രാഹുല്‍ ഈശ്വറിനെതിരെ പൊലീസ് കേസെടുത്തു.
ഹാദിയയുടെ പിതാവ് അശോകനാണ് പരാതി നല്‍കിയത്. പരാതിയുല്‍ ഉന്നയിക്കുന്ന കാര്യങ്ങളിലെ നിയമവശം പരിശോധിച്ചശേഷം ഐപിസി 406 പ്രകാരം വിശ്വാസവഞ്ചനയ്ക്കാണ് കേസെടുത്തതെന്ന് വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് പറഞ്ഞു. അനുവാദമില്ലാതെയാണ് രാഹുല്‍ വീട്ടില്‍ കയറിയതെന്നും ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും അശോകന്‍ പരാതിയില്‍ പറഞ്ഞു.
അതേസമയം, അശോകന്റെ വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും എന്നിരുന്നാലും പരാതിയെ സ്വാഗതം ചെയ്യുന്നുവെന്നും രാഹുല്‍ പ്രതികരിച്ചു. ഫോട്ടോയും വീഡിയോയും പകര്‍ത്തിയത് അശോകന്റെ സാന്നിധ്യത്തിലാണെന്നും രാഹുല്‍ വ്യക്തമാക്കുന്നു.
പുറത്തുനിന്നാര്‍ക്കും പ്രവേശനമില്ലെന്നിരിക്കെയാണ് രാഹുല്‍ ഹാദിയയുടെ വീട്ടില്‍ സന്ദര്‍ശകനായി എത്തുന്നത്. രാഹുല്‍ ഹാദിയയുടെ വീട്ടില്‍ പ്രവേശിച്ച് വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചത് കോടതി വിധികളുടെ ലംഘനമാണെന്ന് അശോകന്റെ അഭിഭാഷകനും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.