Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘മിന്നല്‍പ്പിണര്‍ എന്ന വിശേഷണം ഞങ്ങള്‍ക്ക് വെളിച്ചവും എതിരാളികള്‍ക്ക് വെള്ളിടിയുമാകട്ടെ’- പിണറായിക്ക് അഭിനന്ദനമറിയിച്ച് മഞ്ചുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

കേരളത്തിന്റെ നിയുക്തമുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനമറിയിച്ച് നടി മഞ്ചുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സുരക്ഷപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടത്പക്ഷത്തിന് കഴിയണമെന്നും പ്രത്യയശാസ്ത്രപാഠശാലയായി മാറിയ ജീവിതസാഹചര്യങ്ങ

ഫേസ്ബുക്ക്
, ശനി, 21 മെയ് 2016 (19:41 IST)
കേരളത്തിന്റെ നിയുക്തമുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനമറിയിച്ച് നടി മഞ്ചുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സുരക്ഷപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടത്പക്ഷത്തിന് കഴിയണമെന്നും പ്രത്യയശാസ്ത്രപാഠശാലയായി മാറിയ ജീവിതസാഹചര്യങ്ങളില്‍ നിന്ന് വളര്‍ന്ന അങ്ങേയ്ക്ക് ഇത് നന്നായി ഉള്‍ക്കൊള്ളാനാകുമെന്ന് ഉറപ്പുണ്ടെന്നും മഞ്ചു പ്രത്യാശ പ്രകടിപ്പിച്ചു. 
 
രാജ്യത്തിന്റെ എല്ലായിടത്തുമുള്ള അരക്ഷിതബോധം ഇപ്പോള്‍ കേരളത്തിലെ സ്ത്രീകളുടെയും ഏറ്റവും വലിയ ആകുലതയാകുന്നു. ഇത്രയും കാലം നമ്മള്‍ ഉത്തരേന്ത്യയിലേക്ക് നോക്കി ആശ്വസിച്ചു, ഒന്നുംവരില്ലെന്ന് സമാധാനിച്ചു. പക്ഷേ കഴുകന് കാലദേശഭേദമില്ലെന്ന തിരിച്ചറിവ് മറ്റാരേക്കാള്‍ ഞങ്ങളെ പേടിപ്പിക്കുന്നു. ഒരുതെരുവും സുരക്ഷിതമല്ല. എന്തിന്, വീടകം പോലും അഭയമേകുന്നില്ലെന്ന് ജിഷയെന്ന പെണ്‍കുട്ടിയുടെ അനുഭവം പറഞ്ഞുതരുന്നുവെന്നും ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ ഇടത് സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും മഞ്ചു ഫേസ്ബുക്കില്‍ കുറിച്ചു. 
 
അങ്ങയുടെ ഭരണത്തിന്‍കീഴില്‍, 'ഞാന്‍ സുരക്ഷിതയാണ്' എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കേരളത്തിലെ ഓരോ സ്ത്രീക്കും കഴിയുമാറാകട്ടെ എന്ന് പ്രത്യാശിക്കുന്നു. മിന്നല്‍പ്പിണര്‍ എന്ന വിശേഷണം ഞങ്ങള്‍ക്ക് വെളിച്ചവും തക്കംപാര്‍ത്തിരിക്കുന്ന വിപത്തിന് വെള്ളിടിയുമാകുമെന്ന് വിശ്വസിക്കുന്നുവെന്നും മഞ്ചുവാര്യര്‍ കുറിച്ചു.
 
മഞ്ചുവാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
 
കേരളത്തിന്റെ നിയുക്തമുഖ്യമന്ത്രി ശ്രീ പിണറായി വിജയന് അഭിവാദ്യം, അഭിനന്ദനം. അധികാരത്തിരക്കുകളിലേക്ക് കടക്കുംമുമ്പ് അങ്ങയുടെ ശ്രദ്ധയ്ക്കായി ഒരുകാര്യം സൂചിപ്പിക്കാനാഗ്രഹിക്കുന്നു. അങ്ങേയറ്റം സാധാരണമായ, ഒരുപക്ഷേ ഏറ്റവും വലിയ പ്രത്യയശാസ്ത്രപാഠശാലയായി മാറിയ ജീവിതസാഹചര്യങ്ങളില്‍ നിന്ന് വളര്‍ന്ന, അങ്ങേയ്ക്ക് ഇത് നന്നായി ഉള്‍ക്കൊള്ളാനാകുമെന്ന് ഉറപ്പുണ്ട്. പ്രധാനതിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായി അങ്ങയുടെ മുന്നണി ഉയര്‍ത്തിക്കാട്ടിയത് വിട്ടുവീഴ്ചയില്ലാത്ത സ്ത്രീ സുരക്ഷയാണല്ലോ. ആ വാക്ക് ഇനിയുള്ള അഞ്ചുവര്‍ഷം കേരളത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയും ആശ്വാസവുമായി മാറണം.
കാരണം പകല്‍ ഇറങ്ങിനടക്കാന്‍, രാത്രി ഉറങ്ങിക്കിടക്കാന്‍ പേടിയായിരിക്കുന്നു കേരളത്തിലെ സ്ത്രീകള്‍ക്ക്. 
 
ഒറ്റയ്ക്കാകുന്ന ഒരു നിമിഷം അവര്‍ വല്ലാതെ ഭയപ്പെടുന്നു. രാജ്യത്തിന്റെ എല്ലായിടത്തുമുള്ള
അരക്ഷിതബോധം ഇപ്പോള്‍ കേരളത്തിലെ സ്ത്രീകളുടെയും ഏറ്റവും വലിയ ആകുലതയാകുന്നു. ഇത്രയും കാലം നമ്മള്‍ ഉത്തരേന്ത്യയിലേക്ക് നോക്കി ആശ്വസിച്ചു, ഒന്നുംവരില്ലെന്ന് സമാധാനിച്ചു.
പക്ഷേ കഴുകന് കാലദേശഭേദമില്ലെന്ന തിരിച്ചറിവ് മറ്റാരേക്കാള്‍ ഞങ്ങളെ പേടിപ്പിക്കുന്നു.
ഇത് ആരുടെയും കുറ്റമല്ല. കാലങ്ങളായുള്ള അപചയത്തില്‍ അത്രമേല്‍ വഴിതെറ്റിപ്പോയ സമൂഹവ്യവസ്ഥിതിയുടെ അനന്തരഫലമെന്നേ പറയാനാകൂ. പക്ഷേ അത് ഏറ്റവും ക്രൂരമായി അനുഭവിക്കേണ്ടി വരുന്നത് സ്ത്രീയാണ്. ഒരുതെരുവും സുരക്ഷിതമല്ല. എന്തിന്, വീടകം പോലും അഭയമേകുന്നില്ലെന്ന് ജിഷയെന്ന പെണ്‍കുട്ടിയുടെ അനുഭവം പറഞ്ഞുതരുന്നു. 
 
വീട്ടിനുള്ളില്‍ ഉറങ്ങാന്‍ പേടിക്കുന്ന ഒരു പെണ്‍കുട്ടിക്ക് എങ്ങനെയാണ് രാത്രിയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാനാകുക? എപ്പോള്‍വേണമെങ്കിലും കടന്നുവന്നേക്കാവുന്ന 'അയാളെ' ഭയന്ന് സ്വന്തംശരീരത്തില്‍ ക്യാമറയൊളിപ്പിച്ച് ജീവിക്കുന്ന അവസ്ഥയിലെത്തി നില്കുന്നു അങ്ങയുടെ അമ്മമാരും അനുജത്തിമാരും. 
 
അതുകൊണ്ട്, കേരളത്തിന്റെ പകലുകളും രാവുകളും പെണ്ണിന് പേടിസ്വപ്‌നമാകാതിരിക്കാനുള്ള നടപടികള്‍ക്ക് അങ്ങയുടെ സര്‍ക്കാര്‍ പ്രഥമപരിഗണന കൊടുക്കുമെന്ന് വിശ്വസിക്കുന്നു.
അങ്ങയുടെ ഭരണത്തിന്‍കീഴില്‍, 'ഞാന്‍ സുരക്ഷിതയാണ്' എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കേരളത്തിലെ ഓരോ സ്ത്രീക്കും കഴിയുമാറാകട്ടെ എന്ന് പ്രത്യാശിക്കുന്നു. മിന്നല്‍പ്പിണര്‍ എന്ന വിശേഷണം ഞങ്ങള്‍ക്ക് വെളിച്ചവും തക്കംപാര്‍ത്തിരിക്കുന്ന വിപത്തിന് വെള്ളിടിയുമാകുമെന്ന് വിശ്വസിച്ചുകൊണ്ട് ഒരിക്കല്‍ക്കൂടി ആശംസകള്‍...

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി പി കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു