Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാര്‍ഷിക സംസ്കാരത്തിന്‍റെ കുട്ടനാട്

കാര്‍ഷിക സംസ്കാരത്തിന്‍റെ കുട്ടനാട്
PROPRO
കേരളത്തിന്‍റെ കാര്‍ഷിക സംസ്കാരത്തിന്‍റെ ദര്‍ശന സൌഭാഗ്യം സമ്മാനിച്ചാണ് കുട്ടനാട് ആഗോള ടൂറിസം ഭൂപടത്തില്‍ ഇടം നേടിയത്. ലോകത്തില്‍ ഒരു പക്ഷെ സമുദ്രനിരപ്പിന് താഴെ വ്യാപകമായി കൃഷി നടക്കുന്ന ഏക പ്രദേശം എന്ന നിലയിലും കുട്ടനാട് സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

കേരളത്തിന്‍റെ നെല്ലറയായി അറിയപ്പെടുന്ന കുട്ടനാട് കേരളത്തില്‍ ഇന്നും സജീവ നെല്‍‌കൃഷി നടക്കുന്ന ചുരുക്കം പ്രദേശങ്ങളില്‍ ഒന്നാണ്. വിശാലമായ നെല്‍‌പ്പാടങ്ങളും കായല്‍ പരപ്പുകളും സമ്മാനിക്കുന്ന ഹരിത ഭംഗി തന്നെയാണ് കുട്ടനാടിന്‍റെ പ്രധാന ആകര്‍ഷണം. എന്നാല്‍ ഇതിനെക്കാളെറെ കുട്ടനാടിന്‍റെ തനത് കാര്‍ഷിക സംസ്കാരത്തെ കുറിച്ച് അറിയാനുള്ള ആകാംഷയാണ് വിദേശ വിനോദ സഞ്ചാരികളെയും വിദ്യാര്‍ത്ഥികളടങ്ങിയ പഠനയാത്രാ സംഘങ്ങളെയും കുട്ടനാട്ടില്‍ എത്തിക്കുന്നത്.

കായല്‍പരപ്പുകളെ കൃഷിയുടങ്ങളാക്കി മാറ്റിയും ഓരുവെള്ളത്തിന്‍റെ ഒഴുക്ക് തടഞ്ഞ് മണ്ണ് കൃഷി യോഗ്യമാക്കിയും പൊന്നു വിളയിക്കുന്ന കുട്ടനാടന്‍ കാര്‍ഷിക തന്ത്രങ്ങള്‍ സഞ്ചാരികള്‍ക്ക് എന്നും അത്ഭുതമാണ്. ഇതോടൊപ്പം കാര്‍ഷികവൃത്തിയുമായി ചേര്‍ന്നു നില്‍ക്കുന്ന ഇവിടത്തെ പ്രാദേശിക ഉത്സവങ്ങളും നാടന്‍ കലകളും സഞ്ചാരികള്‍ക്ക് ഹൃദ്യമായ അനുഭവമായി മാറും.

കുട്ടനാട്ടിലെ പാരമ്പരാഗത വിഭവങ്ങളും ഇവിടേയ്ക്കുള്ള യാത്രയുടെ രുചി കൂട്ടും. ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടനാട് പ്രദേശത്തെ ഫലഭൂയിഷ്ഠമാക്കുന്നത് നാല് നദികളാണ്. പമ്പ, മീനച്ചല്‍, അച്ചന്‍‌കോവില്‍, മണിമല എന്നീ നദികളാണ് കുട്ടനാട്ടിലേക്ക് ഒഴുകിയെത്തുന്നത്.

കുട്ടനാടിന്‍റെ വ്യത്യസ്തമായ ടൂറിസം സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഹോം സ്റ്റേ സംവിധാനമടക്കുള്ള ടൂറിസം പദ്ധതികള്‍ ഇവിടെ നിലവില്‍ വന്നു കഴിഞ്ഞു. ഹോം സ്റ്റേ സംവിധാനത്തിലൂടെ കുട്ടനാട്ടുകാരുടെ ആഥിത്യം സ്വീകരിച്ച ഇവിടത്തെ സംസ്കാരവും ജീവിതരീതികളും തിരിച്ചറിയുന്നതു പോലെ തന്നെ ആസ്വാദ്യകരമാണ് കുട്ടനാടന്‍ കായല്‍പ്പരപ്പിലെ ഹൌസ്ബോട്ടുകളില്‍ ഉള്ള താമസവും. വിവിധങ്ങളായ പക്ഷി വര്‍ഗങ്ങളുടെ ആവാസ ഭൂമി കൂടിയാണ് കുട്ടനാട്.

ലോകത്തില്‍ മറ്റെങ്ങും ലഭിക്കാത്ത ഇത്തരം വ്യത്യസ്ത അനുഭവങ്ങള്‍ തന്നെയാണ് കുട്ടനാടിനെ നാളുകള്‍ കഴിയും തോറും സഞ്ചാരികളുടെ പ്രീയ നാടാക്കി മാറ്റുന്നത്.

എറണാകുളത്ത് നിന്നും കോട്ടയത്ത് നിന്നും തിരുവനന്തപുരത്ത് നിന്നും റോഡ് മാര്‍ഗം കുട്ടനാട്ടില്‍ എത്തിച്ചേരാവുന്നതാണ്. ആലപ്പുഴയാണ് ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷന്‍. എണ്‍പത്തിയഞ്ച് കിലോമീറ്റര്‍ ദൂരയുള്ള നെടുമ്പാശേരിയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം.

Share this Story:

Follow Webdunia malayalam