Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങള്‍ക്കും മോഹന്‍‌ലാലും തബുവുമാകാം, ‘ആറ്റിറമ്പിലെ കൊമ്പിലേ...’ പാടാം !

നിങ്ങള്‍ക്കും മോഹന്‍‌ലാലും തബുവുമാകാം, ‘ആറ്റിറമ്പിലെ കൊമ്പിലേ...’ പാടാം !
, ചൊവ്വ, 3 നവം‌ബര്‍ 2015 (19:06 IST)
കാലാപാനിയിലെ ആ സുന്ദരമായ സോംഗ് ഓര്‍മ്മയില്ലേ? - “ആറ്റിറമ്പിലെ കൊമ്പിലേ തത്തമ്മേ കിളിത്തത്തമ്മേ...”. ഇളയരാജ ഈണമിട്ട ആ പാട്ട് ഇഷ്ടമില്ലാത്തവര്‍ ആരുണ്ട്? പ്രിയദര്‍ശന്‍ ആ ഗാനരംഗത്തിനായി സൃഷ്ടിച്ച വിഷ്വല്‍‌സിന്‍റെ ഭംഗി ഇപ്പോഴും ഓര്‍മ്മയില്‍ താലോലിക്കുന്നവരാണ് എല്ലാവരും. മോഹന്‍ലാലും തബുവും ആ ഗാനരംഗത്തില്‍ കുട്ടവഞ്ചിയില്‍ ആടിപ്പാടി പോകുന്നത് അസൂയയോടെ കണ്ടുനിന്നവരാണ് പ്രേക്ഷകര്‍.
 
അങ്ങനെ കുട്ടവഞ്ചിയിലൊന്ന് യാത്രചെയ്യാന്‍ മോഹിക്കാത്തവര്‍ ആരെങ്കിലുമുണ്ടാകുമോ? എന്നാല്‍, ആ മോഹം ഇതാ കുറഞ്ഞ ചെലവില്‍ സാധ്യമാകുന്നു. പത്തനം‌തിട്ട കോന്നിയിലെ അടവിയിലാണ് സഞ്ചാരികള്‍ക്കായി കുട്ടവഞ്ചി സംവിധാനം ഒരുക്കിയിട്ടുള്ളത്. നിങ്ങള്‍ക്ക് കുട്ടവഞ്ചിയില്‍ കയറാം, കിലോമീറ്ററോളം യാത്ര ചെയ്യാം. വനത്തിന്‍റെ ഭംഗിയും ആറിന്‍റെ ആഴവും ഒഴുക്കും ആസ്വദിക്കാം. കോന്നി ഇക്കോ ടൂറിസം പ്രൊജക്ടിന്‍റെ ഭാഗമായുള്ള കുട്ടവഞ്ചി യാത്ര അച്ചന്‍‌കോവില്‍ റിസര്‍വ് ഫോറസ്റ്റിന് നടുവിലൂടെയൊഴുകുന്ന ആറിലാണ് നടത്തുന്നത്.
 
സഞ്ചാരികള്‍ക്ക് കോന്നിയില്‍ നിന്ന് ബസ് മുഖേനെയോ സ്വകാര്യ വാഹനങ്ങള്‍ മുഖേനെയോ ഇവിടെ എത്താവുന്നതാണ്. കോന്നി ജംഗ്ഷനില്‍ നിന്ന് കോന്നി - തണ്ണിത്തോട് റോഡില്‍ മണ്ണീറയ്ക്ക് സമീപമാണ് ഈ കുട്ടവഞ്ചി സഞ്ചാരത്തിനുള്ള സൌകര്യമുള്ളത്. കോന്നിയില്‍ നിന്ന് ഏതാണ്ട് 11 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. ഞായര്‍ ഉള്‍പ്പടെ എല്ലാ ദിവസവും ഇവിടെ കുട്ടവഞ്ചി സഞ്ചാരത്തിനുള്ള സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
 
നാലുപേര്‍ക്കാണ് ഒരു കുട്ടവഞ്ചിയില്‍ സഞ്ചരിക്കാന്‍ കഴിയുക. വെള്ളത്തിന്‍റെ അളവ് കുറഞ്ഞ വേനല്‍ക്കാലത്ത് കുട്ടവഞ്ചിയാത്രയുടെ ദൈര്‍ഘ്യം കുറയ്ക്കും. 400 രൂപയാണ് ഒരു ബോട്ടിന്‍റെ ചാര്‍ജ്ജ്. രണ്ട് കിലോമീറ്റര്‍ സഞ്ചരിക്കണമെങ്കില്‍ ചാര്‍ജ്ജ് 800 രൂപയും നാലുകിലോമീറ്റര്‍ ദൂരം പോകണമെങ്കില്‍ അത് 1200 രൂപയുമായിരിക്കും. എല്ലാവരും ലൈഫ് ജാക്കറ്റ് ധരിക്കേണ്ടത് നിര്‍ബന്ധമാണ്.
webdunia
 
നിങ്ങള്‍ക്കൊപ്പം ഒരു തുഴച്ചില്‍ക്കാരനും വരും. അയാള്‍ ഒരു തുഴച്ചില്‍ക്കാരന്‍ മാത്രമായിരിക്കില്ല, ഒന്നാന്തരമൊരു ഗൈഡ് കൂടിയായിരിക്കും. ആറിന്‍റെ പ്രത്യേകതയും ആഴവും ആറിലെ മത്സ്യങ്ങളും പാമ്പുകളും എല്ലാം അയാള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തിത്തരും. മാത്രമല്ല, ഇരുവശത്തുമുള്ള കൊടും വനത്തിലെ വൃക്ഷങ്ങളേക്കുറിച്ച്, ചെടികളേക്കുറിച്ച്, ജന്തുജാലങ്ങളേക്കുറിച്ചൊക്കെ നല്ല വിശദീകരണം ലഭിക്കും. ആറിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഓരോ വൃക്ഷത്തെയും സസ്യത്തെയും പരിചയപ്പെടുത്തിത്തരും.
 
അടവിയിലെ കുട്ടവഞ്ചിയില്‍ പാട്ടും പാടി യാത്രചെയ്യാന്‍ കൊതി തോന്നുന്നില്ലേ? എങ്കില്‍ ഇപ്പോള്‍ തന്നെ ഡേറ്റ് ഫിക്സ് ചെയ്തോളൂ. അറിയൂ, കോന്നിയുടെ അനുപമ സൌന്ദര്യം.

Share this Story:

Follow Webdunia malayalam