Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിധിശേഖരം: ഭീഷണികള്‍ പലവിധം

നിധിശേഖരം: ഭീഷണികള്‍ പലവിധം
തിരുവനന്തപുരം , തിങ്കള്‍, 4 ജൂലൈ 2011 (14:24 IST)
PRO
PRO
ശ്രീപത്മനാഭസ്വാമി ക്ഷേത്രം ലോകശ്രദ്ധയാകര്‍ഷിക്കുമ്പോഴും അതോര്‍ത്ത് വിശ്വാസികള്‍ പുളകം കൊള്ളുമ്പോഴും ഒന്നു മറക്കാതിരിക്കുക. ക്ഷേത്രത്തിന്റെ സുരക്ഷാ ഭീഷണിയും അത്രകണ്ട് വര്‍ദ്ധിക്കുകയാണ്. കവര്‍ച്ചാ ശ്രമം മുതല്‍ ഭീകരാക്രമണം വരെയുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ക്ഷേത്രസുരക്ഷയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് ഈ വിലയിരുത്തല്‍ ഉണ്ടായത്. കവര്‍ച്ച, തീപിടിത്തം, ഭീകരാക്രമണം എന്നിങ്ങനെയുള്ള സാധ്യതകളില്‍ നിന്ന് ക്ഷേത്രത്തെ സംരക്ഷിക്കാന്‍ സമഗ്രപദ്ധതി തയ്യാറാക്കേണ്ടിവരും. പ്രകൃതി ദുരന്തം എന്ന സാധ്യതയ്ക്കും തുല്യപരിഗണന കല്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ മതപരമായ കാര്യങ്ങള്‍ മറികടന്നുകൊണ്ടാവരുത് ഇതൊന്നും.

തിരുവനന്തപുരം നഗരത്തില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കടല്‍ക്കരയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണ് ഇത് എന്നതും പ്രത്യേകം കണക്കിലെടുക്കേണ്ടിവരും. തൊട്ടടുത്ത് വിമാനത്താവളവും ഉണ്ട്. ഈ കാര്യങ്ങള്‍ പരിഗണിച്ചായിരിക്കണം സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതെന്നും പൊലീസ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പ്രദേശമാകെ സമഗ്രമായി പകര്‍ത്താന്‍ സാധിക്കുന്ന ക്യാമറകള്‍ സ്ഥാപിക്കുക, മെറ്റല്‍ ഡിറ്റക്ടര്‍, സ്‌കാനര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഉപഗ്രഹ നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

പോലീസ് രഹസ്യാന്വേഷണവിഭാഗം തയ്യാറാക്കിയ സുരക്ഷയുടെ കരടുരൂപം ആദ്യം ആഭ്യന്തര വകുപ്പിന് സമര്‍പ്പിക്കും. തുടര്‍ന്ന് സുപ്രീംകോടതിയുടെ അനുമതിയോടെ സ്ഥിരം സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തും.

നിധിശേഖരത്തിന്റെ ചരിത്രപരമായ പ്രാധാന്യം, പൈതൃകമൂല്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നിറം പിടിപ്പിച്ച കഥകളും പൊലിപ്പിച്ച വിവരണങ്ങളും പ്രചരിക്കുന്നത് സുരക്ഷാഭീഷണിയുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയാണെന്ന് സര്‍ക്കാരും സുരക്ഷാ വിഭാഗവും തിരിച്ചറിഞ്ഞിട്ടുണ്ട്. വൈകിട്ട് നടയടയ്ക്കും മുമ്പ് സുരക്ഷാ സംഘം ക്ഷേത്രത്തിന്റെ അകത്ത് മുഴുവന്‍ പരിശോധന നടത്തുമെന്ന് എ ഡി ജി പി അറിയിച്ചിട്ടുണ്ട്. അകത്ത് ആരെങ്കിലും ഒളിച്ചിരിക്കുന്നുണ്ടോ എന്ന് അറിയാനാണിത്. അതുപോലെ രാവിലെ നട തുറക്കുന്ന വേളയിലും സുരക്ഷാസംഘം അകം മുഴുവന്‍ പരിശോധിക്കും.

Share this Story:

Follow Webdunia malayalam