Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെല്ലിയാമ്പതി; പ്രകൃതിയുടെ മടിത്തട്ട്

നെല്ലിയാമ്പതി; പ്രകൃതിയുടെ മടിത്തട്ട്
, വെള്ളി, 23 ഒക്‌ടോബര്‍ 2009 (15:14 IST)
PRO
പാലക്കാടിന്‍റെ മാത്രമല്ല, കേരളത്തിന്‍റെ മൊത്തം സൌന്ദര്യമാണ് നെല്ലിയാമ്പതി മലനിരകള്‍. പാലക്കാട് ജില്ലയിലെ നെന്‍‌മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര നയനാനന്ദകരമാണ്. ഹെയര്‍പിന്‍ വളവുകളോട് കൂടിയ കയറ്റം കയറി ഇവിടെയെത്തുമ്പോള്‍ സ്വര്‍ഗ്ഗീയ അനുഭൂതിയാണ്. അക്ഷരാര്‍ഥത്തില്‍ കേരളത്തിന്‍റെ ഊട്ടിയാണ് നെല്ലിയാമ്പതി.

467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെ ഉയരമുള്ള കോടമഞ്ഞ് പുതച്ച മലനിരകള്‍ രാജപ്രൌഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്നത് ഇവിടെ കാണാം. മലനിരകളിലെ പച്ചപ്പിനെ മഞ്ഞുമൂടിയപ്പോള്‍ ആകാശവും ഭൂമിയും ഒന്നായപോലെയാണ് സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാകുക. കേരളത്തില്‍ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് നെല്ലിയാമ്പതി. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയില്‍ ഇത്തരത്തിലുള്ള നിരവധി സ്വകാര്യ ഓറഞ്ച് തോട്ടങ്ങള്‍ നമുക്ക് കാണാനാകും.

ബോട്ടിംഗ് സൌകര്യത്തോടുകൂടിയ പോത്തുണ്ടി ഡാം ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കുള്ള മറ്റൊരു വരദാനമാണ്. പ്രകൃതി സൌന്ദര്യം ആവോളം ആസ്വദിച്ച് ഓളപ്പരപ്പിലൂടെയുടെയുള്ള യാത്ര ഒരിക്കലും മറക്കാനാവില്ല. അനേകായിരം പക്ഷികളും വൈവിധ്യമാര്‍ന്ന പൂക്കളും ഔഷധ സസ്യങ്ങളും നെല്ലിയാമ്പതിയുടെ പ്രത്യേകതയാണ്. നെല്ലിയാമ്പതിയിലെ സീതക്കുണ്ടില്‍ നിന്നുള്ള നെല്‍‌വയലുകള്‍ പച്ചപ്പരവതാനി വിരിച്ച പാലക്കാടിന്‍റെ ശാദ്വല ഭംഗി വര്‍ണിക്കുവാന്‍ വാക്കുകള്‍ക്കാവില്ല.

പാദദിരി മലയാണ് നെല്ലിയാമ്പതിയിലെ ഏറ്റവും ഉയരമുള്ളത്. പാലകപാണ്ടി എസ്റ്റേറ്റിനടുത്തുള്ള സീതക്കുണ്ടില്‍ നിന്നുള്ള കാഴ്ചയും 100 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള വെള്ളച്ചാട്ടവും കണ്ടാലും കണ്ടാലും മതിവരില്ല. മലകളെ തഴുകി നീങ്ങുന്ന കോടമഞ്ഞിന്‍റെ നൈര്‍മല്യം സഞ്ചാരികള്‍ക്ക് സ്വര്‍ഗ്ഗീയ അനുഭൂതിയാണ് പകരുന്നത്.

വിവിധ തരത്തിലുള്ള വന്യജീവികളേയും ഇവിടെയെത്തുന്നവര്‍ക്ക് കാണാന്‍ കഴിയും. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയില്‍ വശിമധ്യേയുള്ള തേയിലത്തോട്ടങ്ങള്‍ ഭൂമിക്ക് പച്ചപ്പുതപ്പ് പോലെയാണ് അനുഭവപ്പെടുക. ഏലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഭൂമിക്ക് വശ്യതയാര്‍ന്ന മനോഹാരിത നല്‍കിയിരിക്കുന്നതും ഇവിടെ കാണാം.

പാലക്കാട് ജില്ലയിലെ നെന്‍‌മാറയില്‍ നിന്ന് 44 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നെല്ലിയാമ്പതിയുടെ മടിത്തട്ടിലെത്താം. പാലക്കാട് ആണ് തൊട്ടടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍. പാലക്കാട് നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള കോയമ്പത്തൂര്‍ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. സഞ്ചാരികള്‍ക്കായി ഒട്ടനവധി റിസോര്‍ട്ടുകളും ഇവിടെയുണ്ട്.

Share this Story:

Follow Webdunia malayalam