കടലുണ്ടിയെ പ്രശസ്തമാക്കുന്നത് ഇവിടത്തെ വശ്യതയാര്‍ന്ന പക്ഷി സങ്കേതമാണ്. സംസ്ഥാനത്ത് ദേശാടന പക്ഷികള്‍ ഇത്ര അധികം എത്തുന്ന മറ്റൊരിടമുണ്ടാവില്ല. പക്ഷി നിരീക്ഷകരേയും പ്രകൃതി സ്നേഹികളേയും കൂട്ടത്തോടെ ഇവിടം ആകര്‍ഷിക്കുന്നതിനുള്ള കാരണവും മറ്റൊന്നല്ല.
കോഴിക്കോട് പട്ടണത്തില്‍ നിന്ന് 19 കിലോമീറ്റര്‍ അകലെയും ബേപ്പൂര്‍ തുറമുഖത്തിന് ഏഴ് കിലോമീറ്റര്‍ അകലെയുമാണ് ഈ മനോഹര സ്ഥലം. കേരളത്തിലെ നൂറിലേറെ ഇനം പക്ഷികള്‍ക്ക് പുറമെ, അറുപതിലേറെയിനം ദേശാടന പക്ഷികളാണ് ഇവിടെ എത്തുന്നത്. ആംഗലേയ കവിതകളിലും കഥകളിലും പരാമര്‍ശിക്കപ്പെടുന്ന അപൂര്‍വയിനം പക്ഷികള്‍ ദേശസഞ്ചാരത്തിന്റെ ഭാഗമായി ഈ തീരത്തെത്താറുണ്ട്.
വിവിധ നിറങ്ങളിലും വലിപ്പത്തിലുമുള്ള പക്ഷികള്‍ കാഴ്ചക്കാര്‍ക്ക് അപൂര്‍വ ദൃശ്യവിരുന്നൊരുക്കുമ്പോള്‍ പ്രകൃതിയും ഏറെ അണിഞ്ഞൊരുങ്ങിയാണ് ഇവിടെ നില്‍ക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 200 മീറ്റര്‍ ഉയരത്തില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കുന്നുകള്‍ കൊണ്ട് ചുറ്റപ്പെട്ട കുറേ ദ്വീപുകളായാണ് ഈ പ്രദേശത്തിന്റെ കിടപ്പ്.
ശാന്തമായി ഒഴുകിയെത്തുന്ന കടലുണ്ടി പുഴ അറബിക്കടലിനോട് ചേരുന്ന ദൃശ്യ വിസ്മയം ഇവിടെ സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാകും. വര്‍ഷം മുഴുവന്‍ ഭേദപ്പെട്ട കാലാവസ്ഥയാണെങ്കിലും ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ഈ സ്ഥലം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. അതേസമയം മെയ് മുതല്‍ ജൂലൈ വരെയുള്ള കാലത്ത് ഇവിടെ ശക്തമായ മഴ ലഭിക്കുമെന്നതിനാല്‍ ഈ സമയം സന്ദര്‍ശനത്തിന് ഉചിതമല്ല.
പക്ഷികളാണ് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതെങ്കിലും മറ്റ് പല ജീവജാലങ്ങളെയും ഇവിടെ കാണാം. വിവിധ തരത്തിലുള്ള മല്‍സ്യങ്ങള്‍, കടലാമകള്‍, സര്‍പ്പങ്ങള്‍ തുടങ്ങിയവയെ ഇവിടെ കാണാം. വിനോദ സഞ്ചാര വകുപ്പിന്റെ പ്രത്യേക ബോട്ട് സര്‍വീസുകള്‍ ഇവിടെ ലഭ്യമാണ്.