Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാമായണക്കാറ്റുമായി ജഡായുപ്പാറ

-വിനീത് കുമാര്‍

രാമായണക്കാറ്റുമായി ജഡായുപ്പാറ
PRO
രാമകഥ നിലനില്‍ക്കുവോളം ജഡായു എന്ന പക്ഷിശ്രേഷ്ഠന്റെ ത്യാഗ കഥയും നിലനില്‍ക്കും. സീതയെ അപഹരിച്ചു ലങ്കയിലേക്ക് പോയ രാക്ഷസ രാജാവായ രാവണനെ ജഡായു തന്റെ ഭീമാകാരമായ ശരീരം കൊണ്ട് ചെറുത്ത് തോല്‍പ്പിക്കാന്‍ ശ്രമിച്ചതും അവസാനം ചന്ദ്രഹാസമേറ്റ് ചിറകുകള്‍ അരിയപ്പെട്ട നിലയില്‍ മരിച്ചു വീണതും മനസ്സില്‍ നോവുണര്‍ത്തുന്ന ഏടുകളിലൊന്നാണ്.

കൊല്ലം ജില്ലയിലെ ചടയമംഗലത്ത് തലയുയര്‍ത്തി നില്‍ക്കുന്ന ഭീമാകാരമായ ജഡായുപ്പാറ കൊട്ടാരക്കരയില്‍ നിന്ന് എം സി റോഡിലൂടെ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് സുപരിചിതമായിരിക്കും. തിരുവനന്തപുരത്തേക്ക് പോവുമ്പോള്‍ റോഡിന്റെ വലതുവശത്തായി ദൂരെ നിന്നു തന്നെ ജഡായുപ്പാറയുടെ തലയെടുപ്പ് കാണുമ്പോള്‍ നാം ആ പക്ഷി ശ്രേഷ്ഠന്റെ ത്യാഗസ്മരണകളില്‍ അറിയാതെ ആഴ്ന്നു പോയേക്കാം. കൊട്ടാരക്കരയ്ക്കും കിളിമാനൂരിനും ഇടയിലുള്ള ജഡായുപ്പാറ കൊല്ലം ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.

ജഡായു വീണ് മരിച്ചതിനാല്‍ ജഡായുമംഗലം എന്ന പേരിലാണത്രേ ഈ പാറനില്‍ക്കുന്ന സ്ഥലം അറിയപ്പെട്ടിരുന്നത്. കാലക്രമേണ ജഡായുമംഗലം ചടയമംഗലമായി മാറുകയായിരുന്നു എന്നും പഴമക്കാര്‍ പറയുന്നു.

പ്രകൃതിയുടെ തലോടല്‍, അത് ഇളം കാറ്റിലൂടെ അനുഭവിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ ജഡായുപ്പാറയിലെത്തിയാല്‍ മതിയാവും. നട്ടുച്ചയ്ക്ക് പോലും ഇളം തെന്നല്‍ വീശുന്ന ഇവിടം പ്രകൃതി സ്നേഹികള്‍ക്ക് മനോഹരമായ കാഴ്ചയാണ് ഒരുക്കിവച്ചിരിക്കുന്നത്. കൊടും വേനലില്‍ പോലും വറ്റാത്ത ഒരു കുളിരുറവയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

രാമായണവും രാമഭക്തിയുമാണ് നിങ്ങളുടെ മനസ്സിലെങ്കില്‍ അതിനായും ജഡായുപ്പാറ സന്ദര്‍ശിക്കാവുന്നതാണ്. പാറയുടെ മുകളറ്റത്ത് ചെല്ലുമ്പോഴേക്കും അവിടെയൊരു ശ്രീരാമപ്രതിഷ്ഠ കാണാനാവും. ശ്രീരാമപാദം പതിഞ്ഞു എന്ന് വിശ്വസിക്കുന്ന ഈ പാറയില്‍ ദിനം തോറും നിരവധി ഭക്തരും വിനോദ സഞ്ചാരികളും സന്ദര്‍ശനത്തിനായി എത്തുന്നു.

ജഡായുപ്പാറയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലാണ് വട്ടത്തില്‍ തങ്ങള്‍ വെള്ളച്ചാട്ടവും കോട്ടുക്കല്‍ ഗുഹാ ക്ഷേത്രവും. എന്തായാലും ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ജഡായുപ്പാറ തെരഞ്ഞെടുക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല.

Share this Story:

Follow Webdunia malayalam