Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രകൃതിയുടെ മാതകസൗന്ദര്യം വിളിച്ചോതുന്ന, നറുമണം പരത്തുന്ന എലക്കാടുകളുള്ള 'ഗവി'യിലൂടെ ഒരു യാത്ര...

ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയിലാണു ഗവി

പ്രകൃതിയുടെ മാതകസൗന്ദര്യം വിളിച്ചോതുന്ന, നറുമണം പരത്തുന്ന എലക്കാടുകളുള്ള 'ഗവി'യിലൂടെ ഒരു യാത്ര...
, ശനി, 23 ഏപ്രില്‍ 2016 (15:15 IST)
ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ജീവിക്കുന്ന നിങ്ങള്‍ക്ക്‌ ഈ നൂറ്റാണ്ടിന്റെ തിരക്കും ബഹളവും മടുത്തുവോ? കാലത്തിനു പിന്നിലൊരിടത്ത്‌, തിരക്കും പിരിമുറുക്കങ്ങളും പരിഷ്‌കാരത്തിന്റെ കടുംവര്‍ണങ്ങളുമില്ലാത്ത ഒരിടത്ത്‌, പ്രകൃതിയുടെ സ്വസ്ഥതയില്‍, ഒരിടവേള കിട്ടിയിരുന്നെങ്കില്‍ എന്നു നിങ്ങള്‍ ആഹ്രഹിക്കാറുണ്ടോ? ഒരു പക്ഷേ നിങ്ങള്‍ അന്വേഷിക്കുന്ന സ്ഥലമായിരിക്കും ഗവി. നമ്മുടെ നൂറ്റാണ്ട്‌ ഇനിയും കടന്നു ചെന്നിട്ടില്ലാത്ത സ്ഥലമാണു നമ്മുടെ നാട്ടില്‍ത്തന്നെയുള്ള ഈ ഗ്രാമം. നമ്മുടെ നാട്ടിലോ എന്ന്‌ അത്ഭുതം കൂറേണ്ട. ഇടുക്കി, പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയിലാണു ഗവി. ചുറ്റുപാടുകളിലൂടെ പാഞ്ഞുപോയ കാലം ഗവി കണ്ടില്ലെന്നു തോന്നുന്നു. കാല്‍ നൂറ്റാണ്ടിലേറെയായി മുഖ്യധാര യില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന ഈ ഗ്രാമത്തിന്‌ അതിനും വളരെ മുമ്പേ വളര്‍ച്ച അവസാനിച്ചുവെന്നുതന്നെ പറയാം.
 
ഗിരിശൃംഗങ്ങളുടെ മാതക ഭംഗി ഒരു ചിപ്പിക്കുളില്‍ എന്ന പോലെ ഒളിഞ്ഞു കിടക്കുന്ന പശ്ചിമ ഘട്ടത്തിന്റെ മാറിലൂടെയുള്ള ഒരു യാത്ര, കുന്നിനു വെള്ളി അരഞ്ഞാണം കെട്ടി എന്ന പോലെ ഒഴുകുന്ന പാലരുവികള്‍, സ്വാതന്ത്ര്യം വിളിച്ചോതുന്ന പക്ഷി മൃഗാധികള്‍, രാത്രിയാകുമ്പോഴേക്കും കോട മഞ്ഞു വീണു ഹെയര്‍ പിന്‍ ബെന്റുകള്‍ കാണാതാകും. പിന്നെ കേള്‍ക്കുന്നത് പക്ഷികളുടെ കൂടണയല്‍ ശബ്ദത്തിനൊപ്പം കേള്‍ക്കുന്ന പ്രകൃതിയുടെ താരാട്ട്. മാനും സിംഹവാലന്‍ കുരങ്ങും വരയാടും മലമുഴക്കി വേഴാമ്പലും ഇരുന്നൂറു തരം പക്ഷികളും ചിത്രശലഭങ്ങളുമെല്ലാം സഞ്ചാരിയുടെ മനസ്സിന് ചേക്കേറുവാന്‍ ഓര്‍മയുടെ തുരുത്തുകളൊരുക്കുന്നു. തേക്കടിയുടെ വന്യത ഏറ്റവും ഗാഢമായി അനുഭവിക്കാനാകുന്ന സ്ഥലങ്ങളിലൊന്നു കൂടിയാണ് ഗവി. പ്രകൃതിയുടെ മാതക സൗന്ദര്യം വിളിച്ചോതുന്ന ഗവിയിലൂടെ ഒരു യാത്ര...
 
പുല്‍മേടുകളാല്‍ സമ്പന്നമായ മൊട്ട കുന്നുകളാണ് ഗവിയെ വ്യത്യസ്തമാക്കുന്ന മറ്റൊരു കാര്യം. ഗവിയിലെ ഏറ്റവും ഉയരമേറിയ കുന്നില്‍ നിന്നും നോക്കിയാല്‍ ശബരിമല കാണാനാകും. ജീവിതത്തില്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത സസ്യ  ജന്തു വൈവിധ്യങ്ങള്‍ ഗവിയെ സന്ദര്‍ശകരുടെ പറുദീസയാക്കി മാറ്റുന്നു. കേരളത്തില്‍ ആന, കടുവ, പുലി, കരടി തുടങ്ങിയ ജൈവ വൈവിധ്യങ്ങളെ ഒരുമിച്ച് കാണാന്‍ കഴിയുന്ന അപൂര്‍വ്വം ചില വന പ്രദേശങ്ങളില ഓന്നാണ് ഗവി. 325 ല്‍ പരം പക്ഷികള്‍ ചേക്കേറുന്ന ഗവിയിലെ വന്‍ പ്രദേശങ്ങള്‍ പക്ഷി ഗവേഷകരുടെ സ്വര്‍ഗ്ഗമാണ്. തണുപ്പിന്റെ ആവാരം പുതച്ചുറങ്ങുന്ന ഒരു ഗന്ധര്‍വ സുന്ദരിയെ പോലെ മനോഹരമാണ് ഗവി. എത്ര കൊടുംവേനലിലും, അസ്തമയമാകുമ്പോള്‍ ഇവിടുത്തെ താപനില 10 ഡിഗ്രി ആയി കുറയും.
 
നറുമണം പരത്തുന്ന എലക്കാടുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത. വടക്കന്‍ മലഞ്ചെരുവുകളില്‍ കാണപ്പെടുന്ന ഈ ഏലത്തോട്ടം ആസ്വദിച്ച ശേഷം മാത്രമേ, അടുത്ത ദിക്കിലേക്ക് പോകാനാകൂ. കിലോമീറ്ററുകള്‍ നീണ്ടു   കിടക്കു വനപാതയിലൂടെയുള്ള യാത്ര ഓരോ സഞ്ചാരിക്കും തികച്ചും നവ്യാനുഭാവമായിരിക്കും. കൂട്ടം തെറ്റിയ കുട്ടികൊമ്പന്മാര്‍, അരുവിയിലെ തെളിമയാര്‍ന്ന വെള്ളം ലക്ഷ്യമാക്കി നീങ്ങുന്ന മലയാട്, നീലഗിരി താര്‍ എന്നിവ ഗവിയില്‍ മാത്രം കാണാന്‍ കിട്ടുന്ന കാഴ്ചകളാണ്. ആന സഫാരി, ട്രക്കിംഗ്, എന്നിവ സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ  ഇവിടെ കാത്തിരുപ്പുണ്ട്.
 
കാടുകയറാന്‍ ഇഷ്ടമുള്ളവര്‍ക്ക് മാത്രമേ ഈ യാത്ര ആസ്വദിക്കാനാകൂ .പത്തനം തിട്ടയില്‍ നിന്നും ഗവിയിലേക്കുള്ള 110 കിലോമീറ്റര്‍ യാത്രയുടെ ഓരോ നിമിഷവും ആസ്വാദ്യകരമാണ്. ലാഹ എസ്റ്റേറ്റ് വരെ കാണുന്ന തോട്ടങ്ങളുടെ ഭംഗിയല്ല , പിന്നീടങ്ങോട്ട്, ശാന്തമായ പ്രകൃതി ആനമൂഴി മുതല്‍ വനത്തിന്റെ നിഗൂഡതകള്‍ക്ക് മെല്ലെ  വഴിമാറും. കൊച്ചാണ്ടി ചെക്ക് പോസ്റ്റ് എത്തുന്നതോടെ നാം പൂര്‍ണ്ണമായും ഗവിയുടെ ഭാഗമായി തുടങ്ങും. നഗരത്തിന്റെ എല്ലാ വിധ മാലിന്യങ്ങളില്‍ നിന്നും തികച്ചും ഒറ്റപ്പെട്ട പ്രദേശമാണിത്. ചെറുതും വലുതുമായ പത്തോളം ഡാമുകള്‍ ഗവി യാത്രയില്‍ നമുക്ക് കാണാന്‍ കഴിയും.ഗവിക്കാര്‍ നിറംപല്ലി  എന്നു പേരിട്ടു വിളിക്കു ഗോഫര്‍ മരങ്ങളും ഗവിയുടെ പ്രത്യേകതയാണ്.
 
ഗവിയിലെ നദീ തടങ്ങളിലൂടെയുള്ള യാത്രകള്‍, ബോട്ടിംഗ്, ജംഗിള്‍ സഫാരി എന്നിവ മനോരമായ ഒരു ദിനം സമ്മാനിക്കും എന്നതില്‍ സംശയം വേണ്ട. സഞ്ചാരികള്‍ക്ക് എല്ലാ വിധ സുരക്ഷയും നല്‍കി കൊണ്ട് വനപാലകരും കൂടെ ഉണ്ട്. വനം വകുപ്പിന്റെ എക്കോ ടൂറിസം പദ്ധതിയുടെ ഭാഗമാണ് ഗവി. ശബരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച എട്ട് തടാകങ്ങളില്‍ ഒന്ന് ഗവിക്ക് സ്വന്തം. കാട് എന്ന വാക്കില്‍ നിറയുന്ന നിഗൂഡതയുടെ സൗന്ദര്യം എന്തെന്ന് അറിയണമെങ്കില്‍ ഗവിയെ അടുത്തറിയണം. 
 
ഗവിയില്‍ എത്തിയാല്‍ റേഞ്ച് ഇല്ലാത്തതിനെ തുടര്‍ന്ന് ഫോണുകള്‍ നിശ്ചലമാകും. ഗവിയില്‍ ഫോറസ്റ്റ് മാന്‍ഷനില്‍ മാത്രമാണ് താമസ സൗകര്യമുളളത്. ഇത് ബുക്ക് ചെയ്യാനുളള മൊബൈല്‍ നാലിനും അഞ്ചിനും ഇടയില്‍ മാത്രമേ ലഭിക്കൂ. അല്ലെങ്കില്‍ കോട്ടയത്തോ കുമളിയിലോ ഉളള ഫോറസ്റ്റ് റേഞ്ച്  ഓഫീസുകള്‍ വഴി വേണം ബുക്ക് ചെയ്യാന്‍. കൊല്ലം മധുര ദേശീയ പാതയില്‍ (എന്‍.എച്ച് 220) ഉള്ള വണ്ടിപ്പെരിയാര്‍ പട്ടണത്തില്‍ നിന്നും 28 കി മി തെക്ക്പടിഞ്ഞാറായിട്ടാണ് ഗവിയുടെ സ്ഥാനം. 70 കിലോമീറ്റര്‍ അകലെയുള്ള തേനിയും 120 കിലോമീറ്റര്‍ അകലെയുള്ള കോട്ടയവുമാണ് ഗവിക്ക് തൊട്ടടുത്തയുള്ള റയില്‍വേ സ്‌റെഷനുകള്‍
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam