Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൈറേഞ്ച് യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? ഇതാ കേരളത്തിലെ ചില മോഹനീയമായ പ്രദേശങ്ങള്‍!

വയനാടും മൂന്നാറും തേക്കടിയും വാഗമണുമെല്ലാമാണ് കേരളത്തിലെ ഹില്‍സ്‌റ്റേഷന്‍ റാണിമാര്‍.

ഹൈറേഞ്ച് യാത്രകള്‍ ഇഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? ഇതാ കേരളത്തിലെ ചില മോഹനീയമായ പ്രദേശങ്ങള്‍!
, ബുധന്‍, 20 ഏപ്രില്‍ 2016 (14:16 IST)
യാത്രകള്‍ ഇഷ്ടപ്പെടുന്ന പലരുടെയും ദൌര്‍ബല്യമാണ് ഹൈറേഞ്ചുകള്‍. കുളിരുള്ള ഹില്‍ സ്റ്റേഷനുകളിലേയ്ക്കുള്ള യാത്രകള്‍ പലപ്പോഴും പറഞ്ഞറിയിയ്ക്കാനാവാത്ത മനോഹാരിതയുള്ളവയായിരിക്കും. കടല്‍ത്തീരങ്ങളും തീര്‍ത്ഥാടനകേന്ദ്രങ്ങളും ചരിത്രപ്രധാനമായ നഗരങ്ങളും ഏറെയുള്ള കേരളത്തില്‍ ഹില്‍ സ്‌റ്റേഷനുകളുടെ എണ്ണം താരതമ്യേന കുറവാണ്. എന്നാല്‍ ഉള്ളവ അതിമനോഹരവും. വയനാടും മൂന്നാറും തേക്കടിയും വാഗമണുമെല്ലാമാണ് കേരളത്തിലെ ഹില്‍സ്‌റ്റേഷന്‍ റാണിമാര്‍. 
 
മൂന്നാര്‍:-
 
തദ്ദേശ വിദേശ ടൂറിസ്റ്റുകള്‍ക്കിടയില്‍ കേരളത്തിന്റെ ജനപ്രീതി വര്‍ധിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയ കേന്ദ്രമാണ് മൂന്നാര്‍. സമുദ്രനിരപ്പില്‍ നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ മൂന്നു നദികള്‍ ഇവിടെ ഒന്നിച്ചു ചേരുന്നു. വിശാലമായ തേയില തോട്ടങ്ങള്‍, കോളോണിയല്‍ പാരമ്പര്യം പേറുന്ന ബംഗ്ലാവുകള്‍, വെള്ളച്ചാട്ടങ്ങള്‍, ശീതകാലാവസ്ഥ എന്നിവയാണ് മൂന്നാറിനെ ശ്രദ്ധേയമാക്കുന്നത്. ട്രക്കിംഗിനും മലനിരകളിലെ ബൈക്ക് സഞ്ചാരത്തിനും താത്പര്യമുള്ളവരെയും മൂന്നാര്‍ നിരാശപ്പെടുത്താറില്ല.
 
മൂന്നാറിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇരവികുളം ദേശീയോദ്യാനം. വരയാടുകള്‍ എന്ന വംശനാശം നേരിടുന്ന ജീവിവര്‍ഗത്തിന്റെ സാന്നിദ്ധ്യം കൊണ്ട് ഇവിടം ലോകശ്രദ്ധ നേടുന്നു. ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ് 12 വര്‍ഷം കൂടുമ്പോള്‍ നീലക്കുറിഞ്ഞി ചെടികള്‍ പൂക്കുന്നത്. 2006ലായിരുന്നു അവസാനമായി നീലകുറിഞ്ഞി പൂത്തത്. ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലാണ് ആനമുടി. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 2700 മീറ്റര്‍ ഉയരത്തിലുള്ള ആനമുടി തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്.
 
കൂടാതെ സമുദ്രനിരപ്പില്‍ നിന്ന് 1700 മീറ്റര്‍ ഉയരത്തിലുള്ള മാട്ടുപെട്ടിയാണ് മൂന്നറിന്റെ മറ്റൊരു പ്രതേകത.ഇവിടെ ജലസംഭരണത്തിനുള്ള ചെറിയ അണക്കെട്ടും മനോഹരമായ തടാകവുമുണ്ട്. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസലും മൂന്നാറിലാണ്. തോട്ടങ്ങളുടെ നാടാണ് മൂന്നാര്‍. ഈ നാടിന്റെ പാരമ്പര്യമായ തേയിക്കൃഷിയുടെ വികാസ പരിണാമങ്ങള്‍ ദൃശ്യവല്‍ക്കരിക്കുന്ന ഒരു മ്യൂസിയം മൂന്നാറിലെ നല്ലത്താണി എസ്റ്റേറ്റിലുണ്ട്. ടാറ്റാ ടീ കമ്പനിയാണ് ഈ മ്യൂസിയം സജ്ജീകരിച്ചിരിക്കുന്നത്. തേയില ഉല്‍പാദനത്തിന്റെ കഥ വിവരിക്കുന്ന നിരവധി ഫോട്ടോകള്‍, യന്ത്രസാമഗ്രികള്‍, കൗതുക വസ്തുക്കള്‍ എന്നിവയും ഈ മ്യൂസിയത്തിലുണ്ട്.
 
വയനാട്:- 
 
സമുദ്രനിരപ്പില്‍ നിന്ന് 700 മുതല്‍ 2100 വരെ മീറ്റര്‍ ഉയരത്തിലാണ് വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍ സ്ഥിതിചെയ്യുന്നത്‍. 2132 ചതുരശ്ര കി മീ സ്ഥലത്തായി പശ്ചിമഘട്ടപ്രദേശത്ത് പരന്നു കിടക്കുന്ന വയനാട് ജില്ല ജൈവ വൈവിധ്യത്താല്‍ സമ്പന്നമാണ്. ഇന്നും ആധ്യനിക നാഗരികത കടന്നു ചെല്ലാത്ത ആദിവാസി ഗോത്രസമൂഹങ്ങള്‍ ഇവിടെ ജീവിക്കുന്നുണ്ട്. അമ്പലവയലിനു സമീപം ഇടക്കല്‍ ഗുഹയിലുള്ള ശിലാചിത്രങ്ങള്‍ ചരിത്രാതീത കാലത്തു തന്നെ സമ്പന്നമായ ഒരു സംസ്‌കൃതി ഇവിടെ നിലനിന്നിരുന്നു എന്നതിന്റെ തെളിവാണ്. ദൃശ്യചാരുതയാര്‍ന്ന കുന്നിന്‍ ചരിവുകള്‍, സുഗന്ധ വ്യഞ്ജനതോട്ടങ്ങള്‍, വനങ്ങള്‍, സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം തുടങ്ങിയവയെല്ലാം വയനാടിനെ വ്യത്യസ്തമാക്കുന്നു. ഡക്കാണ്‍ പീഢഭൂമിയുടെ തെക്കേ അഗ്രത്താണ് വയനാടിന്റെ സ്ഥാനം ഭൗമ ശാസ്ത്രജ്ഞര്‍ അടയാളപ്പെടുത്തുന്നത്.
 
സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 2100 മീറ്റര്‍ ഉയരത്തില്‍ വയനാടിനു തെക്ക് മേപ്പാടിക്കു സമീപമാണ് ചെമ്പ്ര കൊടുമുടി സ്ഥിതി ചെയ്യുന്നത്. മലകയറ്റക്കാരുടെ ശാരീരിക ക്ഷമതയെ പരീക്ഷിക്കുന്ന ചെമ്പ്ര ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ട്രക്കിംഗിനായുള്ള നിരവധി കാനന പാതകളും ഇവിടെയുണ്ട്. മറ്റൊരു പ്രധാന കാഴ്ചയാണ് മീന്‍മുട്ടി വെള്ളച്ചാട്ടം. 300 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള ഈ വെള്ളച്ചാട്ടം മൂന്നു തട്ടുകളായാണ് താഴേക്കു പതിക്കുന്നത്. വയനാട് ജില്ലയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് മീന്‍മുട്ടി.
 
അപൂര്‍വ്വമായ പക്ഷി മൃഗാദികളും ചെടികളും കൊണ്ട് നിറഞ്ഞ പക്ഷി പാതാളമാണ് മറ്റൊരു പ്രത്യേകത. സമുദ്രനിരപ്പില്‍ നിന്ന് 1700 ലധികം മീറ്റര്‍ ഉയരത്തില്‍ ബ്രഹ്മഗിരി കുന്നുകളില്‍ വനത്തിനുള്ളിലാണ് പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്. ഭീമാകാരമായ പാറകള്‍ കൊണ്ട് സമൃദ്ധമായ ഇവിടെ നിരവധി ഗുഹകളും കാണപ്പെടുന്നു. മണ്ണു കൊണ്ട് നിര്‍മ്മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ബാണാസുര സാഗറാണ് മറ്റൊറു കാഴ്ച‍. വയനാടിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗത്ത് കരലാട് തടാകത്തിനു സമീപമാണ് ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന്റെ റിസര്‍വോയറില്‍ നിരവധി ചെറുദ്വീപുകളും ഉണ്ട്. ഇവിടെ നിന്ന് ബാണാസുര സാഗര്‍ മലയിലേക്ക് ട്രക്കിംഗ് നടത്താവുന്നതാണ്. 
 
തേക്കടി:-
 
സമുദ്രനിരപ്പില്‍ നിന്ന് 900 മുതല്‍ - 1800 വരെ മീറ്റര്‍ ഉയരത്തിലാണ് തേക്കടിയും പരിസരപ്രദേശങ്ങളും സ്ഥിതി ചെയ്യുന്നത്. തേക്കടിയിലെ വനപ്രദേശങ്ങള്‍ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വന്യജീവി സങ്കേതമാണ്. ജില്ലയിലാകെ വ്യാപിച്ചുകിടക്കുന്ന തേയില തോട്ടങ്ങളും കുന്നിന്‍പുറ പട്ടണങ്ങളും കൊണ്ട് ശ്രദ്ധേയമായ ഈ പ്രദേശങ്ങള്‍ ട്രക്കിംഗില്‍ താത്പര്യമുളളവരെ ആകര്‍ഷിക്കും. 
 
ഏകദേശം 1965ഓളം പുഷ്പിക്കുന്ന സസ്യങ്ങള്‍ ഇവിടെയുണ്ട്. കാട്ടാന, മ്ലാവ്, മാന്‍, വരയാട്, തുടങ്ങിയവയ്ക്കു പുറമെ വംശനാശം നേരിടുന്ന സിംഹവാലന്‍ കുരങ്ങ് , മലയണ്ണാന്‍, കടുവ, കാട്ടുപൂച്ച, തുടങ്ങി നിരവധി ജീവികളെയും ഇവിടെ കാണാന്‍ കഴിയും. കൂടാതെ ദേശാടന പക്ഷികള്‍ ഉള്‍പ്പെടെ 265 ഇനം പക്ഷികള്‍ ഇവിടെയുണ്ട്. മരംകൊത്തി, പൊന്‍മാന്‍, വേഴാമ്പല്‍, കാട്ടുമൈന, തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും. മൂര്‍ഖന്‍, അണലി, തുടങ്ങിയവയ്ക്കു പുറമെ നിരവധി വിഷമില്ലാത്ത പാമ്പുകളും ഈ മലനിരകളിലും താഴ്‌വരകളിലുമുണ്ട്.വിവിധ തരത്തിലുള്ള തവളകളാണ് ഉഭയജീവികളുടെ പട്ടികയിലുള്ളത്. തേയില, ഏലം, കുരുമുളക്, കാപ്പി, എന്നിവ കൃഷി ചെയ്യുന്നവായാണ് ഇവിടുത്തെ തോട്ടങ്ങള്‍.
 
വാഗമണ്‍:-
 
വാഗമണ്‍ എന്ന പേരുതന്നെ ഓര്‍മ്മകളിലേയ്ക്ക് കുളിരുകോരിയിടും, നേരിട്ടുകാണാത്തവര്‍ക്കുപോലും വാഗമണ്‍ അത്രയേറെ പ്രിയങ്കരമാണ്. അത്രയ്ക്കാണ് ഈ സ്ഥലത്തിന്റെ സൗന്ദര്യം.കേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിയില്‍ കിടക്കുന്ന ഈ സ്ഥലം സംസ്ഥാനത്തെ ഒരു പ്രധാന ഹണിമൂണ്‍ ലൊക്കേഷനാണ്. പരന്നുകിടക്കുന്ന പച്ചപ്പുല്‍മേടുകളും നീലമയുള്ള മലനരികളും, പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഒഴുകിയെത്തുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ചില്ലുപോലെ നിശ്ചലമായി കിടക്കുന്ന തടാകങ്ങളുമെല്ലാം  ചേര്‍ന്ന് വാഗമണിനെ സ്വര്‍ഗീയമാക്കുന്നു. നിബിഢമായ പൈന്‍കാടുകളാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. തങ്ങള്‍ ഹില്‍, മുരുഗന്‍ ഹില്‍, കുരിശുമല എന്നിവയാണ് ഇവിടുത്തെ പ്രധാന കേന്ദ്രങ്ങള്‍. 
 
വര്‍ഷം മുഴുവന്‍ മനോഹരമായ കാലാവസ്ഥയാണ് വാഗമണിലും പരിസരങ്ങളിലും അനുഭവപ്പെടാറുള്ളത്. സഞ്ചാരികള്‍ക്ക് പലതരം വിനോദങ്ങള്‍ക്കുള്ള സാധ്യതകളാണ് വാഗമണിലുള്ളത്. പാറക്കൂട്ടക്കളില്‍ ഒരു റോക്ക് ക്ലൈംബിങ്ങാണ് ലക്ഷ്യമെങ്കില്‍ അതിനും ട്രക്കിങ്ങിനും മലകയറ്റത്തിനും പാരഗ്ലൈഡിങ്ങിനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. അനേകം ജാതി പുഷ്പങ്ങളും പക്ഷികളും സസ്യലതാദികളും ഇവിടെയുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ് വാഗമണ്‍ സ്ഥിതിചെയ്യുന്നത്. ഏഷ്യയുടെ സ്‌കോട്‌ലാന്റ് എന്നാണ് വാഗമണ്‍  അറിയപ്പെടുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam