മഹാബലിപുരം.... ചെന്നൈ നഗരത്തില്‍ കാലെടുത്തു വെച്ച ആദ്യനാള്‍ മുതല്‍ കൊതിപ്പിച്ച ദേശം. കൊളീഗന്മാരും സഹമുറിയന്മാരും മനസില്‍ വാക്കു കൊണ്ട് കൊത്തിവെച്ച മഹാബലിപുരമെന്ന പൌരാണിക ക്ഷേത്രനഗരത്തിലേക്ക് ഒടുവില്‍ ഞാനും എത്തി. കേട്ടതിനേക്കാള്‍ സുന്ദരം, കണ്ടിട്ടുള്ളതില്‍ അതിമനോഹരം. അത്ഭുതപ്പെടുത്തുന്ന കരവിരുത് കല്ലുളിയാല്‍ കൊത്തിവെച്ച മഹാചരിത്രത്തിന്റെ അടയാളങ്ങളെ നേരിട്ട് കണ്ടപ്പോള്‍ അറിയാതെ വാപൊളിച്ചു പോയി.
തമിഴ്നാടിന്റെ വരണ്ട ചരിത്രത്തില്‍ ഇടയ്ക്കിടെ ഉണ്ടായ വസന്തങ്ങളില്‍ ഒന്നിന്റെ ബാക്കിപത്രമാണ് മഹാബലിപുരം. മഹാബലിപുരത്ത് ചെന്ന് ഓട്ടോ പിടിച്ച് സ്ഥലങ്ങള്‍ കാണാന്‍ പോകരുത്. കാരണം പല സ്ഥലങ്ങളും അടുത്തടുത്തായാണ് നിലകൊള്ളുന്നത്. കാല്‍നടയായോ, സൈക്കിള്‍ വാടകയ്ക്കെടുത്തോ ചുറ്റി കാണാന്‍ സാധിക്കുന്നവയാണ് എല്ലാം. ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ കീഴില്‍ സംരക്ഷിത സ്മാരകമാണ് മഹാബലിപുരം. യുനസ്കോയുടെ ലോക പൈതൃകപദവിയുള്ള പ്രദേശം.
ഒറ്റക്കല്‍ മണ്ഡപങ്ങളും ശില്പങ്ങളും ക്ഷേത്രങ്ങളും അടങ്ങിയതാണ് മഹാബലിപുരത്തെ സ്മാരകങ്ങള്‍. പല്ലവ കലയുടെ ഉത്തമോദാഹരണം. സ്മാരകങ്ങളില്‍ ഭൂരിഭാഗവും പാറ തുരന്ന് നിര്‍മ്മിച്ചവയാണ്. പലതും ഒറ്റ പാറയാല്‍ നിര്‍മ്മിച്ചവയാണ് എന്ന് കേള്‍ക്കുമ്പോള്‍ ആശ്‌ചര്യം നമ്മെ കീഴടക്കും. വലിയ പാറ തുരന്നും കൊത്തുപണികള്‍ കൊണ്ടും അതിമനോഹരമായ കലാസൃഷ്‌ടി രൂപീകരിച്ചെടുത്ത അന്നത്തെ കലാകാരന്മാരുടെ മുന്നില്‍ മനസാ വണങ്ങി ഓരോ ശില്പങ്ങളിലും വിരലുകളോടിച്ചു.
ക്രിസ്തുവര്‍ഷം ഏഴു മുതല്‍ ഒമ്പത് നൂറ്റാണ്ടുകള്‍ വരെയുള്ള ചരിത്രമാണ് മഹാബലിപുരത്തെ ഓരോ ശില്പങ്ങളും പേറുന്നത്. ആ ചരിത്രകാലത്തെ എഴുത്ത് കൊണ്ട് എത്തിപ്പിടിക്കാനുള്ള ചെറിയ ശ്രമം മാത്രം. ക്രിസ്തു വര്‍ഷം ഏഴാം നൂറ്റാണ്ടില്‍ തെക്കന്‍ ഭാരതത്തിലെ പല്ലവ രാജവംശത്തിലെ രാജാക്കന്മാരാണ്, ഇന്ന് തമിഴ്നാടിന്റെ തലസ്ഥാനമായ ചെന്നൈ നഗരത്തിനു 60 കി.മീ തെക്കുള്ള ഈ നഗരം രൂപപ്പെടുത്തിയത്. പല്ലവരാജാവായിരുന്ന മാമല്ലന്റെ പേരിലാണ് ഈ സ്ഥലം അറിയപ്പെടുന്നത്.
സമുദ്രനിരപ്പില്‍ നിന്നും 12 മീറ്ററുകളോളം ഏതാണ്ട് 39 അടിയെങ്കിലും ഉയരത്തിലുള്ള ഈ പുരാതന നഗരം ഇന്ന് തമിഴ്നാട്ടിലെ കാഞ്ചിപുരം ജില്ലയിലാണ്. തിരുക്കടല്‍ മല്ലൈ - ഹിന്ദു ദൈവമായ വിഷ്ണുവിന്റെ ഒരു ആരാധനാലയം ആണിത്. ശില്പങ്ങളെ സംരക്ഷിക്കാനായി പല്ലവ രാജാക്കന്മാര്‍ നിര്‍മ്മിച്ചതാണ് ഈ അമ്പലം. ഗംഗന്മാരുടെ പതനം - ശിലാ ശില്പം, അര്‍ജ്ജുനന്റെ തപസ്സ് - അതി ഭീമമായ ഒരു ശില്പം, വരാഹ ഗുഹാ ക്ഷേത്രം അഥവാ മഹിഷമര്‍ദ്ദിനി ഗുഹാക്ഷേത്രം - ഏഴാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചത്, തീരക്ഷേത്രം - ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത് പടിഞ്ഞാറ് മുഖമായി നിര്‍മ്മിക്കപ്പെട്ട ഒരു ക്ഷേത്രം തുടങ്ങിയവയാണ് മഹാബലിപുരത്ത് കാഴ്ചയുടെ വിസ്മയമായി നിലകൊള്ളുന്നത്.
കൂട്ടത്തില്‍ കല്ലില്‍ കൊത്തിയ അഞ്ച് രഥങ്ങള്‍, അത് അത്ഭുതം തന്നെയാണ്. പിരമിഡ് ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങള്‍, പാണ്ഡവ ക്ഷേത്രമായി കണക്കാക്കുന്നു. എന്നാല്‍ ഇത് ഒരേ കാലത്ത് നിര്‍മ്മിച്ചതല്ലെന്നാണ് പുരാവസ്തു ഗവേഷകര്‍ പറയുന്നത്. കാരണം ഇതില്‍ പല ശില്പങ്ങളുടെയും നിര്‍മ്മാണത്തില്‍ കാലത്തിന്റെ വ്യത്യാസം കാണാമെന്നാണ് അവര്‍ പറയുന്നത്. ഒരു ചരിത്ര വിദ്യാര്‍ഥി അല്ലാത്തതിനാലും ശില്‍പ്പങ്ങളുടെ സൌന്ദര്യത്തെ കാലമനുസരിച്ച് വേര്‍തിരിക്കാന്‍ ആഗ്രഹിക്കാത്തതിനാലും അക്കാര്യമൊക്കെ ഒരു ചെവിയില്‍ നിന്ന് മറുചെവിയിലൂടെ പുറത്തു കളഞ്ഞു. എങ്കിലും ക്ഷേത്രം ഹൃദയഹാരിയാണ്.
അഞ്ചു രഥങ്ങളും കാഴ്ചയില്‍ വ്യത്യാസമാണെങ്കിലും എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. ഏറ്റവും വലിയ രഥം പാണ്ഡവരില്‍ വല്യേട്ടനായ യുധിഷ്ഠിരനുള്ളതാണ്. നകുലനും സഹദേവനും ഒറ്റ രഥമാണുള്ളത്. എന്നാല്‍ പാഞ്ചാലിക്ക് ചെറിയ രഥമാണുള്ളത്. അക്കാര്യത്തില്‍ മാത്രമാണ് ശില്‍പ്പികളോട് കുറുമ്പ് തോന്നിയത്. എന്നാലോ കാണാന്‍ ഏറെ കൊത്തുപണികള്‍ കൊണ്ട് പാഞ്ചാലിയുടെ രഥത്തിനെ സമ്പുഷ്‌ടമാക്കിയിട്ടുണ്ട്. എല്ലാത്തിനും കാവല്‍ നില്‍ക്കുന്ന നന്ദികേശനും മൃഗരാജാവായ സിംഹവും.
കടലിന് അഭിമുഖമായി മൂന്ന് ക്ഷേത്രങ്ങളാണ് മഹാബലിപുരത്ത് ഉള്ളത്. രണ്ട് ശിവക്ഷേത്രവും ഒരു വിഷ്ണു ക്ഷേത്രവും. മൂന്ന് ക്ഷേത്രങ്ങളുടെയും പ്രത്യേകത എന്തെന്നാല്‍ കടലില്‍ നിന്ന് ഉയര്‍ന്നു പൊങ്ങുന്ന സൂര്യന്റെ ആദ്യകിരണങ്ങള്‍ ഈ ക്ഷേത്രത്തിന്റെ മുഖദാവില്‍ ആദ്യം പതിച്ചിരിക്കും എന്നതാണ്. ആധുനിക ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ഥികള്‍ക്കായുള്ള തുറന്ന പുസ്തകമാണ് മഹാബലിപുരത്തേ ഓരോ നിര്‍മ്മാണങ്ങളും. കടല്‍ക്കാറ്റും മഴയും വെയിലും കൊണ്ടിട്ടും കാലങ്ങള്‍ വളരെ വേഗം ഒടിമറഞ്ഞിട്ടൂം ഇതിലെ ശില്പകലകള്‍ക്ക് ഇന്നും അധികം കോട്ടം സംഭവിച്ചിട്ടില്ല എന്ന് കേട്ടാല്‍ അത്ഭുതം തോന്നും. കാരണം ഓരോ ശില്‍പ്പങ്ങളിലും അതി സൂക്ഷ്മമായി മഴച്ചാലുകള്‍ സൃഷ്ടിച്ച് കാലപ്രയാണത്തില്‍ നിന്ന് അവയെ നമ്മുടെ പൂര്‍വ്വികര്‍ കാത്തു സൂക്ഷിച്ചിരിക്കുന്നു.
മലയടിവാരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഗണേശ മണ്ഡപമാണ് മറ്റൊരത്ഭുതം. മണ്ഡപത്തില്‍ കൊത്തിവച്ചിരിക്കുന്ന ആനയാണ് ഇതിന്റെ മുഖമുദ്ര. ദേവന്മാര്‍ മാത്രമല്ല, ഇതിഹാസ പുരുഷന്മാര്‍, മഹാബലിപുരത്തിന്റെ ജീവിതങ്ങളും കല്ലില്‍ തെളിമയോടെ നിറഞ്ഞു നില്‍ക്കുന്നു. ഏഴാം നൂറ്റാണ്ടു മുതല്‍ ഒമ്പതാം നൂറ്റാണ്ടു വരെയുള്ള ദ്രാവിഡസംസ്കൃതിയുടെ മുന്നേറ്റമാണ് ഇവിടുത്തെ ഒരോ കല്ലിലും കൊത്തി വെച്ചിരിക്കുന്നത്. അന്നത്തെ കലാകാരന്മാര്‍ തങ്ങള്‍ക്ക് ലഭിച്ച കലയെ എത്ര ആത്മാര്‍ഥതയോടെ സ്നേഹിച്ചിരുന്നു എന്നതിന്റെ തെളിവാണ് മഹാബലിപുരം. ആധുനിക യന്ത്ര, ആര്‍ക്കിടെക്ചര്‍ വിദ്യകള്‍ പ്രചാരത്തില്‍ ഇരുന്നിട്ടും ഇന്നുണ്ടാക്കുന്ന ഒരൊറ്റ ശില്‍പ്പങ്ങള്‍ക്കും മഹാബലിപുരത്തെ ശില്‍പ്പങ്ങളൊട് കിട പിടിക്കില്ല.
എങ്കിലും ഒരു കാര്യം ഉറപ്പ്, മഹാബലിപുരം ഒരു ക്ഷേത്ര നഗരമല്ല, മറിച്ച് ഒരു കലാകേന്ദ്രമായിരിക്കണം. അല്ലായിരുന്നു എങ്കില്‍ ഇത്രയധികം കലാസൃഷ്‌ടികള്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല. ഏഴാം നൂറ്റാണ്ടില്‍ തെക്കന്‍ ഭാരതത്തിലെ പല്ലവ രാജവംശത്തിലെ രാജാക്കന്മാരാണ് മഹാബലിപുരത്തിന്റെ അടിസ്ഥാനമായി നിന്നവര്‍. അന്നവര്‍ കല്ലുളികള്‍ കൊണ്ട് ചരിത്രം കോറിയിട്ടതു കൊണ്ട് ഇന്ന് നമുക്ക് ആ ചരിത്രത്തെ ഇങ്ങനെ കാണാനൊക്കുന്നു. ചെന്നൈ സെന്‍ട്രലില്‍ നിന്ന് ട്രയിന്‍ മാര്‍ഗമോ, ബസ് മാര്‍ഗമോ നമുക്ക് മഹാബലിപുരത്തെത്താം. ട്രയിനിലാണെങ്കില്‍ മഹാബലിപുരത്തിന് ഏറ്റവും അടുത്ത സ്റ്റേഷനായ ചെങ്കല്‍പേട്ട് ഇറങ്ങി ബസ് മാര്‍ഗം എത്താം. അല്ലേങ്കില്‍ ബസ് മാര്‍ഗം ദീര്‍ഘദൂരം സഞ്ചരിക്കേണ്ടതായി വരും. ചെന്നൈ നഗരത്തില്‍ നിന്ന് 54 കിലോമീറ്ററെങ്കിലും സഞ്ചരിക്കേണ്ടതായുണ്ട്.