വരൂ...തുഞ്ചന്റേയും പൂന്താനത്തിന്റേയും മോയിൻകുട്ടി വൈദ്യരുടേയും ഓര്‍മ്മകളുറങ്ങുന്ന മണ്ണിലൂടെ ഒരു യാത്ര പോകാം!
മലയും കുന്നും ഉള്ളതുകൊണ്ടാണ് മലപ്പുറം ജില്ലയ്ക്ക് ഈ പേര് ലഭിക്കാന്‍ കാരണമെന്ന് പറയുന്നു
മലയും കുന്നും ഉള്ളതുകൊണ്ടാണ് മലപ്പുറം ജില്ലയ്ക്ക് ഈ പേര് ലഭിക്കാന്‍ കാരണമെന്ന് പറയുന്നു. മലബാര്‍ കലാപത്തിലെ വാഗണ്‍ ട്രാജഡിയെ ഓര്‍മ്മിപ്പിക്കുന്ന തിരൂരിലെ സ്മാരകം, കേരളത്തിലെ മെക്ക എന്നറിയപ്പെടുന്ന പൊന്നാനി, ലോകത്ത് ഏറ്റവും വലിയ തേക്കുമരങ്ങളുള്ള നിലമ്പൂരും അവിടത്തെ തേക്ക് മ്യൂസിയവും, പ്രസിദ്ധ ആയുര്‍വേദ ചികിത്സാകേന്ദ്രമായ കോട്ടയ്ക്കല്‍ ആര്യ വൈദ്യശാല, മലയാളഭാഷയുടെ പിതാവായ എഴുത്തച്ഛന്റെ ജന്മസ്ഥല്‍മായ തുഞ്ചന്‍ പറമ്പ്, പൂന്താനത്തിന്റെ ഇല്ലമായ പെരിന്തല്‍മണ്ണയ്ക്കടുത്തുള്ള കീഴാറ്റൂര്‍, മാപ്പിള കവിയായ മോയിൻകുട്ടി വൈദ്യരുടേയും ചാക്കീരി മൊയ്തീന്റേയും കര്‍മ്മഭൂമി, മാമാങ്കം നടന്നിരുന്ന തിരുനാവായ് തുടങ്ങിയവയെല്ലാം മലപ്പുറത്താണ്.
തൃക്കാവൂര്‍ ക്ഷേത്രം, കേരളാധീശ്വരം ക്ഷേത്രം, കുന്നത്തുകാവ് ക്ഷേത്രം, തിരുമാന്ധാക്കുന്ന് ഭഗവതിക്ഷേത്രം, ചമ്രവട്ടം അയ്യപ്പക്ഷേത്രം, തിരൂരിലെ ശിവക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം തുടങ്ങിയ പ്രധാനക്ഷേത്രങ്ങളും, മലപ്പുറം നേര്‍ച്ച, കൊണ്ടോട്ടി നേര്‍ച്ച, നിലമ്പൂര്‍ പാട്ടുത്സവം, തിരുവാന്ധകുന്നുപുരം, മമ്പ്രം നേര്‍ച്ച തുടങ്ങിയവ ജില്ലയിലെ വലിയ ഉത്സവങ്ങളാണ്. ഇംഗ്ലീഷുകാര്‍ക്ക് എതിരേ വയനാട്ടില്‍ പഴശ്ശിരാജ ഇംഗ്ലീഷുകാര്‍ക്ക് എതിരെ നടത്തിയ പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ സഹായം ലഭിച്ചത് മലപ്പുറം ജില്ലയുടെ ഭാഗങ്ങളില്‍ നിന്നാണ്. പഴശ്ശിയുടെ സഹായിയായി മാറിയ അത്തന്‍ കുരുക്കളുടേയും ചെമ്പന്‍ പോക്കറുടേയും എല്ലാം ചരിത്രത്തിന് മറക്കാന്‍ സാധിക്കാത്ത വസ്തുതകളാണ്‍.
മലയാളഭാഷ യുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ ജന്മദേശമാണ് തിരൂര്‍. തിരൂര്‍ തുഞ്ചന്‍ പറമ്പ് ഈ അര്‍ഥത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. വാഗണ്‍ ട്രാജഡി സമ്ഭവിച്ച സ്ഥലവും തിരൂര്‍ തന്നെയാണ്. തിരൂരില്‍ നിന്നും ഏതാനും കിലോമീറ്ററുകള്ക്കപ്പുറത്താണു ചരിത്ര പ്രസിദ്ധമായ മാമാങ്കം നടന്ന നിളാ തീരത്തെ തിരുനാവായ. വാവുബലിക്കും മറ്റും പതിനായിരങ്ങളെത്തുന്നതും ഇവിടെത്തന്നെയാണ്. തൃക്കണ്ടിയൂര്‍ ക്ഷേത്രത്തിലെ വാവുത്സവം, കല്ലിങ്ങല്‍ നേര്‍ച്ച, കാളപൂട്ട്, തുഞ്ചന്‍ പറമ്പിലെ ദശമി ആഘോഷം എന്നിവ തിരൂരിലെ പ്രധാന ആഘോഷങ്ങളാണ്. കളരിപ്പയറ്റ്, പരിചമുട്ടുകളി, കോല്‍ക്കളി, ദഫ്മുട്ട്, താലംകളി എന്നിവക്കും പ്രസിദ്ധമാണ് തിരൂര്‍.
ആയുര്‍വേദതിന്റെ നാട് എന്നറിയപ്പെടുന്ന കോട്ടക്കല്‍ മലപ്പുറം ജില്ലയിലെ പ്രധാന പട്ടണമാണ്.വൈദ്യരത്നം പി എസ് വാര്യര്‍ സ്ഥാപിച്ച പ്രശസ്തമായ കോട്ടക്കല്‍ ആര്യ വൈദ്യശാല ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ആര്യവൈദ്യശാലയുടെ പ്രശസ്തി തന്നെയാണ് ഈ ഗ്രാമത്തെ വിശ്വപ്രശസ്തമാക്കിയത്. ആയുര്‍ വേദത്തിനു പുറമെ, ഗൃഹസാമഗ്രികളുടെ വ്യവസായം കൊണ്ടും ഇവിടം പ്രശസ്തമാണ്. മാര്‍ച്ച്-ഏപ്രില്‍ മാസത്തില്‍ നടക്കുന്ന കോട്ടക്കല്‍ പൂരവും വളരെ പ്രശസ്തമാണ്‍. വിശ്വംബരക്ഷേത്രം, വെങ്കിടത്തേവര്‍ ശിവക്ഷേത്രം, ഇന്ത്യനൂര്‍ മഹാഗണപതി ക്ഷേത്രം, പാലപ്പുറ ജുമാമസ്ജിദ്, പാലത്തറ ജുമാമസ്ജിദ്, സെന്റ് ജോര്‍ജ് സിറിയന്‍ പള്ളി, ആതുരമാത പള്ളി എന്നിവയാണ് പ്രധാന ദേവാലയങ്ങള്‍.
ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് പൊന്നാനി. അറബിക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യന്നത്. മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖവും പൊന്നാനിയിലാണ്. പൊന്നാനിയിലെ വലിയ ജമാഅത്ത് പള്ളി വാസ്തുശില്പമാതൃക കൊണ്ടും മതപഠനകേന്ദ്രം എന്ന നിലയിലും ശ്രദ്ധേയമാണ്. തൃക്കാവിലെ ക്ഷേത്രവും,കണ്ടകുറമ്പകാവ്, ഓം ത്രിക്കാവ് തുടങ്ങി ഇവിടത്തെ ക്ഷേത്രങ്ങളും പ്രശസ്തമാണ്. ഇവിടുത്തെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ബീയ്യം കായല്‍. കായൽ തീരത്തുള്ള വിശ്രമ കേന്ദ്രം വിനോദ സഞ്ചാരികൾക്കു സുഖകരമായ താമസമൊരുക്കുന്നു. മാറഞ്ചേരിയെയും പൊന്നാനി നഗരസഭയെയും ബന്ധിപ്പിക്കുന്ന ബിയ്യം കായലിന് കുറുകെയുള്ള തൂക്കുപാലം, ബോട്ടിങ് സൗകര്യം ഇവയെല്ലാം ഇവിടുത്തെ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
വളഞ്ഞ് പുളഞ്ഞൊഴുകുന്ന ചാലിയാറിന്റെ ശീതളിമ ഹൃദ്യമായ കാഴ്ചാനുഭവം തന്നെയാണ്. ചാലിയാറിന്റെ കരയിലുള്ള ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന പട്ടണമാണ് നിലമ്പൂര്‍. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിന്‍തോട്ടം സ്ഥിതി ചെയ്യുന്ന പട്ടണമെന്ന നിലയിലാണ് നിലമ്പൂര്‍ ശ്രദ്ധേയമാകുന്നത്. ലോകത്തിലെ ആദ്യത്തെ തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന് കീഴിലാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. തേക്കുകളുമായി ബന്ധപ്പെട്ട സര്‍വവും മ്യൂസിയത്തില്‍ നിന്ന് മനസ്സിലാക്കാം. കൂടാതെ തേക്കു കൊണ്ട് തീര്‍ത്ത ശില്പങ്ങളും ഇവിടെയുള്ള മറ്റൊരു കാഴ്ചയാണ്. നിലമ്പൂരിന് സമീപം കുറുമ്പലകോട്ടാണ് ആഢ്യന്‍ പാറ വെള്ളച്ചാട്ടം.വെള്ളച്ചാട്ടത്തിന് ഏകദേശം 300 അടിയോളം ഉയരമുണ്ട്. നിത്യഹരിത വനങ്ങളില്‍ നിന്ന് ഉത്ഭവിക്കുന്നതും , വേനല്‍ കാലത്ത് പോലും വറ്റാത്തതുമായ കാഞ്ഞിരപ്പുഴയിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
കടലുണ്ടി പുഴ അറബിക്കടലിനോട് ചേരുന്നിടത്തുള്ള മനോഹരമായ ചെറു ദ്വീപുകളിലാണ് ജില്ലയിലെ ഏറ്റവും വലിയ പക്ഷികേന്ദ്രം. ബോട്ടില്‍ ദ്വീപുകള്‍ക്ക് സമീപം സഞ്ചരിച്ച് പക്ഷികളെ നിരീക്ഷിക്കാം. നീലപൊന്‍മാന്‍, മലബാര്‍ മലമുഴക്കി വേഴാമ്പല്‍ തുടങ്ങി ഒട്ടനവധി പക്ഷികളെ ഈ സങ്കേതത്തില്‍ കാണാന്‍ സാധിക്കും. വള്ളിക്കുന്ന് പഞ്ചായത്തിലെ കടലുണ്ടി നഗരത്തിൽ സ്ഥിതി ചെയ്യുന്ന പക്ഷി സങ്കേതമാണു് കടലുണ്ടി പക്ഷിസങ്കേതം. ഈ പക്ഷിസങ്കേതം കടലുണ്ടിപ്പുഴ ലയിക്കുന്ന ഭാഗത്ത് ചെറിയ തുരുത്തുകളിലായി പരന്നുകിടക്കുന്നു.
ജില്ലയില്‍ പെരിന്തല്‍മണ്ണക്ക് സമീപമാണ് കൊടികുത്തിമല സ്ഥിതി ചെയ്യുന്നത്. സഞ്ചാരികള്‍ക്ക് പ്രകൃതി കനിഞ്ഞരുളിയ സുന്ദര താവളമാണിവിടം. സമുദ്രനിരപ്പില്‍ നിന്ന് 522 മീറ്റര്‍ ഉയരമുള്ള പ്രദേശമെന്നതാണ് കൊടികുത്തി മലയുടെ പ്രത്യേകത. കൊടികുത്തി മലയുടെ മുകളില്‍ നിന്നാല്‍ മലപ്പുറത്തിന്‍്റെയും പ്രത്യേകിച്ച് പെരിന്തല്‍മണ്ണയുടെയും പ്രകൃതിരമണീയത ആസ്വദിക്കാം.
മലപ്പുറം ജില്ലയിലെ പ്രധാന വനപ്രദേശവും വിനോദസഞ്ചാരകേന്ദ്രവുമാണ് നെടുങ്കയം. വെള്ളക്കാരുടെ കാലത്ത് നിര്‍മിച്ച മനോഹരമായ ഒരു വിശ്രമകേന്ദ്രമാണ് ഇവിടത്തെ പ്രധാന ആകര്‍ഷകമാണ്. നെടുങ്കയത്തെ മഴക്കാടുകളില്‍ വന്യമൃഗങ്ങളായ ആന, മുയല്‍, മാന്‍ തുടങ്ങിയവയുടെ വാസകേന്ദ്രമാണ്. ഈ നിബിഡവനങ്ങളിലാണ് ചോലനായ്ക്കര്‍ എന്ന ആദിവാസി വിഭാഗം അധിവസിക്കുന്നത്. നിത്യഹരിത വനപ്രദേശങ്ങളും, തേക്കിന്‍ തോട്ടങ്ങളും പുഴകളും നെടുങ്കയത്തെ ആകര്‍ഷകമാകുന്ന വിഭവങ്ങളാണ്. ഇങ്ങനെയുള്ള പല പ്രത്യേകതകളും പ്രകൃതി കനിഞ്ഞു നല്‍കിയ സുന്ദരമായ പ്രദേശമാണ് മലപ്പുറം.