Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉയിരേ.... ഉയിരേ....

ഉയിരേ.... ഉയിരേ....
, ശനി, 3 ഒക്‌ടോബര്‍ 2015 (16:31 IST)
ബോംബെ എന്ന ചിത്രത്തിലെ ‘ഉയിരേ’ എന്ന ഗാനം ശ്രദ്ധിച്ചാല്‍ മനസ്സിലാകും കാസര്‍കോട്ടെ ബേക്കലിന്‍റെ മനോഹാരിത. കടല്‍ത്തീരത്തോട് ചേര്‍ന്നു കിടക്കുന്ന ചരിത്ര പ്രസിദ്ധമായ കോട്ടയില്‍ കയറി നിന്നാല്‍ കടലിന്‍റെ വിശാലമായ ദൃശ്യം തരുന്ന നയനാന്ദം മറ്റെങ്ങുനിന്നും കിട്ടില്ല. ചരിത്രവും പ്രകൃതിയും ഒത്തു ചേരുന്നിടമാണ് ബേക്കല്‍. കേരള വിനോദ സഞ്ചാര രംഗത്ത് ഏറ്റവും അവിസ്മരണീയമായ കാഴ്ചകളില്‍ ഒന്ന് ഈ കടല്‍ത്തീരം നല്‍കുന്നു. 
 
കേരളത്തിന്‍റെ ഏറ്റവും വടക്കന്‍ ജില്ലയായ കാസര്‍കോട്ടാണ് ബേക്കല്‍. കാസര്‍കോഡു നിന്നും 14 കിലോമീറ്റര്‍ പടിഞ്ഞാറു മാറി കടല്‍തീരത്തായി കോട്ട സ്ഥിതിചെയ്യുന്നു. സുഖകരമായ കാലാവസ്ഥയും നീണ്ടു കിടക്കുന്ന മണല്‍പ്പരപ്പും തിരമാലകളുടെ താളവും സന്തോഷവും ഉണര്‍വ്വും സഞ്ചാരികള്‍ക്ക് പ്രദാനം ചെയ്യുന്നു. കണ്ണെത്താദൂരം നീണ്ടു കിടക്കുന്ന തെങ്ങിന്‍തോട്ടവും മായിക കാഴ്ച തന്നെയാണ്. 
 
ബേക്കല്‍ ബീച്ചിനോട് ചേര്‍ന്നാണ് ബേക്കല്‍ കോട്ട. കേരളത്തിലെ ചരിത്രത്തിന്‍റെ ശേഷിപ്പുകള്‍ വിളിച്ചോതുന്നതായതിനാല്‍ കേടുകൂടാതെ ഇപ്പോഴും സൂക്ഷിക്കുന്നു. 35 ഏക്കറുകളിലായി പരന്നുകിടക്കുന്ന കോട്ടയുടെ പടിഞ്ഞാറന്‍ അതിര് കടല്‍ത്തീരത്താണ് അവസാനിക്കുന്നത്. തെങ്ങോലകളുടെ പച്ചപ്പും കടലിന്‍റെ നീലിമയും തിരകളുടെ വെണ്‍‌മയും പ്രകൃതി അസുലഭ വര്‍ണ്ണക്കൂട്ടിനാല്‍ ഭംഗിയാക്കിയിരിക്കുന്നു. അതിനേക്കാള്‍ ഉപരിയാണ് കോട്ട നല്‍കുന്ന കടല്‍ക്കാഴ്ച. ബേക്കല്‍ കടല്‍തീരം നല്‍കുന്ന മനോഹര കാഴ്ചകളില്‍ സൂര്യാസ്തമനവും പെടുന്നു.
 
ബലവത്തായ കല്ലുകള്‍ കൊണ്ടാണ് കോട്ട നിര്‍മ്മിച്ചിരിക്കുന്നത്. കോട്ട സ്ഥിതി ചെയ്യുന്ന കുന്നിന്‍റെ ചരിവ് കടലിലേക്കാണ്. കോട്ടയുടെ ഒരോ ഭാഗത്തെ കിളിവാതിലുകള്‍ കടലിലൂടെ വരുന്ന വ്യാപാരക്കപ്പലുകളെ കാണാനാകുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. കടല്‍ക്കൊള്ളക്കാര്‍, ശത്രുക്കള്‍ എന്നിവരില്‍ നിന്നും കോട്ടയെ കിളിവാതിലുകളില്‍ ഉറപ്പിച്ചിരുന്ന തോക്കുകളാല്‍ സംരക്ഷിച്ചിരുന്നു. കോട്ടയ്‌ക്ക് സമീപത്തായി ടിപ്പു സുല്‍ത്താന്‍ പണി കഴിപ്പിച്ച ഒരു മോസ്ക്ക് ചരിത്രത്തോടൊപ്പം വിവിധ മതസംസ്കാരത്തിന്‍റെ പ്രതിഫലനം കൂടിയാണ്. 
 
ഏറ്റവും അടുത്ത വിമാനത്താവളം കര്‍ണ്ണാടകയുടെ മാംഗ്ലൂരിലാണ്. 50 കിലോമീറ്റര്‍ അകലെ. കേരളത്തിന്‍റെ ഏതു ഭാഗത്തു നിന്നും കാസര്‍ഗോഡ് എത്തിച്ചേരാന്‍ ട്രയിന്‍, ബസ് ഗതാഗത സൌകര്യങ്ങളുമുണ്ട്. ഓഗസ്റ്റ്, സെപ്തംബറാണ് സന്ദര്‍ശിക്കാന്‍ പറ്റിയ സമയം. ബീച്ചിനോട് സമീപത്ത് താമസ സൌകര്യത്തിനായി ധാരാളം ലോഡ്ജുകളുണ്ട്.

Share this Story:

Follow Webdunia malayalam