ഋഷി പരമ്പരയുടെ തിരു ശേഷിപ്പുകളായി പലതും കാലം കാത്തുവച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ മറയൂരിലുള്ള മുനിയറകള്‍ അതിന്‍റെ ഒരു ദൃഷ്ടാന്തം മാത്രമാണ്. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട താഴ്വരയില്‍ അവിടവിടെയായി ഇളം കാറ്റിന്‍റെ തലോടലേറ്റ് നില്‍ക്കുന്ന ഈ ശിലാ നിര്‍മ്മിതികളില്‍ നിന്ന് ഇപ്പൊഴും ഓങ്കാര നാദത്തിന്‍റെ അലയൊലികള്‍ ശ്രവിക്കാം.സഹ്യപര്‍വ്വതത്തിന്‍റെ താഴ്വരയില്‍ തപസ്സുചെയ്യാനായി ഋഷിമാര്‍ നിര്‍മ്മിച്ചവയെന്ന് കരുതപ്പെട്ടുപോരുന്ന ഈ ശിലാ നിര്‍മ്മിതികള്‍ ആധുനിക യുഗത്തിലും വിനോദ സഞ്ചാരികള്‍ക്ക് ഒരു ആകര്‍ഷണമാണ്. 4000 മുതല്‍ 5000 വര്‍ഷങ്ങള്‍ വരെ പഴക്കമവകാശപ്പെടുന്ന ഇത്തരം മുനിയറകള്‍ നവീനശിലായുഗകാലത്ത് നിര്‍മ്മിച്ചവയാണെന്നാണ് കരുതപ്പെടുന്നത്. എങ്കിലും ഇവയുടെ ഉത്‌ഭവത്തെ സംബന്ധിച്ച് ശാസ്ത്രീയമായ വ്യക്തതയില്ല. |
ഇളം കാറ്റിന്‍റെ തലോടലേറ്റ് നില്‍ക്കുന്ന ഈ ശിലാ നിര്‍മ്മിതികളില്‍ നിന്ന് ഇപ്പൊഴും ഓങ്കാര നാദത്തിന്‍റെ അലയൊലികള്‍ ശ്രവിക്കാം |
|
|
പ്രധാനമായും നാല് പരന്ന പാറക്കല്ലുകള്‍കൊണ്ടാണ് ഇതിന്‍റെ നിര്‍മ്മിതി. മൂന്ന് പാറകള്‍ ചുറ്റിലും ഒരു പാറ മുകളിലുമായാണ് മുനിയറകള്‍ ക്രമീകരിക്കുന്നത്. മുന്‍വശത്ത് ഒരു ചെറിയ വിടവുണ്ടാകും. തപസ്സിനിടയില്‍ കാട്ടു മൃഗങ്ങളുടെ ശല്യമുണ്ടാവാതിരിക്കാനാവും ഋഷിമാര്‍ ഇത്തരത്തില്‍ അറകള്‍ സൃഷ്ടിച്ചിരുന്നത്. ശിലായുഗത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തുന്നവര്‍ക്ക് എന്നും അത്‌ഭുതമായി നില്‍ക്കുന്നു ഈ സ്മാരകങ്ങള്‍.
1976-ല്‍ കേരളസംസ്ഥാന പുരാവസ്‌തുവകുപ്പ് മറയൂര്‍ മുനിയറകളെ സംരക്ഷിതസ്‌മാരകങ്ങളായി പ്രഖ്യാപിച്ചു. എങ്കിലും പലപ്പോഴും ഈ പ്രഖ്യാപനം കടലാസില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. ദേശീയ സ്മാരകമായി ചരിത്ര സ്മാരകങ്ങളെ സംരക്ഷിക്കാന്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശ നല്‍കിയിട്ടുണ്ടെങ്കിലും വേണ്ടത്ര നീക്കങ്ങളോ നടപടികളോ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
കേരളത്തിനു പുറമേ അയര്‍ലന്‍റ്, നെതര്‍ലന്‍റ്, ഫ്രാന്‍സ്, റഷ്യ, കൊറിയ, സ്പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇത്തരം ശിലാനിര്‍മ്മിതികള്‍ കണ്ടെത്തിയിട്ടുണ്ട്.