Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിന്‌ ലണ്ടന്‍ പത്രത്തിന്‍റെ പ്രശംസ!

കേരളത്തിന്‌ ലണ്ടന്‍ പത്രത്തിന്‍റെ പ്രശംസ!
, ബുധന്‍, 8 സെപ്‌റ്റംബര്‍ 2010 (16:52 IST)
PRO
ഇന്ത്യയിലെ ഹോം സ്റ്റേ ശൃംഖലയെക്കുറിച്ച് പ്രമുഖ ബ്രിട്ടീഷ് ദിനപ്പത്രമായ ‘ഗാര്‍ഡിയന്‍’ നടത്തിയ നിരീക്ഷണത്തില്‍ കേരളത്തിന് പ്രത്യേക പ്രശംസ. രാജ്യത്തെ മികച്ച ഹോം‌ സ്റ്റേകളെക്കുറിച്ച് ഗാര്‍ഡിയനിലെ ലെസ്‌ലി ഗില്ലിലാന്‍ തയ്യാറാക്കിയ വിലയിരുത്തല്‍ പട്ടികയില്‍ ആദ്യ പത്തിലെ മൂന്നെണ്ണവും കേരളത്തില്‍ നിന്നുള്ളവയാണ്.

കുട്ടനാട്ടിലെ 'നെല്‍പുരയും' മുണ്ടക്കയത്തെ എവര്‍ഗ്രീന്‍ എസ്റ്റേറ്റ് ബംഗ്ലാവും വയനാട്ടിലെ 'ഗ്ലിനോറ ഹോംസ്റ്റേ'യും ആണ് ഗാര്‍ഡിയന്റെ ലിസ്റ്റില്‍ യഥാക്രമം ഏഴും എട്ടും ഒമ്പതും സ്ഥാനങ്ങളിലുള്ളത്. ഒരു പതിറ്റാണ്ടിന് മുമ്പ് ഹോംസ്റ്റേകള്‍ എന്ന ആശയം തന്നെ ഇന്ത്യയില്‍ ആരംഭിക്കുന്നത് കേരളത്തിലാണെന്ന് 'ഗാര്‍ഡിയന്‍' പ്രത്യേകം എടുത്തുപറയുന്നു.

ചുരുങ്ങിയ ചെലവില്‍ താമസിക്കാനാവുന്ന മികച്ച സ്ഥലങ്ങളായാണ് ഹോം സ്റ്റേകളെ പത്രം പരിചയപ്പെടുത്തുന്നത്. കുറഞ്ഞ ചെലവില്‍ യഥാര്‍ത്ഥ ഇന്ത്യയെ അനുഭവിച്ചറിയാന്‍ ഹോം സ്റ്റേകള്‍ പ്രയോജനപ്പെടുന്നെന്ന മുഖവുരയോടെയാണ് ‘ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രാദേശിക ജീവിതത്തിന്‍റെ ഉള്ളറകളിലേക്കിറങ്ങിച്ചെല്ലാന്‍ ഇവ സഞ്ചാരികള്‍ക്ക് സഹായകമാകുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പഴയ ഡല്‍ഹിയിലെ സിരോഹി ഹൌസാണ് മികച്ച ഹോം സ്റ്റേ ആയി പത്രം തിരഞ്ഞെടുത്തത്. ജയ്പൂര്‍, ഡെറാഡൂണ്‍, ഗോവ, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലുള്ളവയാണ് പട്ടികയിലെ ആദ്യ പത്തിലുള്ള മറ്റുള്ളവ. മിക്കവാറും സാധാരണക്കാരായ ഇടത്തരക്കാരും റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരുമാണ് ഹോം സ്റ്റേകള്‍ക്ക് പിന്നിലെന്ന് പത്രം ചൂണ്ടിക്കാട്ടുന്നു. യൂറോപ്യന്‍ ക്ലോസറ്റുള്ള ടോയ്‌ലറ്റുകള്‍‍, ശുദ്ധമായ കുടിവെള്ളം, വീട്ടിലുണ്ടാക്കിയ ഭക്ഷണം, എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചും കാറില്‍ പിക്കപ്പ്, ഡ്രിങ്ക്‌സ്‌ കഴിക്കാനുള്ള സൗകര്യം എന്നിവയിലൂന്നിയാണ് ഹോം‌സ്റ്റേകള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

കുട്ടനാടിന്‍റെ കായല്‍ത്തീരത്തൂള്ള ഒരു സിറിയന്‍ ക്രിസ്ത്യാനി കുടുംബമാണ് 150 വര്‍ഷം പഴക്കമുള്ള 'നെല്‍പുര'യുടെ നടത്തിപ്പുകാര്‍. അടുത്തുള്ള സെന്‍റ് മേരീസ് ഫൊറേന്‍ ചര്‍ച്ച്, കുട്ടനാടിന്‍റെ കാര്‍ഷിക സംസ്കാരം, ബോട്ടുയാത്ര തുടങ്ങിയവ നെല്‍‌പുരയെ വ്യത്യസ്തമാക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

1950ല്‍ പൊട്ടന്‍കുളം ജോര്‍ജ്ജ് അബ്രഹാമിന്റെയും ഭാര്യ അഞ്ജു അബ്രഹാമിന്റേയും വസതിയായാണ് മുണ്ടക്കയത്തെ എവര്‍ഗ്രീന്‍ എസ്റ്റേറ്റ് ബംഗ്ലാവ് നിര്‍മ്മിക്കപ്പെടുന്നത്. കുറഞ്ഞ ചിലവും രുചിയേറിയ ഭക്ഷണവും ഇവിടത്തെ പ്രത്യേകതയായി റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നുണ്ട്.

രാജഗോപാലിന്‍റെ പേരിലുള്ള ഗ്ലിനോറ ഹോംസ്റ്റേ വയനാട്ടിലെ വിശാലമായ തോട്ടത്തിന്റെ നടുവിലാണ് സ്ഥിതി ചെയ്യുന്നത്. കാപ്പി, കുരിമുളക്, വെറ്റില, ഏലം, ഇഞ്ചി തുടങ്ങിയ നാനാവിധ കൃഷികളെക്കുറിച്ചും പലതരം ജന്തുജാലങ്ങളെക്കുറിച്ചും ഇവിടെനിന്നറിയാനാകും.

കേരളത്തിന്‍റെ ടൂറിസം മേഖല വന്‍ കുതിച്ചുചാട്ടത്തിന് തയ്യാറെടുക്കുമ്പോഴാണ് ഗാര്‍ഡിയന്‍റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതെന്നത് ശ്രദ്ധേയമാണ്.

(ചിത്രത്തിന്‌ കടപ്പാട്‌ - നെല്‍പുര ഡോട്ട്‌ കോം)

Share this Story:

Follow Webdunia malayalam