Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഴുപ്പിലങ്ങാടിലൂടെ വാഹനമോടിക്കാം, രസിക്കാം!

മുഴുപ്പിലങ്ങാടിലൂടെ വാഹനമോടിക്കാം, രസിക്കാം!
, ചൊവ്വ, 21 ഡിസം‌ബര്‍ 2010 (14:11 IST)
PRO
സായാഹ്നത്തില്‍ കടല്‍ തീരത്തേക്ക് ഒരു ഓടിച്ചുകയറ്റം! നമ്മുടെ കൊച്ചു കേരളത്തിലെ വാഹന പ്രേമികള്‍ക്ക് ബീച്ചുകളിലും വാഹന ജൈത്രയാത്ര നടത്താന്‍ ആഗ്രഹമുണ്ടെങ്കിലും അതിനു പറ്റിയ സ്ഥലങ്ങള്‍ വളരെ കുറവാണ്. എന്നാല്‍, വാഹന പ്രേമീ നിങ്ങള്‍ കണ്ണൂര്‍ വഴി പോകുന്നെങ്കില്‍ വണ്ടിയോടിച്ച് രസിക്കാന്‍ പറ്റിയ ഒരു ബീച്ച് അവിടെയുണ്ട്!

ദേശീയ പാത 17ല്‍ നിന്ന് പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന മുഴപ്പിലങ്ങാടിലേക്ക് കണ്ണൂര്‍ നഗരത്തില്‍ നിന്ന് 15 കിലോമീറ്ററാണ് ദൂരം. ഇവിടെ അങ്ങിങ്ങായുള്ള പാറക്കെട്ടുകളില്‍ ചടഞ്ഞിരുന്ന് പ്രകൃതി സൌന്ദര്യം ആസ്വദിക്കുന്നതും ബീ‍ച്ചിലൂടെ വണ്ടിയോടിച്ച് രസിക്കുന്നതിനൊപ്പം മനസ്സിനു സന്തോഷം പകരുമെന്ന് ഉറപ്പ്.

കടല്‍ത്തീരങ്ങള്‍ കൊണ്ട് സമ്പന്നമായ കേരളത്തിലെ നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ച് എന്ന നിലയില്‍ വ്യത്യസ്തമാകുകയാണ് കണ്ണൂരിലെ മുഴപ്പിലങ്ങാട് ബീച്ച്. തലശ്ശേരിയില്‍ നിന്ന് എട്ടു കീലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിന്റെ ദൈര്‍ഘ്യം ഏകദേശം അഞ്ച് കിലോമീറ്ററാണ്.

മണ്ണില്‍ പൂഴ്ന്നു പോകാതെ എല്ലാ തരം വാഹനങ്ങളിലും സഞ്ചരിക്കാനാകും എന്നതാണ് ഈ കടല്‍തീരത്തെ വ്യത്യസ്തമാക്കുന്നത്. ചുരുക്കം ചില വിദേശ ബീച്ചുകളില്‍ മാത്രം ദൃശ്യമാകുന്ന ഈ പ്രതിഭാസം മുഴപ്പിലങ്ങാടിന് മുന്നില്‍ വന്‍ ടൂറിസം സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. എന്നാല്‍, അവയൊന്നും ഇതുവരെ പ്രായോഗികമായിട്ടില്ല എന്നത് മറ്റൊരു സത്യം.

ശാന്ത സുന്ദരമായ ഈ കടല്‍‌തീരത്തെ കുറിച്ച് കേട്ടറിഞ്ഞ് വിദേശികള്‍ ഉള്‍പ്പടെയുള്ള നിരവധി വിനോദ സഞ്ചാരികള്‍ ഇവിടേയ്ക്ക് വന്ന് തുടങ്ങിയിട്ടുണ്ട്. ഇവിടെ അങ്ങിങ്ങായി പടര്‍ന്ന് കിടക്കുന്ന പാറക്കെടുക്കള്‍ക്കിടയിലൂടെ രൂപപ്പെട്ട ചെറു അരുവികളും മുഴപ്പിലങ്ങാടിക്ക് അപൂര്‍വ്വ സൌന്ദര്യം സമ്മാനിക്കുന്നു. കടല്‍ തീരത്തെ പനന്തോപ്പുകളും ഈ മനോഹരതീരത്തിന്‍റെ മിഴിവ് കൂട്ടുന്നു.

എട്ടു കിലോമീറ്റര്‍ അകലെയുള്ള തലശ്ശേരിയാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. കരിപ്പൂര്‍ അടുത്തുള്ള വിമാനത്താവളവും.

Share this Story:

Follow Webdunia malayalam