Select Your Language

Notifications

webdunia
webdunia
webdunia
webdunia

വന്യജീവികളുടെ പറുദീസയായ മുത്തങ്ങ

വന്യജീവികളുടെ പറുദീസയായ മുത്തങ്ങ
, തിങ്കള്‍, 20 ജൂലൈ 2009 (16:52 IST)
PROPRO
കേരളത്തില്‍ വന്യ ജീവി സങ്കേതത്തെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മനസ്സില്‍ തെളിയുന്ന പേരാണ് മുത്തങ്ങ. വയനാട് ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് മൈസൂറിലേക്കുള്ള വഴിയിലെ ഈ ഗ്രാമം വിവിധ തരത്തിലുള്ള കാട്ടു മൃഗങ്ങളുടെ സ്വര്‍ഗ ഭൂമിയാണ്.

കേരളത്തിന്റെ രണ്ടു അയല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കുവെക്കുന്നു എന്ന പ്രത്യേകതയും മുത്തങ്ങയ്ക്കുണ്ട്. കര്‍ണ്ണാടകവും തമിഴ്നാടും കേരളവും ചേരുന്ന ഈ സ്ഥലത്തെ ട്രയാങ്കിള്‍ പോയന്‍റ് എന്നും വിളിക്കുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് 16 കിലോമീറ്റര്‍ കിഴക്കുമാറിയാണിത്.

സ്വതന്ത്രമായി വിഹരിക്കുന്ന ആനകളും കടുവകളും കാട്ടുപോത്തുകളും മാനുകളും ഇവിടത്തെ പ്രധാന ആകര്‍ഷണമാണ്. പല ഇനങ്ങളിലുള്ള ധാരാളം കുരങ്ങുകളും പക്ഷികളും ഈ വന്യജീവി സങ്കേതത്തിലുണ്ട്. ആനകളെ കാണാനുള്ള യാത്രകള്‍ വനം വകുപ്പ് സംവിധാനം ചെയ്തിട്ടുണ്ട്. ഏറെ പ്രശസ്തമായ ആന വളര്‍ത്തല്‍ കേന്ദ്രവും മുത്തങ്ങയുടെ പ്രത്യേകതയാണ്.

കര്‍ണ്ണാടകത്തിലെ നാഗര്‍ഹോളെ ദേശീയോദ്യാനത്തിന്‍റെയും ബന്ദിപ്പൂര്‍ കടുവസങ്കേതത്തിന്‍റെയും തമിഴ്നാട്ടിലെ മുതുമലയുടെയും സംരക്ഷിതമേഖലയോടു ചേര്‍ന്നാണ് മുത്തങ്ങ വന്യ ജീവി കേന്ദ്രം കിടക്കുന്നത്. 345 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ സ്ഥലം പ്രോജക്ട് എലിഫന്‍റിനു കീഴിലാണ്.

മുത്തങ്ങയില്‍ വിനോദസഞ്ചാരത്തിനായി താമസ സൗകര്യങ്ങളും മരങ്ങളില്‍ ഏറുമാടങ്ങളും ഉണ്ട്. കാട്ടില്‍ ട്രക്കിംഗിനുള്ള സൗകര്യം ഉണ്ട്. ജൂണ്‍ മുതല്‍ ഓക്ടോബര്‍ വരെയുള്ള കാലമാണ് സന്ദര്‍ശനത്തിന് പറ്റിയ സമയം. ആദിവാസികളുടെ നിരവധി കുടിലുകള്‍ മുത്തങ്ങയിലും ചുണ്ടയിലും ഉണ്ട്. ആദിവാസി ജീവിതത്തെ കുറിച്ച് പഠിക്കാനും മനസ്സിലാക്കാനുമായി നിരവധി പേര്‍ ഇവിടെ എത്താറുണ്ട്.

പ്രകൃതി ദത്തമായ ശുദ്ധജല തടാകമായ പൂക്കോട്ടു തടാകം മുത്തങ്ങയ്ക്ക് അടുത്താണ്. സമുദ്രനിരപ്പില്‍ നിന്ന് 2100 മീറ്റര്‍ ഉയരെയാണിത്. പലയിനം മത്സ്യങ്ങളുള്ള അക്വേറിയം ഇവിടത്തെ ആകര്‍ഷണമാണ്. ബോട്ടിങ്, കുട്ടികളുടെ പാര്‍ക്ക്, സുഗന്ധ വ്യഞ്ജനങ്ങളും കരകൌശലവസ്തുക്കളും കിട്ടുന്ന ഷോപ്പിങ്ങ് സെന്‍റര്‍ എന്നിവ ഇവിടെയുണ്ട്.

Share this Story:

Follow Webdunia malayalam