തെക്കന്‍ ഭാരതത്തിലേക്കുള്ള അധിനിവേശങ്ങളെ ഫലപ്രദമായി ചെറുത്തു തോല്‍പ്പിച്ച വിജയനഗര സാമ്രാജ്യത്തിന്‍റെ പ്രധാന കേന്ദ്രം എന്ന നിലയിലുള്ള ചരിത്ര പ്രസക്തിയാണ് കര്‍ണാടകയിലെ ഹംപി എന്ന ഗ്രാമത്തെ ഇന്ത്യയിലെ തന്നെ ഒരു പ്രധാന ടൂറിസം കേന്ദ്രമായി വളര്‍ത്തിയത്.
ബാംഗ്ലൂരില്‍ നിന്ന് 343 കിലോമീറ്റര്‍ അകലെ ബെല്ലാരി ജില്ലയില്‍ തുംഗഭദ്ര നദിക്കരയിലാണ് ഹംപി. ഇരുപത്താറ് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായി വിജയനഗര സാമ്രാജ്യത്തിന്‍റെ ശേഷിപ്പികള്‍ ഇവിടെ പടര്‍ന്ന് കിടക്കുന്നു. യുനെസ്ക്കോ ലോക പൈതൃക കേന്ദ്രമായി തെരഞ്ഞെടുത്തിടുള്ള ഹംപി ‘അവശിഷ്ടങ്ങളുടെ നഗരം’ എന്നും അറിയപ്പെടുന്നു.
ചരിത്രപ്രാധാന്യത്തിന് പുറമെ ഒരു പ്രമുഖ മതകേന്ദ്രം കൂടിയാണ് ഹംപി. കലയെയും കലാകാരന്‍മാരെയും പ്രോത്സാഹിപ്പിച്ചിരുന്ന വിജയനഗര രാജാക്കന്‍മാരുടെ കലാ സംഭാവനകള്‍ തെളിഞ്ഞു കാണുന്ന ക്ഷേത്ര വാസ്തു ശില്‍പ്പങ്ങള്‍ ഇവിടെ കാണാനാകും. വിരിപാക്ഷ ക്ഷേത്രം, വിതാല ക്ഷേത്ര സമുച്ചയം, ഹസാര രാം ക്ഷേത്രം, മല്യവന്ത രഘുനാഥ സ്വാമി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ക്ഷേത്രങ്ങള്‍. അത്യപൂര്‍വ്വമായ വാസ്തുവിദ്യകളാണ് ഈ ക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
വിരുപാക്ഷ ബാസാര്‍, നരസിംഹ വിഗ്രഹത്തോട് ചേര്‍ന്നുള്ള കൂറ്റന്‍ ശിവലിംഗം, രാജാവിന്‍റെ ത്രാസ് തുടങ്ങിയ മറ്റു പല ആകര്‍ഷണങ്ങളും ഇവിടെയുണ്ട്. ഇവയെല്ലാം ശില്‍പ്പചാരുത കൊണ്ടാണ് ശ്രദ്ധേയമാകുന്നതും. ഒരു പഴയ കനാലിലൂടെ ഒഴുകി വരുന്ന വെള്ളത്തിലാണ് മൂന്നു മീറ്റര്‍ ഉയരമുള്ള ശിവലിംഗം നില്‍ക്കുന്നത്. സാധുക്കള്‍ക്ക് രാജാവിന്‍റെ തൂക്കത്തിന് അനുസരിച്ച് ധാന്യങ്ങളും സ്വര്‍ണ്ണവും ഒക്കെ തൂക്കി നല്‍കാന്‍ ഉപയോഗിച്ചിരുന്നതാണ് രാജാവിന്‍റെ ത്രാസ്.
മുപ്പത്തിരണ്ട് മീറ്റര്‍ വീതിയും 728 മീറ്റര്‍ നീളവുമുള്ള തെരുവാണ് വിരുപാക്ഷ ബസാര്‍. വിരുപാക്ഷ ക്ഷേത്രം മുതല്‍ മാതംഗ മല വരെ നീണ്ട് കിടക്കുന്നു ഈ തെരുവ്. മുകള്‍ ഭാഗം താമര പോലെ വിടര്‍ന്ന് നില്‍ക്കുന്ന ലോട്ടസ് മഹല്‍ കൊട്ടാരമാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. ഹിന്ദു-മുസ്ലിം വാസ്തു ശില്‍പ്പ ശൈലികള്‍ സംയോജിപ്പിച്ചാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
ഹസാര രാമ ക്ഷേത്രത്തിന്‍റെ കോട്ടയ്ക്ക് അകത്തുള്ള ക്വീന്‍സ് ബാത്ത് എന്ന കുളിസ്ഥലമാണ് ഇവിടെത്തെ മറ്റൊരു ശില്‍പ്പ വിസ്മയം. പതിനഞ്ച് മീറ്റര്‍ വീതിയും 1.8 മീറ്റര്‍ ആഴവുമുള്ള ഈ കുളിസ്ഥലത്തിന് ചുറ്റുമുള്ള ഇടനാഴികളും മട്ടുപ്പാവുകളും അതിമനോഹരങ്ങളാണ്.
നേരിട്ട് ട്രെയിന്‍, വിമാന സര്‍വീസുകള്‍ ഇല്ലാത്ത ഹംപിയിലേ റോഡ് മാര്‍ഗം മാത്രമെ എത്തിച്ചേരാനാകു. തൊറാംഗല്ലുവാണ് ഹംപിക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം.പതിമൂന്നു കിലോമീറ്റര്‍ അകലെയുള്ള ഹോസ്പെട്ടാണ് ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. ഹംപിയില്‍ ചില ഹോട്ടലുകള്‍ ഉണ്ടെങ്കിലും കൂടുതല്‍ മെച്ചപ്പെട്ട താമസ സൌകര്യങ്ങളുള്ളത് ഹോസ്പെട്ടിലാണ്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഹംപി സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ച സമയം.