രാഗി തത്തമ്മ അന്നു രാവിലെ പതിവിലും നേരത്തെ എഴുന്നേറ്റു. ഇന്നാണ് അവള്‍ക്ക് ശിവാലി കുന്നിലേക്ക് പോകേണ്ടത്. എന്തിനാണെന്നോ? അവളുടെ ഉറ്റകൂട്ടുകാരി ടിറ്റുവിനെ കാണേണ്ടതുണ്ട്. തിരക്കിട്ട് കൂടുകളൊക്കെ വൃത്തിയാക്കി. കുഞ്ഞുങ്ങളെ വിളിച്ചെഴുന്നേല്‍പ്പിച്ചു.
അപ്പോഴാണ് അവളുടെ അയല്‍ക്കാരിയുടെ ശബ്ദം കേട്ടത്. ""രാഗി നീ വരുന്നോ പാടത്ത് ഇന്നലെ കൊയ്ത്ത്കഴിഞ്ഞു. നല്ല ഗോതമ്പ് മണികള്‍ കിട്ടും.''
ഇല്ല. ഞാന്‍ വരുന്നില്ല. എനിക്ക് കുഞ്ഞുങ്ങളെ ഭക്ഷണം കഴിപ്പിക്കണം, കുളിപ്പിക്കണം, വീട് വൃത്തിയാക്കണം. കൂടാതെ എന്‍െറ കൂട്ടുകാരി ടിറ്റുവിനെ കാണേണ്ടതുണ്ട്. നിങ്ങള്‍ പോയ്ക്കോള്ളൂ.
അപ്പോഴെക്കും കുഞ്ഞുങ്ങള്‍ കൂട്ടില്‍ നിന്ന് കലമ്പല്‍ കൂട്ടി. അവര്‍ക്ക് അരുവിയില്‍ കുളിക്കണമത്രെ.
വന്നിട്ട് അമ്മ നിങ്ങളെ കുളിപ്പിക്കാം. ഞാന്‍ വേഗം വരാം കേട്ടോ. നിങ്ങള്‍ പുറത്തെങ്ങും പോവരുത്.
""അമ്മേ...... അമ്മേ..... വേഗം വരണേ'' കുഞ്ഞുങ്ങള്‍ കൂട്ടില്‍ നിന്ന് വിളിച്ചു പറഞ്ഞു.
അവരോട് യാത്ര ചോദിച്ചുകൊണ്ട് രാഗിതത്ത ശിവാലിക്കുന്നിലെ കൂട്ടുകാരിയുടെ വീട്ടിലേക്ക് പറന്നു. ഒരു പാട് വിശേഷങ്ങള്‍ പറയേണ്ടതുണ്ട്. കാറ്റിനോടും മരങ്ങളോടും കിന്നാരം പറഞ്ഞുകൊണ്ട് അവള്‍ പറന്നു. അല്പം കഴിഞ്ഞപ്പോള്‍ ചിറകു തളര്‍ന്നു.
അവള്‍ കാറ്റിനോട് പറഞ്ഞു.
""കാറ്റേ... കാറ്റേ... എന്നെ താങ്ങികൊണ്ടു പറന്നുപോകൂ'' ഞാന്‍ തളര്‍ന്നതുകണ്ടില്ലേ''. കാറ്റ് അവളെ താങ്ങി; പറക്കാന്‍ സഹായിച്ചു. ശിവാലി കുന്നെത്തി. ഞാന്‍ പോകുന്നു. കാറ്റിനോട് നന്ദി പറഞ്ഞുകൊണ്ടുകൊണ്ട് അവള്‍ ശിവാലിക്കുന്നിലെ ഒരു വൃക്ഷത്തില്‍ പറന്നിറങ്ങി
ഇനി ഞാന്‍ അല്പം വിശ്രമിച്ചോട്ടെ. അവള്‍ മനസ്സിലോര്‍ത്തു. അല്ലെങ്കില്‍ വേണ്ട; കണ്ണുമടച്ചു അല്പം ഇരിക്കാം. അവള്‍ വൃക്ഷത്തില്‍ ഇരിപ്പുറപ്പിച്ചു. അപ്പോഴെക്കും അവളുടെ കുഞ്ഞുങ്ങളെ ഓര്‍മ്മ വന്നു. കലമ്പല്‍ കൂട്ടി കൂട്ടില്‍ ഇരിക്കുകയാവും കുഞ്ഞുങ്ങള്‍.
""വൃക്ഷങ്ങളെ എന്‍െറ കുഞ്ഞുങ്ങളെ കാത്തുകൊള്ളണം''
ആരുടെയോ കരച്ചില്‍ കേട്ട് അവള്‍ താഴെക്ക് നോക്കി. ഒരു മാന്‍ കുഞ്ഞ് കാലില്‍ മുറിവേറ്റ് നിലവിളിക്കുന്നു. എന്നെ രക്ഷിക്കാമോ? ഞാന്‍ വീണുകിടക്കുന്നത് കണ്ടില്ലേ?
""ഞാനെന്താണ് ചെയ്യേണ്ടത്. ഞാന്‍ എങ്ങനെയാണ് നിന്നെ രക്ഷിക്കേണ്ടത്'' രാഗിതത്ത മാന്‍ കുഞ്ഞിനു സമീപം പറന്നു ചെന്നുകൊണ്ടു ചോദിച്ചു.
എന്നെ രക്ഷിക്കാന്‍ ഒരു വഴിയേ ഉള്ളൂ. ശിവാലി കാടിനു മധ്യത്തില്‍ ജീവദായിനി ചെടിയുണ്ട്. മഹാഔഷധമാണത്. പച്ചയില്‍ തവിട്ടു കലര്‍ന്ന നിറമാണതിന്. അതിന്‍െറ 3 ഇലകള്‍ കൊണ്ടുവന്നു എന്‍െറ മുറിവില്‍ പുരട്ടണം. എന്നാലെ ഞാന്‍ രക്ഷപ്പെടൂ. മാന്‍ കുട്ടി പൊട്ടിക്കരഞ്ഞു. കൂടാതെ എനിക്ക് ഉന്മേഷം കിട്ടാന്‍ അല്പം വെള്ളവും കൊണ്ടുവരാമോ?
ശരി ഞാനുടനെ മടങ്ങിവരാം. രാഗിത്തത്ത ജീവദായിനി ചെടിക്കായി പറന്നു പോയി.
കാടിന്‍െറ മധ്യഭാഗത്താണല്ലോ ഞാന്‍. രാഗി തത്ത ഓര്‍ത്തു. എവിടെയാണ് ജീവദായിനി ചെടി. കാറ്റിനോട് ചോദിക്കുന്നതാണ് നല്ലത്.
കാറ്റേ..... കാറ്റേ.....എവിടെയാണ് ജീവദായിനി ചെടി?
""നേരെ മുന്നോട്ട് നടന്നാല്‍ മതി''. കാറ്റു മറുപടി പറഞ്ഞുകൊണ്ട് തിടുക്കത്തില്‍ കടന്നുപോയി. തത്തമ്മ മുന്നോട്ടു നടന്നു. അപ്പോള്‍ ഒരു കരടി സന്തോഷത്തോടെ തുള്ളിച്ചാടി വരുന്നതു കണ്ടു.
എന്താണിത്ര സന്തോഷം തത്തമ്മ കരടിയോട് ചോദിച്ചു.
ഞാന്‍ വയറു നിറയെ തേന്‍ കുടിച്ചു. അതുകൊണ്ടാണ് സന്തോഷം. നൃത്തചുവടുകള്‍ വച്ചുകൊണ്ട് കരടി പറഞ്ഞു.
ആകട്ടെ എവിടെയാണ് ജീവദായിനി ചെടി എന്നു പറഞ്ഞുതരമോ?
""അയ്യോ അവിടെ പോകരുത്. ജീവദായിനിചെടി സിംഹത്തിന്‍െറ വക തോട്ടത്തിലാണ് ഉള്ളത്. തോട്ടത്തില്‍ ആരും പോകുന്നത് അവനിഷ്ടമല്ല. കൊന്നുതിന്നും. അതുമാത്രമോ മാസ്മരശക്തിയുള്ള അവനോട് ആര്‍ക്കും ഏറ്റുമുട്ടാനും കഴിയില്ല.
അപ്പോള്‍ മാന്‍ കുഞ്ഞിന്‍െറ ജീവന്‍ രക്ഷിക്കാന്‍ വഴിയൊന്നുമില്ലേ? തത്തമ്മ വ്യസനത്തോടെ ചോദിച്ചു.
""ഇല്ല.''
കരടി പേടിച്ചു വിറച്ചുകൊണ്ട് ഓടിപ്പോയി.
എങ്ങനെയെങ്കിലും മാന്‍ കുഞ്ഞിനെ രക്ഷിക്കണമല്ലോ?
പിന്നീട് വന്നത് ഒരാനയാണ്. തലയെടുപ്പോടെ വന്ന ആനയോടും അവള്‍ സഹായം അഭ്യര്‍ത്ഥിച്ചു.
ജീവന്‍ വേണമെങ്കില്‍ നമുക്ക് രണ്ടുപേര്‍ക്കും രക്ഷപ്പെടാം. കാര്യങ്ങള്‍ മണത്തറിയാന്‍ കഴിവുള്ളവനാണ് ആ തോട്ടത്തിന്‍െറ ഉടമയായ
സിംഹം. അവനോട് എതിര്‍ക്കാനുള്ള ശക്തി എനിക്കില്ല.
ആനയുടെ മറുപടി കേട്ട് പാവം രാഗിതത്ത തളര്‍ന്നിരുന്നു. മാത്രമല്ല സാഹസത്തിന് മുതിരാതെ വേഗം വീട്ടില്‍ പോകാന്‍ രാഗിതത്തയെ ഉപദേശിച്ചുകൊണ്ടാണ് ആന നടന്നു മറഞ്ഞത്.
എനിയെന്തു ചെയ്യും. പാവം മാന്‍ കുട്ടി വേദനയോടെ അവിടെ കിടക്കുകയായിരിക്കും. അങ്ങനെ അവള്‍ ഒരു ഉറച്ച തീരുമാനത്തിലെത്തിചേര്‍ന്നു. എന്തായാലും ഞാന്‍ സിംഹത്തിന്‍െറ തോട്ടത്തില്‍ കടന്നു മൂന്ന്ഇലകള്‍ കൊത്തികൊണ്ടുപോകുമെന്ന് അവള്‍ മനസ്സിലുറച്ചു.
രണ്ടും കല്‍പ്പിച്ച് തോട്ടത്തില്‍ കടന്നു. ചെടിയും തേടി തോട്ടമാകെ നടന്നു. പച്ചയില്‍ തവിട്ടുനിറമുള്ള ചെടി എവിടെ? മുല്ലവള്ളിയോട് ചോദിച്ചാലോ?
മുല്ലവള്ളി എവിടെയാണ് ജീവദായിനി ചെടി?
മുല്ലവള്ളി തന്നെ മറഞ്ഞിരിക്കുന്ന ജീവദായിനി ചെടിയെ തൊട്ടുകാണിച്ചു.
ഇല കൊത്തിയെടുക്കാന്‍ തുടങ്ങുമ്പോള്‍ സിംഹം അലറികൊണ്ട് അവിടെ വന്നെത്തി.
എന്തു ധൈര്യമാണ് നിനക്ക് ? എന്‍െറ പാവനമായ തോട്ടത്തില്‍ കടന്ന് ജീവദായിനി ചെടി പറിച്ചെടുക്കാന്‍ നിന്നോടാരാണ് പറഞ്ഞത്? എന്‍െറ അരുമയാണവന്‍. സിംഹം കണ്ണുരുട്ടി.
എന്നോട് ക്ഷമിക്കണം. ഈ ചെടി എനിക്കുവേണ്ടിയല്ല; ശിവാലികുന്നില്‍ ഒരു മാന്‍ കുഞ്ഞ് അവശയായി കിടക്കുന്നുണ്ട്. ഔഷധം ഉടന്‍ ലഭിച്ചില്ലെങ്കില്‍ അവന്‍ മരിച്ചു പോകുമെന്ന് അവള്‍ വ്യസനപൂര്‍വ്വം അറിയിച്ചു.
ഇതു കേട്ടപ്പോള്‍ സിംഹം പറഞ്ഞു. ശരി നീ പറയുന്നത് സത്യമാണെങ്കില്‍ ഞാന്‍ നിന്നെ വെറുതെ വിടാം. അഥവാ നീ പറയുന്നത് കളവാണെങ്കില്‍ നിന്‍െറ ജീവിതം നഷ്ടപ്പെട്ടതു തന്നെ. പല്ലു മുഴുവന്‍ വെളിയില്‍ കാട്ടി സിംഹം അട്ടഹസിച്ചു.
ഞാന്‍ നീ അറിയാതെ നിന്നെ അദൃശ്യനായി പിന്‍തുടരും. വേഗം ഇലകള്‍ കൊണ്ടുപോയി മാന്‍ കുഞ്ഞിനെ രക്ഷിക്കൂ എന്നു പറഞ്ഞു. സിംഹം മൂന്നു ഇലകള്‍ കടിച്ചെടുത്തു തത്തമ്മയ്ക്കു കൊടുത്തു.
വളരെ നന്ദി. എത്ര നല്ല സിംഹമാണ് നിങ്ങള്‍. നന്ദി രേഖപ്പെടുത്തിയിട്ട് തത്തമ്മ മാന്‍ കുഞ്ഞിനു സമീപം പറന്നുപോയി.
സിംഹവും അദൃശ്യമായി തത്തമ്മയെ പിന്‍ തുടര്‍ന്നു. സത്യം ബോധ്യപ്പെട്ട സിംഹം കാട്ടിലെക്ക് തിരിച്ചുപോന്നു.
ജീവന്‍ രക്ഷപ്പെട്ട മാന്‍ കുട്ടി അവള്‍ക്കു നന്ദി പറഞ്ഞശേഷം കാട്ടിലേക്ക് സന്തോഷത്തോടെ ഓടി മറഞ്ഞു.
ഒരു ജീവന്‍ രക്ഷപ്പെടുത്തിയ കൃതജ്ഞതയോടെ തത്തമ്മ വീട്ടിലേക്ക് പറക്കുമ്പോള്‍ മനസ്സില്‍ പറഞ്ഞു. ആ സിംഹത്തെ പറ്റി എന്തൊക്കെയാണ് ആള്‍ക്കാര്‍ പറഞ്ഞുണ്ടാക്കിയത്. ക്രൂരനും ദയയില്ലാത്തവനുമെന്നൊക്കെ! കിംവദന്തികള്‍ വിശ്വസിക്കാതെ ധൈര്യപൂര്‍വ്വം മുന്നോട്ടുപോയാല്‍ ലക്ഷ്യത്തിലെത്താം.