കുളിക്കുമ്പോള്‍ ദേഹത്ത് ഉരയ്ക്കാറുണ്ടോ?
ലൂഫ്, ഇഞ്ച എന്നിവ നാരുകളുള്ള പദാര്‍ത്ഥമാണ്. ഓരോ തവണ കുളിക്കുമ്പോഴും ഇത് നനയുന്നു
ശരീരം വൃത്തിയായി സൂക്ഷിക്കാന്‍ ദിവസവും രണ്ട് നേരം കുളിക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം കുളിക്കുമ്പോള്‍ നാം കാണിക്കുന്ന ചില മണ്ടത്തരങ്ങള്‍ നമ്മുടെ ശരീരത്തിനു ദോഷം ചെയ്യും. അതിലൊന്നാണ് ലൂഫ്, ഇഞ്ച എന്നിവ ഉപയോഗിച്ചു ദേഹം ഉരച്ചു കുളിക്കുന്നത്. ശരീരം വൃത്തിയാകുമെന്ന് കരുതിയാണ് പലരും ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തിനു കൂടുതല്‍ ദോഷം ചെയ്യും.
ലൂഫ്, ഇഞ്ച എന്നിവ നാരുകളുള്ള പദാര്‍ത്ഥമാണ്. ഓരോ തവണ കുളിക്കുമ്പോഴും ഇത് നനയുന്നു. സ്ഥിരമായി അങ്ങനെ വെള്ളത്തില്‍ കുതിര്‍ന്നിരിക്കുമ്പോള്‍ നിങ്ങളുടെ ലൂഫിലും ഇഞ്ചയിലും ബാക്ടീരിയ വളരാന്‍ സാധ്യതയുണ്ട്. ശരീരത്തില്‍ ചെറിയ മുറിവുകള്‍ ഉള്ള സമയത്ത് ഇത്തരത്തിലുള്ള ലൂഫ്, ഇഞ്ച എന്നിവ ഉപയോഗിച്ചാല്‍ അണുബാധയ്ക്ക് സാധ്യത കൂടുതലാണ്.
നിങ്ങളുടെ ചര്‍മം വളരെ സെന്‍സിറ്റീവ് ആണ്. ഇഞ്ച, ലൂഫ് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചു ഉരയ്ക്കുമ്പോള്‍ ചര്‍മത്തിന്റെ മൃദുലത നഷ്ടപ്പെടുന്നു. കാഠിന്യമുള്ള വസ്തുക്കള്‍ ഉപയോഗിച്ചു വൃത്തിയാക്കുമ്പോള്‍ ചര്‍മം അതിവേഗം വരണ്ടതാകാന്‍ സാധ്യതയുണ്ട്. വരണ്ട ചര്‍മമുള്ളവര്‍ ഒരിക്കലും ഇഞ്ച, ലൂഫ് പോലുള്ള സാധനങ്ങള്‍ ഉപയോഗിക്കരുത്. നിങ്ങളുടെ ശരീരവും ചര്‍മവും വൃത്തിയാക്കാന്‍ കൈകള്‍ തന്നെ ധാരാളം.