രാഹുൽ അമേഠിയിൽ തന്നെ; വയനാട് തീരുമാനമായില്ല, വടകരയിലെ കാര്യം അറിഞ്ഞിട്ടുപോലുമില്ലെന്ന് ഹൈക്കമാൻഡ്
വടകര സീറ്റ് ഒഴിച്ചിട്ടിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇക്കാര്യം ശ്രദ്ധയിൽ വന്നിട്ടില്ലെന്നായിരുന്നു കോൺഗ്രസ് വക്താവിന്റെ പ്രതികരണം.
രണ്ടാമത്തെ സീറ്റിൽ മത്സരിക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജോവാല. ഒരു സീറ്റാലണ് മത്സരിക്കുന്നതെങ്കിൽ രാഹുൽ അമേഠിയിൽ തന്നെയായിരിക്കും മത്സരിക്കുകയെന്ന് സുർജോവാല വ്യക്തമാക്കി.
രാഹുൽ രണ്ടാമത് ഒരു സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ചാൽ വയനാടിനു മുൻഗണനയുണ്ടാവുമോ എന്ന ചോദ്യത്തിന്, മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആവശ്യത്തെ ഒരോപോലെയാണ് കോൺഗ്രസ് അധ്യക്ഷൻ കാണുന്നത് എന്നായിരുന്നു മറുപടി. വടകര സീറ്റ് ഒഴിച്ചിട്ടിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇക്കാര്യം ശ്രദ്ധയിൽ വന്നിട്ടില്ലെന്നായിരുന്നു കോൺഗ്രസ് വക്താവിന്റെ പ്രതികരണം. ഇങ്ങനെ ഒരു സീറ്റിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ല എന്ന കാര്യം ശ്രദ്ധയിൽ വന്നിട്ടില്ല. ഇക്കാര്യം ബന്ധപ്പെട്ടവരോട് ആരാഞ്ഞ ശേഷമേ പറയാനാവൂ എന്ന് രൺദീപ് സിങ് സുർജോവാല പറഞ്ഞു.
അമേഠി ഒഴികെ ഒരു സീറ്റിൽക്കൂടി രാഹുൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ദക്ഷിണേന്ത്യയിൽ നിന്നും രാഹുൽ മത്സരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കർണ്ണാടക, തമിഴ്നാട്, ആന്ധ്രാ പിസിസികൾ ഈ ആവശ്യം പാർട്ടി ഹൈക്കമാൻഡിനു മുന്നിൽ വച്ചിട്ടുണ്ട്. ഈ ആവശ്യങ്ങൾ ഒരേപോലെയാണ്. ദക്ഷിണേന്ത്യയിലെ ജനങ്ങളുടെ വികാരം മാനിക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് ആവർത്തിച്ചു.