മോദിക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിയോട് വിശദീകരണം തേടി സുപ്രീംകോടതി
അടുത്ത ചൊവ്വാഴ്ചക്കു മുമ്പ് രാഹുൽ ഗാന്ധി വിശദീകരണം നൽകണം.
റഫേൽ വിധിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായ പരാമർശങ്ങളിൽ സുപ്രീം കോടതി രാഹുൽ ഗാന്ധിയോട് വിശദീകരണം തേടി. റഫേൽ കേസിൽ പുതിയ രേഖകൾ പരിശോധിക്കുമെന്ന സുപ്രീം കോടതി വിധി രാഹുൽ വളച്ചൊടിച്ചെന്ന പരാതിയുമായി ബിജെപിയാണ് കോടതിയെ സമീപിച്ചത്. അടുത്ത ചൊവ്വാഴ്ചക്കു മുമ്പ് രാഹുൽ ഗാന്ധി വിശദീകരണം നൽകണം.
കാവൽക്കാരൻ കള്ളൻ തന്നെയെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. ബി.ജെ.പി എം.പി മീനാക്ഷി ലേഖിയാണ് ഇതിനു എതിരെ കോടതിയെ സമീപിച്ചത്. പറയാത്ത കാര്യം രാഹുൽ കോടതിയുടെ പേരിൽ കെട്ടി വയ്ക്കുന്നതായി മീനാക്ഷി ലെവിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോത്തഗി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിക്ക് എതിരെ സുപ്രീം കോടതി പരാമർശമൊന്നും നടത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പിന്നെ ഏതു സാഹചര്യത്തിലാണ് പ്രസംഗമെന്നു രാഹുൽ വിശദീകരിക്കണം. ഈ മാസം 22നു മുൻപ് മറുപടി നൽകണം.
രാഹുലിന്റേതായി മാധ്യമങ്ങളിൽ വന്ന പ്രസ്‌താവനയിലെ പരാമർശം കോടതിവിധിയെ ദുർവ്യാഖ്യാനം ചെയ്യലാണെന്ന് സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചു. രാഹുലിന് എതിരെ കോടതിയലക്ഷ്യത്തിന് നടപടി വേണമെന്നാണ് ബിജെപി ആവശ്യം.