ശശി തരൂരിന് ആസ്തി 35 കോടി, അടൂർ പ്രകാശിന് 14 കോടിയുടെ സ്വത്ത്
മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ടും ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ടും രണ്ട് ക്രിമിനൽ കേസുകൾ തരൂരിനെതിരെയുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരിന് 34 കോടിയുടെ ജംഗമവസ്തുക്കളും ഒരു കോടിയുടെ വസ്തുക്കളുമടക്കം 35 കോടിയുടെ ആസ്തി. തരൂരിന്റെ കൈവശം പണമായുള്ളത് 25,000 രൂപയാണ്. 38 ലക്ഷം രൂപാ വരുന്ന 1142 ഗ്രാം സ്വർണ്ണവും കൈയിലുണ്ട്. ആറ് ലക്ഷം രൂപ മതിപ്പ് വരുന്ന മാരുതി സിയസും 75,000 രൂപ വില വരുന്ന പഴയൊരു ഫിയറ്റ്ലിനിയും തരൂരിനുണ്ട്. മതവികാരം വ്രണപ്പെടുത്തിയതുമായി ബന്ധപ്പെട്ടും ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ടും രണ്ട് ക്രിമിനൽ കേസുകൾ തരൂരിനെതിരെയുണ്ട്.
അടൂർ പ്രകാശിന്റെ കൈവശം 14,250 രൂപയും ഭാര്യയുടെ കൈവശം 6500 രൂപയുമുണ്ട്. സ്വന്തമായി 18.5 ലക്ഷവും ഭാര്യക്ക് 6.86 ലക്ഷവും നിക്ഷേമുണ്ട്. ഭാര്യയുടെ കൈവശം 19 ലക്ഷം രുപയുടെ 950 ഗ്രാം സ്വർണ്ണവുമുണ്ട്. നാല് ലക്ഷം രൂപയുടെ 2008 മോഡൽ ഇന്നോവാ കാറും രണ്ട് ലക്ഷം രൂപ വിലയുള്ള 2006 മോഡൽ ബൊലേറോ ജീപ്പും അദ്ദേഹത്തിനുണ്ട്. ഭാര്യയ്ക്ക് 21 ലക്ഷത്തിന്റെ ഇന്നോവ ക്രിസ്റ്റയുമുണ്ട്. അടൂർ പ്രകാശിന്റെ പേരിൽ ഏഴ് ക്രിമിനൽ കേസുകളും രണ്ട് വിജിലൻസ് കേസുകളുമുണ്ട്.