ആറ്റിങ്ങലില്‍ സമ്പത്തിന്റെയും ബിന്ദുകൃഷ്ണയുടേയും നേര്‍ക്കുനേര്‍ പോരാട്ടം?
, വെള്ളി, 31 ജനുവരി 2014 (15:46 IST)
പഴയ ചിറയിന്‍കീഴ് ലോകസഭാ മണ്ഡലമാണ് പേരുമാറി ആറ്റിങ്ങലായത്. ചിറയിന്‍കീഴിലുണ്ടായിരുന്ന വര്‍ക്കല, ആറ്റിങ്ങല്‍, വാമനപുരം, നെടുമങ്ങാട് നിയമസഭാ മണ്ഡലങ്ങളും പുതിയ നിയമസഭാ മണ്ഡലങ്ങളായ ചിറയിന്‍കീഴും അരുവിക്കരയും കാട്ടാക്കടയും ചേര്‍ന്നതാണ് പുതിയ ആറ്റിങ്ങല്‍ ലോകസഭാ മണ്ഡലം.എന്നും സിപിഎമ്മിന്റെ കോട്ട തന്നെയായിരുന്നു ആറ്റിങ്ങല്‍ മണ്‌ഡലം. 14 തവണ നടന്ന തിരഞ്ഞെടുപ്പില്‍ അഞ്ചു തവണ മാത്രമാണ് കോണ്‍ഗ്രസിനു ആറ്റിങ്ങല്‍ മണ്‌ഡലം പിടിച്ചെടുക്കാന്‍ സാധിച്ചത്. 1991 നു ശേഷം ഒരു തവണ പോലും ഇവിടെ സിപിഎമ്മിനു പരാജയം അറിയേണ്ടിയും വന്നിട്ടില്ല.സിപിഎമ്മിന്റെ എ സമ്പത്താണ് ആറ്റിങ്ങലിലെ സിറ്റിംഗ് എംപി. സിറ്റിംഗ് എം പിയിലൂടെ മണ്ഡലം നിര്‍ത്താനായിരിക്കും ഇടതുപക്ഷത്തിന്റെ ശ്രമം. മറ്റൊരു പേര് പറഞ്ഞു കേള്‍ക്കുന്നത് ചിറയന്‍കീഴുകാരനും സിഐടിയു സംസ്‌ഥാനപ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്റേതാണ്. ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മുന്‍പ് നിയമസഭയിലേക്കെത്തിയിട്ടുമുണ്ട്.കോണ്‍ഗ്രസിന്റെ ഐ ഗ്രൂപ്പിന് കുറച്ച് സ്വാധീനമുള്ള മണ്ഡലമാണ് ആറ്റിങ്ങല്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ആറ്റിങ്ങല്‍, ചിറയന്‍കീഴ്, വാമനപുരം എന്നിവയൊഴികെ നാല് മണ്ഡലങ്ങളും നേടാനായത് യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നു. മികച്ച പാര്‍ലമെന്റേറിയനെന്നറിയപ്പെടുന്ന സമ്പത്തിന്റെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളും, സംഘടനാ ശക്തിയും ഇടതുപക്ഷത്തിന്പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. അഡ്വക്കേറ്റ് എ സമ്പത്തും എസ്ഡി കോളേജ് അധ്യാപകനായിരുന്ന ജി ബാലചന്ദ്രനും തമ്മിലായിരുന്നു ഇവിടെ പ്രധാന മത്സരം നടന്നത്.വനിതാ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ യുഡിഎഫ് തീരുമാനിച്ചില്ലെങ്കില്‍ ജി ബാലചന്ദ്രന്‍ തന്നെയായിരിക്കും ഇവിടെ മത്സരിക്കുക. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ ബിന്ദുകൃഷ്ണ,യൂത്ത്കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി എം ലിജു, ഷാനിമോള്‍ ഉസ്മാന്‍ എന്നിവരുടെയും പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്.മുന്‍ സിപിഎം എംപി അനിരുദ്ധന്‍റെയും കെ സുധര്‍മയുടെയും മകനാണ് സമ്പത്ത്. ആലപ്പുഴ സ്വദേശിയും ആലപ്പുഴ എസ്ഡി കോളജില്‍ അധ്യാപകനുമാണ് ജി ബാലചന്ദ്രന്‍. എ കെ ആന്റണി കെഎസ് യു സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ ബാലചന്ദ്രനായിരുന്ന വൈസ് പ്രസിഡന്റ്.എഐസിസി സെക്രട്ടറി സ്ഥാനത്തു നിന്ന് ഷാനിമോള്‍ ഉസ്മാനെ മാറ്റിയത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാനാണെന്ന വ്യക്തമായ സൂചനയുണ്ട്. ഷാനിമോള്‍ ഉസ്മാന്‍ ആറ്റിങ്ങലില്‍ മത്സരിക്കുമെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്
Follow Webdunia malayalam