Select Your Language

Notifications

webdunia
webdunia
webdunia
webdunia

പി സി ചാക്കോ- കെ പി രാജേന്ദ്രന്‍, തൃശൂരില്‍ ഇത്തവണ തകര്‍പ്പന്‍ പോരാട്ടം

പി സി ചാക്കോ- കെ പി രാജേന്ദ്രന്‍, തൃശൂരില്‍ ഇത്തവണ തകര്‍പ്പന്‍ പോരാട്ടം
, വ്യാഴം, 30 ജനുവരി 2014 (13:58 IST)
PRO
സിപിഐ മത്സരിക്കുന്ന നാല് ലോക്‌സഭ സീറ്റുകളിലും ഇത്തവണയും മത്സരിക്കുമെന്നും തൃശൂര്‍, തിരുവനന്തപുരം, വയനാട് സീറ്റുകളില്‍ മാറ്റമുണ്ടാകില്ലെന്നും സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ പ്രഖ്യാപിച്ചത് വിവാദമായിരുന്നു.

എന്നാല്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 25151 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ സിപിഐ ജില്ലാ സെക്രട്ടറിയും ഒല്ലൂരിലെ മുന്‍ എംഎല്‍എയുമായ സിഎന്‍ ജയദേവനെ പി സി ചാക്കോ തോല്‍പ്പിച്ചത്. ഇത്തവണയും സിപി‌ഐ സ്ഥാനാര്‍ഥി തന്നെയായിരിക്കും തൃശൂരില്‍നിന്നും ജനവിധി തേടുകയെന്നാണ് പ്രാഥമിക സൂചന. സിഎന്‍ ജയദേവന്റെ തന്നെ പേരാണ് ഇടതുപക്ഷ സ്ഥാനാര്‍ഥിയായി ഇത്തവണയും പറഞ്ഞുകേള്‍ക്കുന്നത്.

പി സി ചാക്കോയെ 1991ല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റില്‍ നിലനിര്‍ത്താനാണ്‌ ആദ്യമായി തൃശൂരില്‍ മത്സരിപ്പിച്ചത്‌. കെപി രാജേന്ദ്രനെ തോല്‍പ്പിച്ചാണ്‌ അദ്ദേഹം അന്ന്‌ പാര്‍ലമെന്റില്‍ എത്തിയത്‌. 2001ല്‍ സി‌പി‌ഐ സ്ഥാനാര്‍ഥിയായിരുന്ന സി കെ ചന്ദ്രപ്പന്‍ 45,961 വോട്ടുകള്‍ക്ക് തൃശൂരില്‍ വിജയിച്ചിരുന്നുവെങ്കിലും വിജയത്തിന് തുടര്‍ച്ചയുണ്ടായില്ല.

ഇടതുതരംഗം ആഞ്ഞടിച്ച കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചാക്കോയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ ടോം വടക്കനെച്ചൊല്ലി ജില്ലാ കോണ്‍ഗ്രസിലുണ്ടായ ചേരിതിരിവും ഗ്രൂപ്പിസവും വലിയ തോതിലുണ്ടായില്ലെന്നതും മികച്ച ഭൂരിപക്ഷം നേടാന്‍ കാരണമായി. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ആ അവസ്ഥയല്ലെന്നാണ് റിപ്പോര്‍ട്ട്.

ഡിസിസി, കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന രൂക്ഷമായ അതൃപ്തി തെരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പി സി ചാക്കോയ്ക്ക് ചാലക്കുടി മണ്ഡലവും താല്‍പ്പര്യവുമുണ്ടെന്ന സൂചനയുണ്ടായിരുന്നു. യാക്കോബായ വിഭാഗത്തിന് കാര്യമായ സ്വാധീനമുള്ള മണ്ഡലമണെന്നുള്ളത് സഭാംഗമായ അദ്ദേഹത്തിന് ഗുണം ചെയ്യും.

അങ്ങനെയാണെങ്കില്‍ കെ പി ധനപാലന്‍ തൃശൂരില്‍നിന്നും ജനവിധിതേടാന്‍ സാധ്യതയുണ്ട്. പത്മജ വേണുഗോപാല്‍, പിടി തോമസ് എന്നിവരുടെ പേരുകളും മണ്ഡലത്തില്‍ പറഞ്ഞുകേള്‍ക്കുന്നുണ്ട്. എഐവൈഎഫ്‌ഐ സംസ്‌ഥാന സെക്രട്ടറി കെ രാജന്‍, മുന്‍ റവന്യൂ മന്ത്രി കെപി രാജേന്ദ്രന്‍ എന്നിവരുടെ പേരുകളും ഇടതുപക്ഷ സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്ന പ്രമുഖരാണ്.

Share this Story:

Follow Webdunia malayalam