Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊന്നാനിയില്‍ ലീഗിന്റെ കോട്ടതകര്‍ക്കാന്‍ ഇത്തവണ കെ ടി ജലീല്‍?

പൊന്നാനിയില്‍ ലീഗിന്റെ കോട്ടതകര്‍ക്കാന്‍ ഇത്തവണ കെ ടി ജലീല്‍?
, വ്യാഴം, 6 ഫെബ്രുവരി 2014 (15:37 IST)
PRO
1977ലെ മണ്ഡല പുനര്‍നിര്‍ണ്ണയത്തിനുശേഷം 2009വരെ നടന്ന ഏഴു തെരഞ്ഞെടുപ്പുകളിലും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികള്‍ മാത്രമേ പൊന്നാനിയില്‍ നിന്നും പാര്‍ലമെന്റിലേക്ക് എത്തിയിട്ടുള്ളൂ.

2004ല്‍ കോണ്‍ഗ്രസ് കേരളത്തില്‍ നിന്നും ഒറ്റ എം പിയെയും ജയിപ്പിക്കാനാവാതെ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ പൊന്നാനി മണ്ഡലത്തില്‍ വിജയിച്ച് ലീഗ് മാനം കാക്കുകയായിരുന്നു. ലീഗിന്റെ ഉരുക്കുകോട്ടയായ മഞ്ചേരി തകര്‍ന്നപ്പോഴും പൊന്നാനി ലീഗിനൊപ്പംതന്നെ നിന്നു.

ലീഗ് ടിക്കറ്റില്‍ നിന്നാല്‍ ഉറപ്പായിട്ടും വിജയിക്കാമെന്നതിന് ഉദാഹരണം ഏറ്റവും കൂടുതല്‍ തവണ പാര്‍ലമെന്‍റിലേക്ക് മത്സരിച്ചു വിജയിച്ചവരുടെ കൂട്ടത്തില്‍ ഒന്നാം സ്ഥാനം പങ്കിടുന്നത് മലയാളിയല്ലാത്ത ജി എം ബനാത്ത് വാലയാണെന്നത് തന്നെയാണ്.

ഏഴു തവണയാണ് മുംബൈയില്‍ സ്ഥിരതാമസമാക്കിയിരുന്ന ബനാത്ത് വാലയെ പൊന്നാനി മണ്ഡലം പാര്‍ലമെന്‍റിലേക്കുളള പ്രതിനിധിയായി തിരഞ്ഞെടുത്തത്. 1977, 1980, 1984, 1989, 1996, 1998, 1999 വര്‍ഷങ്ങളിലായിരുന്നു അദ്ദേഹത്തിന്‍റെ വിജയം. 2004ല്‍ ഇ അഹമ്മദും വിജയിച്ചു.

പതിനഞ്ചാം ലോക്‌സഭയില്‍ പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ചത് മുസ്ലീം ലീഗിന്റെ പ്രമുഖ നേതാവായ ഇ ടി മുഹമ്മദ് ബഷീറാണ്. ഇ ടി തന്നെയാവും ഇത്തവണയും പൊന്നാനിയില്‍ മത്സരിക്കുകയെന്നതാണ് പ്രാഥമികമായി ലഭിക്കുന്ന സൂചന.

സിറ്റിംഗ് എം‌പി ഇ ടി മുഹമ്മദ് ബഷീറും കെ ടി ജലീലും സ്ഥാനാര്‍ഥികളെന്ന രീതിയില്‍ മണ്ഡലത്തില്‍ പ്രവര്‍ത്തകര്‍ പ്രചരണം ആരംഭിച്ചു കഴിഞ്ഞത്രെ.പൊന്നാനി ലോകസഭാ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് നിറഞ്ഞുനില്‍ക്കുന്നതെന്ന് വിവിധ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇ ടിയ്ക്ക് ശക്തമായ ഒരു എതിരാളിയെ നിയമിക്കണമെന്ന തീരുമാനമാണ് കെ ടി ജലീല്‍ ഇടത് സ്ഥാനാര്‍ഥിയായി എത്തുമെന്ന് കരുതാന്‍ കാരണവും. ജലീല്‍ എത്തിയാല്‍ മണ്ഡലത്തില്‍ കടുത്തമത്സരം തന്നെ പ്രതീക്ഷിക്കാം.

ലീഗില്‍ നിന്നും അഭിപ്രായ വ്യത്യാസം മൂലം പുറത്തിറങ്ങിയ കെടി ജലീല്‍ നിലവിലെ മന്ത്രിയായ കുഞ്ഞാലിക്കുട്ടിയെ 2006 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ എണ്ണായിരത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.

2009 ല്‍ നടന്ന ലോക്‌സഭാ പൊതു തിരഞ്ഞെടുപ്പില്‍ പൊന്നാനി നിയോജക മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ പിഡിപി രണ്ടത്താണിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നിട്ടും പൊന്നാനി ലോകസഭാമണ്ഡലത്തില്‍ നിന്ന് 82,684 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഇടി വിജയിച്ചു.

പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഇടി മുഹമ്മദ് ബഷീറിനെയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെടി ജലീലീനുമാണ് പ്രവര്‍ത്തകര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളായി അവരോധിച്ചിരിക്കുന്നതെങ്കിലും വിജയം ഉറപ്പാക്കുന്നതിനായി കേന്ദ്രമന്ത്രി ഇ അഹമ്മദും ഇ ടി മുഹമ്മദ്‌ ബഷീറും സിറ്റിംഗ്‌ സീറ്റുകള്‍ പരസ്‌പരം മാറി മത്സരിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, എപി അബ്ദുല്‍ വഹാബ് എന്നിവരുടെ പേരുകളും പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പേരുകളായിപറഞ്ഞുകേള്‍ക്കുന്നുണ്ട്.

കോണ്‍ഗ്രസില്‍ നിന്നുള്ള അസ്വാരസ്യങ്ങളും പടലപ്പിണക്കങ്ങളും ഇ ടി മുഹമ്മദ്‌ ബഷീറിന്റെ വിജയത്തെ ബാധിച്ചേക്കുമെന്ന കണക്കുകൂട്ടലും പലയിടങ്ങളില്‍നിന്നും ഉയര്‍ന്നിട്ടുമുണ്ട്.

ഇ ടി മുഹമ്മദ്‌ ബഷീറിനെതിരേ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌തന്നെ പലതവണ രംഗത്തു വന്നിരുന്നു. കോണ്‍ഗ്രസ്‌ നേതാക്കള്‍ക്കെതിരേ ഇ ടി നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരേ ജില്ലയില്‍ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പരസ്യ പ്രതികരണം നടത്തിയിരുന്നു.

ഏതായാലും ജില്ലയിലെ ചെറിയ പരിപാടികളില്‍ പോലും ഇടി മുഹമ്മദ് ബഷീറിന്റെ സാന്നിദ്ധ്യമുണ്ട്. മണ്ഡലത്തിന് സുപരിചിതനാണെന്നതും വികസനപ്രവര്‍ത്തനങ്ങളും അതോടൊപ്പം ജില്ലയിലെ കോണ്‍ഗ്രസ്സുമായുളള പ്രശ്‌നങ്ങള്‍ തെരഞ്ഞടുപ്പിനു മുമ്പ് പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുമുണ്ട്. ഇത് കഴിഞ്ഞദിവസം നടത്തിയ ചര്‍ച്ചകളില്‍ത്തന്നെ മുസ് ലീഗ്ലീം മുന്നോട്ട് വച്ചിരുന്നുവെന്നും സൂചനയുണ്ട്.

മണ്‌ഡലത്തിന്റെ പുനഃസംഘടനമൂലം ഉണ്‌ടായ രൂപമാറ്റം, മുന്നണി പ്രശ്നങ്ങള്‍, കെടി ജലീലിന്റെ സ്വാധീനം എല്ലാം എല്‍ഡിഎഫിന്റെ പ്രത്യാശ ഉയര്‍ത്തുന്ന ഘടകങ്ങളാണ്‌. കെ ടി ജലീലല്ലെങ്കില്‍ പി ടി കുഞ്ഞുമുഹമ്മദ്.ഡോ ഫസല്‍ ഗഫൂര്‍, ടി കെ ഹംസ എന്നിവരുടെയും പേരുകള്‍ പിന്നണിയില്‍ കേള്‍ക്കുന്നുണ്ട്.





Share this Story:

Follow Webdunia malayalam