Select Your Language

Notifications

webdunia
webdunia
webdunia
webdunia

വായിച്ചുമതിവരാതെ മറഞ്ഞ മഹാമനീഷി

വായിച്ചുമതിവരാതെ മറഞ്ഞ മഹാമനീഷി
, വ്യാഴം, 15 ജൂണ്‍ 2017 (15:47 IST)
വായിച്ചു മതിവരാത്ത ജന്മം, അതായിരുന്നു പി ഗോവിന്ദപിള്ളയെന്ന പി ജി. നടക്കുന്ന വഴിയിലും കിടക്കുമ്പോള്‍ പോലും ഒരു പുസ്തകമെങ്കിലും ഉണ്ടാവണമെന്ന് പിജിക്കു നിര്‍ബന്ധമായിരുന്നു. തിരക്കു പിടിച്ച സമ്മേളനങ്ങള്‍ക്കിടയില്‍‌പോലും പുസ്തകവായനയുടെ ലഹരിയില്‍ മുഴുകാന്‍ പിജിക്കു കഴിഞ്ഞിരുന്നു. 30,000 പുസ്തകങ്ങളുള്ള പിജിയുടെ സ്വകാര്യലൈബ്രറി മാ‍ത്രം മതി അദ്ദേഹത്തിന്റെ പുസ്തകഭ്രാന്ത് മനസിലാക്കാന്‍. പുസ്‌തകങ്ങളെ അത്രയേറെ സ്‌നേഹിക്കുകയും അവ എവിടെ കണ്ടാലും കൈയെത്തിപ്പിടിക്കുകയും ചെയ്തിരുന്നു പി ജി.
 
കമ്യൂണിസ്‌റ്റ് സൈദ്ധാന്തികതയ്‌ക്കൊപ്പം സാഹിത്യം, തത്വചിന്ത, ചലച്ചിത്രം ഇവയെല്ലാം പി ജിക്ക്‌ പഥ്യമായിരുന്നു. കമ്യൂണിസ്‌റ്റ് പാര്‍ട്ടി അംഗം എന്ന നിലയില്‍ ഏറെ പരിമിതികള്‍ നേരിടേണ്ടിവന്ന അദ്ദേഹത്തിനു പലപ്പോഴും പാര്‍ട്ടിയുടെ ഉരുക്കുമറയ്‌ക്കു പുറത്തുകടക്കേണ്ടിയും വന്നു. ഇതിന്റെ പേരില്‍ അച്ചടക്ക നടപടികളും ഉണ്ടായി. ചുവര്‍ ചിത്രകലയും പാരമ്പര്യ വാസ്‌തുശാസ്‌ത്രവും പഠിക്കാനായി പി ജി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചപ്പോഴും വിവാദമുണ്ടായി. അപ്പോഴെല്ലാം സ്വതസിദ്ധമായ കണ്ണിറുക്കിയുള്ള ചിരിയായിരുന്നു പി ജിയുടെ മറുപടി.
 
പി ഗോവിന്ദപ്പിള്ള എഴുത്തുകാരനും തത്വചിന്തകനും ആഗോളരാഷ്ട്രീയത്തില്‍ അസാധാരണമായ അറിവുള്ളയാളുമായിരുന്നു. എന്നാല്‍ എല്ലാറ്റിലുമുപരി അദ്ദേഹം നല്ല വായനക്കാരനായിരുന്നു. അദ്ദേഹം വായിച്ചുകൂട്ടിയ പുസ്തകങ്ങള്‍ക്ക് കണക്കില്ല. ഏത് വിഭാഗത്തിലുള്ള പുസ്തകമാണെങ്കിലും ഏത് രാജ്യത്തുനിന്നുള്ളതായാലും അദ്ദേഹം വായിക്കുമായിരുന്നു. ഒരിക്കല്‍ ഒരു മഹാനഗരത്തിലെ പുസ്തകക്കടയില്‍ കയറി വായനയില്‍ മുഴുകി ബന്ധുക്കളെ മറന്ന് മണിക്കൂറുകളോളം ചെലവഴിച്ച അദ്ദേഹത്തേപ്പറ്റി എവിടെയോ വായിച്ചിട്ടുണ്ട്.
 
വായനയിലൂടെ വളര്‍ന്ന മനുഷ്യനായിരുന്നു പി ജി. ഇടതുപക്ഷത്തിന്‍റെ യഥാര്‍ത്ഥ ബുദ്ധിജീവിയായിരുന്നു അദ്ദേഹം. ഏത് പ്രതിസന്ധിക്കും പിജിയുടെ പക്കല്‍ ഉത്തരമുണ്ടായിരുന്നു. അത് പരന്ന വായനയുടെ ഫലമായിരുന്നു. സി പി എം സംസ്‌ഥാന കമ്മിറ്റിയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം ഒരു സാഹിത്യമാസികയ്ക്കു നല്‍കിയ അഭിമുഖത്തിന്റെ പേരില്‍ പാര്‍ട്ടി ബ്രാഞ്ച്‌ കമ്മിറ്റിയിലേക്കു തരംതാഴ്‌ത്തപ്പെട്ടു. ഇഎം‌എസ് പലപ്പോഴും രക്ഷപ്പെട്ടിട്ടുള്ളത് അവിശ്വാസം മൂലമാണെന്ന പിജിയുടെ പരാമര്‍ശമാണ് അന്നു വിവാദമായത്. 
 
ഇ എം എസ്‌ പുസ്‌തകങ്ങളുടെ ജനറല്‍ എഡിറ്ററായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചെങ്കിലും ആ സ്‌ഥാനവും ഒഴിയേണ്ടിവന്നു. എ കെ ജി പഠനകേന്ദ്രം, ചിന്ത പബ്ലിഷേഴ്‌സ്, ഇഎംഎസ്‌ അക്കാദമി എന്നിവയുടെയെല്ലാം ചുമതല വഹിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ലോകം അതിനുമപ്പുറമായിരുന്നു, പരന്ന വായനയും അതിനപ്പുറം ചിന്താസരണിയില്‍ കടഞ്ഞെടുത്ത അറിവുമായിരുന്നു പി ജിയെ ആള്‍ക്കൂട്ടത്തിനിടയില്‍ വ്യത്യസ്തനാക്കിയത്. 
 
അധികാര സ്‌ഥാനങ്ങളോട്‌ എന്നും അകല്‍ച്ച കാണിച്ച നേതാവാണ്‌ പി ഗോവിന്ദപിള്ള. പുല്ലുവഴിയിലെ സാധാരണ കമ്യൂണിസ്‌റ്റ് പ്രവര്‍ത്തകനായി കടന്നുവന്ന പി ജി രാഷ്‌ട്രീയത്തിലൂടെ പാര്‍ട്ടിയുടെ ചിന്താമണ്ഡലത്തെ കരുപ്പിടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വായിക്കുന്നതൊന്നും പി ജി മറന്നിരുന്നില്ല. വായിക്കുന്നതിനൊക്കെ തന്റെ ചിന്തകള്‍കൊണ്ടു മനനം ചെയ്തെടുക്കുന്നതും പിജിയുടെ സവിശേഷതായിരുന്നു. 
 
പി ജിയുടെ പ്രധാന കൃതികള്‍:
 
കേരളം ഇന്ത്യയിലെ ഒരു അധഃകൃത സംസ്‌ഥാനം, വീരചരിതമായ വിയറ്റ്‌നാം, ഇസങ്ങള്‍ക്കിപ്പുറം, വിപ്ലവപ്രതിഭ, ശാസ്‌ത്രം നൂറ്റാണ്ടുകളിലൂടെ, സാഹിത്യവും രാഷ്ട്രീയവും, ഭഗവദ്‌ഗീത, മാര്‍ക്‌സിസം, മാര്‍ക്‌സും മൂലധനവും, മാര്‍ക്‌സിസ്‌റ്റ് സൗന്ദര്യശാസ്‌ത്രം: ഉല്‍ഭവവും വളര്‍ച്ചയും, സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത, പൂന്താനം മുതല്‍ സൈമണ്‍ വരെ, ബാലസാഹിത്യം അധോഗതിയും പുരോഗതിയും, ചരിത്രശാസ്‌ത്രം; പുതിയ മാനങ്ങള്‍, വിപ്ലവങ്ങളുടെ ചരിത്രം, മഹാഭാരതം മുതല്‍ മാര്‍ക്‌സിസം വരെ, കേരള നവോത്ഥാനം; ഒരു മാര്‍ക്‌സിസ്‌റ്റ് വീക്ഷണം, ഇഎംഎസും മലയാള സാഹിത്യവും, ഫ്രെഡറിക്‌ എംഗല്‍സ്‌.
 
വിവര്‍ത്തനങ്ങള്‍
 
കാട്ടുകടന്നല്‍(എഥല്‍ വോയ്‌നിച്ച്‌), ഭൂതകാലവും മുന്‍ വിധിയും (റോമിലാ ഥാപ്പര്‍), ഇന്ദിരാഗാന്ധി തളര്‍ച്ചയും വളര്‍ച്ചയും (ഡി ആര്‍ മങ്കേക്കര്‍, കമലാ മങ്കേക്കര്‍), ഇന്ത്യാ ചരിത്ര വ്യാഖ്യാനം: മാര്‍ക്‌സിസ്‌റ്റ് സമീപനം(ഇന്‍ഫാന്‍ ഹബീബ്‌).

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശവാസനം ചെയ്തു ശീലിക്കൂ... ഉറക്ക ഗുളികകളെ ആശ്രയിക്കുന്ന അവസ്ഥയില്‍ നിന്ന് മോചനം നേടൂ !