Select Your Language

Notifications

webdunia
webdunia
webdunia
webdunia

വായന എന്ന വിപ്‌ളവം, ലോക പുസ്‌തകദിനം ഓര്‍മ്മിപ്പിക്കുന്നത്...

വായന എന്ന വിപ്‌ളവം, ലോക പുസ്‌തകദിനം ഓര്‍മ്മിപ്പിക്കുന്നത്...

സുബിന്‍ ജോഷി

, വ്യാഴം, 23 ഏപ്രില്‍ 2020 (15:36 IST)
ഏപ്രില്‍ 23 ലോകപുസ്തകദിനം. വിപ്ളവം വായനയിലൂടെ എന്ന മുദ്രാവാക്യത്തിന്‍റെ നേരറിയിക്കുന്ന ദിവസം. ലോകമെങ്ങുമുള്ള സാഹിത്യ പ്രേമികള്‍ പുസ്തകദിനം ആഘോഷിക്കുന്നു.
 
പുസ്തകങ്ങളെയും സാഹിത്യകാരന്മാരെയും ആദരിക്കാനുള്ള അവസരമാണ് പുസ്തകദിനം നല്‍കുന്നത്. വായന മരിക്കുന്നു എന്ന വിലാപമുയരുന്ന ഈ കാലത്ത് പുസ്തകദിനാചരണത്തിലൂടെ സാംസ്കാരികമായ മൂല്യത്തെ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്.
 
വില്യം ഷേക്സ്പീയറിന്‍റെയും ഗാര്‍സിലാസോ ഡെ ലാ വെഗയുടെയും, മിഗ്വെല്‍ ഡെ സെര്‍വന്‍റീസിന്‍റെയും ചരമദിനമാണ് പുസ്തകദിനമായി ആചരിക്കുന്നത്. ഷേക്‍സ്പിയറിന്‍റെ ജന്‍‌മദിനവും ഇന്നുതന്നെയാണ്. ആംഗലകവി റൂപര്‍ട്ട് ബ്രൂക്ക്, ജൊസെപ്പ് പ്ളാ മൗറി ഡ്രുവോന്‍, കെ ലാക്സ്നെസ് വ്ലാഡ്മിര്‍ നബൊകോവ് തുടങ്ങിയവരുടെ തുടങ്ങിയവരുടെ ഓര്‍മ്മദിനം കൂടിയാണ് ഇന്ന്. 
 
ചരിത്രപരമായ വിജ്ഞാനം വിതരണം ചെയ്യാനും, സാംസ്കാരിക പാരമ്പര്യത്തെപ്പറ്റിയുള്ള അവബോധം ലോകമാകെ പരത്താനും പുസ്തകങ്ങളിലൂടെ ശ്രമിക്കേണ്ട കാലഘട്ടമാണ് ഇപ്പോഴത്തേത്. വായന മരിക്കുന്നു എന്ന വിലാപം മാറ്റിവച്ച് വായനയ്‌ക്ക് ഉണര്‍വ്വുണ്ടായ സമയമാണ് ഈ ലോക്‍ഡൌണ്‍ കാലം. കൊറോണ വൈറസ് ഭീതിയിലാണ് ലോകമെങ്കിലും അതിനെയും പോസിറ്റീവായി മാത്രം സമീപിക്കുകയും ഈ നാളുകള്‍ വായനയ്‌ക്കായി കുറച്ചുസമയമമെങ്കിലും ദിനവും മാറ്റിവയ്ക്കാനും ശ്രമിക്കാം.
 
ആശയ വിനിമയത്തിന്‍റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും പുസ്തകങ്ങള്‍ സൃഷ്ടിക്കുന്നു. മൂല്യമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ് എന്ന അറിവ് സന്തോഷം പകരുന്നു.
 
പൂജിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന പുസ്തകങ്ങള്‍ ആയുധം കൂടിയാണെന്നത് പുതിയ കാലത്തിന്‍റെ തിരിച്ചറിവാണ്. വിശക്കുന്ന മനുഷ്യനോട് പുസ്തകം കയ്യിലെടുക്കാനാണ് ആഹ്വാനം ചെയ്യുന്നത്. കേരളത്തിന്‍റെ അപ്രതിരോധ്യമായ വളര്‍ച്ചയുടെ പ്രധാനനിദാനവും പുസ്തകങ്ങളാണ്.
 
വായിക്കുക വായിപ്പിക്കുക എന്നത് ജീവിത ദൗത്യമാക്കിയ പി എന്‍ പണിക്കരെ നമുക്ക് സ്മരിക്കാം. നന്മകളാല്‍ സമൃദ്ധമായ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാംസ്കാരികാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ വായനശാലകളും ഗ്രന്ഥശാലകളും മുഖ്യപങ്ക് വഹിക്കുന്നുണ്ട്. പഴയകാലത്ത് ജീവിച്ചിരുന്ന മഹാന്മാരാണ് പുസ്തകരൂപത്തില്‍ നമുക്കിടയില്‍ ജീവിക്കുന്നതെന്ന് മഹാകവി ഉള്ളൂര്‍ പാടിയിട്ടുണ്ട്. ആന്‍റണ്‍ ചെക്കോവിന്‍റെ പന്തയം എന്ന കഥ പുസ്തകങ്ങളുടെ മഹത്വമാണ് ചൂണ്ടിക്കാട്ടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരില്‍ 24 ഹോട്ട്‌സ്‌പോട്ടുകള്‍; കര്‍ശന നിയന്ത്രണം