അഴീക്കോടിന്റെ പുസ്‌തകങ്ങള്‍ കോടതി കയറുന്നു
തൃശൂര്‍ , വ്യാഴം, 19 ഏപ്രില്‍ 2012 (12:25 IST)
അന്തരിച്ച സാഹിത്യകാരന്‍ സുകുമാര്‍ അഴീക്കോടിന്റെ സ്വത്തുക്കള്‍ സംബന്ധിച്ച തര്‍ക്കം കോടതിയിലേക്ക് നീളുന്നു. അഴീക്കോടിന്റെ പുസ്‌തകങ്ങളുടെ റോയല്‍റ്റിയിലുള്ള അവകാശം സ്ഥാപിച്ചു കിട്ടാന്‍ അദ്ദേഹത്തിന്റെ ഡ്രൈവറും സന്തതസഹചാരിയുമായിരുന്ന സുരേഷാണ് കോടതിയെ സമീപിക്കുന്നത്. 25 വര്‍ഷക്കാലം സുരേഷ് അഴീക്കോടിനൊപ്പമുണ്ടായിരുന്നു. സുരേഷിന് പുറമെ അഴീക്കോടിന്റെ സഹോദരന്റെ ഭാര്യ സുമാലിനി, സഹോദരീപുത്രന്മാരായ മനോജ്, രാജേഷ് എന്നിവര്‍ക്കായി സ്വത്തുക്കള്‍ തുല്യമായി എഴുതിവച്ചിരിക്കുകയാണ്. 50 ലക്ഷത്തോളം വിലമതിക്കുന്ന വീട്, 15 ലക്ഷത്തോളം ബാങ്ക് നിക്ഷേപം, ഏഴു ലക്ഷത്തോളം വിലവരുന്ന കാര്‍, സെന്റിന് രണ്ട് ലക്ഷത്തോളം വില ലഭിക്കുന്ന 22 സെന്റ് സ്‌ഥലം, നാല്പതിലധികം പുസ്‌തകങ്ങള്‍ക്ക് ലഭിക്കുന്ന റോയല്‍റ്റി എന്നിവയാണ് ഇവ. ബാങ്ക് നിക്ഷേപത്തിന്റെ നോമിനിയായി സുരേഷിന്റെ പേരാണ് ഉള്ളത്. അതേസമയം പുസ്‌തകങ്ങളുടെ റോയല്‍റ്റി അഴീക്കോടിന്റെ പേരിലുള്ള ട്രസ്‌റ്റിന് നല്‍കാന്‍ മനോജും രാജേഷും ശ്രമിക്കുകയാണ് എന്നാണ് സുരേഷ് ആരോപിക്കുന്നത്. അഴീക്കോട് ജീവിച്ചിരിക്കുമ്പോള്‍ തന്നെ ട്രസ്റ്റ് നിലവില്‍ വന്നിരുന്നു. എന്നാല്‍ ട്രസ്‌റ്റിന് റോയല്‍റ്റി നല്‍കുന്നതിനോട് അദ്ദേഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല. പലരും അഴീക്കോടിനെ ഇതിന് പ്രേരിപ്പിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ലെന്നും സുരേഷ് പറയുന്നു. ഇരവിമംഗലത്തെ അഴീക്കോടിന്റെ വീട്ടിലുള്ള പുസ്‌തകങ്ങളും മറ്റും നശിച്ചുകൊണ്ടിരിക്കുകയാണെന്നും അവ സംരക്ഷിക്കുന്നതില്‍ ബന്ധുക്കള്‍ക്ക് താല്പര്യമില്ലെന്നും സുരേഷ് പറയുന്നു. അഴീക്കോട് മരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ മൃതദേഹം എവിടെ സംസ്കരിക്കണം എന്നത് സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തിരുന്നു. ഒടുവില്‍ സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ബന്ധുകളുടെ താല്പര്യം മാനിച്ച് മൃതദേഹം ജന്മനാടായ കണ്ണൂരിലേക്ക് കൊണ്ടുപോയി പയ്യാമ്പലത്ത് സംസ്കരിക്കുകയായിരുന്നു.
Follow Webdunia malayalam