Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇത്തവണ ചെറിയ കാര്യങ്ങളല്ല, അരുന്ധതി റോയിയുടെ പുതിയ നോവല്‍!

ഇത്തവണ ചെറിയ കാര്യങ്ങളല്ല, അരുന്ധതി റോയിയുടെ പുതിയ നോവല്‍!
, വെള്ളി, 16 നവം‌ബര്‍ 2012 (13:32 IST)
PTI
ചെറിയ കാര്യങ്ങളുടെ തമ്പുരാന്‍ - ഗോഡ് ഓഫ് സ്മോള്‍ തിങ്സ് - വന്നിട്ട് വര്‍ഷം 15 കഴിഞ്ഞു. ഇതുവരെ മറ്റൊരു നോവലിനെക്കുറിച്ച് അരുന്ധതി റോയ് ചിന്തിച്ചിരുന്നില്ല. ആദ്യനോവല്‍ ബുക്കര്‍ പ്രൈസ് നേടിയപ്പോള്‍ ഉണ്ടായ പ്രശസ്തിയേക്കാള്‍ അരുന്ധതി ഏറെ വളര്‍ന്നുകഴിഞ്ഞു. അത് ജെ കെ റൌളിങിനെപ്പോലെയുള്ള പ്രശസ്തിയല്ല. ലോകത്തിന്‍റെ ഭാവിയെക്കുറിച്ച് ആകുലപ്പെടുന്ന ഒരു ആക്ടിവിസ്റ്റാണ് ഇന്ന് അരുന്ധതി റോയ്. അവര്‍ക്ക് മഴയെക്കുറിച്ചും കാടിനെക്കുറിച്ചും മലകളെക്കുറിച്ചും ആശങ്കകളുണ്ട്. നദികളുടെ ജീവന് കാവല്‍ക്കാരിയായി നില്‍ക്കാനോ ആണവായുധങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്താനോ ആരാണ് നക്സലുകള്‍ എന്ന് ലോകത്തോട് വിളിച്ചുപറയാനോ മടിയില്ല.

പുതിയ വാര്‍ത്ത, അരുന്ധതി റോയ് രണ്ടാമത്തെ നോവലിന്‍റെ രചനയിലാണ്. ഷാര്‍ജ അന്താരാഷ്ട്ര ബുക്ക് ഫെയറില്‍ സംസാരിക്കവേയാണ് തന്‍റെ പുതിയ നോവലിനെക്കുറിച്ച് അവര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ നോവലിന്‍റെ വിശദാംശങ്ങളിലേക്ക് അരുന്ധതി കടന്നില്ല.

“എഴുത്ത് എന്‍റെ ഡി എന്‍ എയിലുണ്ട്. നിങ്ങള്‍ എഴുതുമ്പോള്‍ തീര്‍ച്ചയായും എഴുതുന്നതിന്‍റെ വിശദാംശങ്ങളില്‍ നിങ്ങള്‍ക്ക് കൃത്യതയുണ്ടാകണം. ഏറ്റവും ക്ഷമയുള്ളവര്‍ എന്ന നിലയ്ക്ക് മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് നല്ല എഴുത്തുകാരാകാന്‍ കഴിയും എന്നാണ് ഞാന്‍ ചിന്തിക്കുന്നത്” - അരുന്ധതി റോയ് പറഞ്ഞു.

“എഴുത്ത് ഒരു ഏകാന്തവ്യാപാരമാണ്. ഒരു പുസ്തകം എഴുതുക എന്നത് ജയിലില്‍ കഴിയുന്നതിന് സമാനമാണ്“ - അരുന്ധതി വ്യക്തമാക്കി.

“ഞാന്‍ ഒരു കരിയറിസ്റ്റല്ല. കരിയറില്‍ എവിടെയെങ്കിലും എത്തിപ്പെടുന്നതിന് വേണ്ടി ഞാന്‍ ശ്രമിച്ചിട്ടില്ല. സമൂഹവുമായി ഇഴചേര്‍ന്ന്, ഇടകലര്‍ന്ന് ജീവിക്കുന്നതാണ് കൂടുതല്‍ പ്രധാനം” - അരുന്ധതി പറയുന്നു.

“ആദ്യ നോവല്‍ എഴുതുന്നതില്‍ നിന്ന് ഞാന്‍ വിചാരിച്ചാല്‍ പോലും രക്ഷപ്പെടാന്‍ എനിക്ക് കഴിയുമായിരുന്നില്ല. അവസരം കിട്ടിയാല്‍ പോലും ആ നോവല്‍ തിരുത്തിയെഴുതാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് അത്ര പെര്‍ഫെക്ട് ആയതുകൊണ്ടൊന്നുമല്ല. എഴുതി പൂര്‍ത്തിയാക്കിയ ഒന്നില്‍ മാറ്റം വരുത്തുന്നതിനോട് എനിക്ക് താല്‍പ്പര്യമില്ല” - അരുന്ധതി റോയ് പറഞ്ഞു.

Share this Story:

Follow Webdunia malayalam