Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ സന്തോഷ് പണ്ഡിറ്റ് ഒരു നോവലിസ്റ്റുകൂടിയാണ് !

ഈ സന്തോഷ് പണ്ഡിറ്റ് ഒരു നോവലിസ്റ്റുകൂടിയാണ് !
, വ്യാഴം, 28 ജൂണ്‍ 2012 (16:00 IST)
PRO
സന്തോഷ് പണ്ഡിറ്റ് തന്‍റെ മൂന്നാമത്തെ സിനിമയുടെ പേരും പ്രഖ്യാപിച്ചുകഴിഞ്ഞു - ‘മിനിമോളുടെ അച്ഛന്‍’. ചിത്രത്തിന്‍റെ രചനാവേളയിലാണ് കക്ഷിയിപ്പോള്‍. അതിനിടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ അംഗത്വവും കിട്ടി. പുതിയ സിനിമ ‘സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്’ ജൂലൈ രണ്ടാം വാരം റിലീസാകും. ഒരു സീരിയലിലും സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നു. തുളസീദാസ് സംവിധാനം ചെയ്യുന്ന സീരിയലിലൂടെയാണ് പണ്ഡിറ്റ് മിനിസ്ക്രീനിലും എത്തുക.

ഇത്രയും വിശേഷങ്ങള്‍ക്കിടെ മറ്റൊരു പ്രധാന വാര്‍ത്ത കൂടി സന്തോഷ് പണ്ഡിറ്റില്‍ നിന്ന് ലഭിക്കുന്നു. തന്‍റെ ആദ്യ നോവല്‍ പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് പണ്ഡിറ്റ്. ‘നീലിമ നല്ല കുട്ടിയാണ്’ എന്നാണ് നോവലിന്‍റെ പേര്. മംഗളം വാരിക ഈ നോവല്‍ ഉടന്‍ പ്രസിദ്ധീകരിച്ചു തുടങ്ങും.

വളരെക്കാലം മുമ്പ് സന്തോഷ് പണ്ഡിറ്റ് പൂര്‍ത്തിയാക്കിയതാണ് ഈ നോവല്‍. അന്ന് പലരെയും പ്രസിദ്ധീകരണത്തിനായി സമീപിച്ചെങ്കിലും അത് സാധ്യമായില്ല. ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റിന്‍റെ നോവലിനെക്കുറിച്ച് അറിഞ്ഞ് മംഗളം വാരിക അധികൃതര്‍ അദ്ദേഹത്തെ നേരിട്ട് സമീപിക്കുകയായിരുന്നു എന്നാണ് സൂചന.

സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ നീലിമ എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്‍റെ കഥയാണത്രെ ‘നീലിമ നല്ല കുട്ടിയാണ്’. നോവല്‍ വന്‍ വിജയമാകും എന്നതില്‍ സന്തോഷ് പണ്ഡിറ്റിന് സംശയം ഒന്നുമില്ല. “ഞാന്‍ എന്ത് ചെയ്യുന്നു എന്ന് നോക്കിയിരിക്കുന്ന, എന്‍റെ സൃഷ്ടികള്‍ക്കായി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആരാധകരുണ്ട് എനിക്ക്. അതുകൊണ്ടുതന്നെ നോവലിന്‍റെ വിജയത്തെക്കുറിച്ച് എനിക്ക് ആശങ്കകളില്ല” - സന്തോഷ് പണ്ഡിറ്റ് വ്യക്തമാക്കി.

സിനിമയില്‍ തരംഗം സൃഷ്ടിച്ചതുപോലെ സന്തോഷ് പണ്ഡിറ്റ് തരംഗം സാഹിത്യലോകത്തും ഉണ്ടാകുമോ എന്നാണ് ഇപ്പോള്‍ മലയാളികള്‍ ഉറ്റുനോക്കുന്നത്.

Share this Story:

Follow Webdunia malayalam