മലയാള സാഹിത്യത്തിലെ ഇതിഹാസമാണ് എം ടി വാസുദേവന്‍ നായരെന്ന് എം മുകുന്ദന്‍. സംസ്ഥാനത്തെ രണ്ടാമത് ഹേ ഫെസ്റ്റിവലിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടത്തിയ സംഭാഷണത്തിലാണ് എം മുകുന്ദന്‍ ഇങ്ങനെ പറഞ്ഞത്. തന്റെ ഗുരുവും വഴികാട്ടിയുമാണ് എം ടി. ഒരു കൈയില്‍ പേനയും മറ്റേ കൈയില്‍ കത്രികയും വെച്ചുകൊണ്ടാണ് എം ടി എഴുതുന്നത്. നല്ല എഴുത്തുകാരന്‍ എന്നതുപോലെ തന്നെ ഒരു നല്ല എഡിറ്ററുമാണ് എം ടിയെന്നും മുകുന്ദന്‍ പറഞ്ഞു. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരായ എം ടി വാസുദേവന്‍ നായരും എം മുകുന്ദനും തമ്മിലുള്ള സംഭാഷണത്തോടെയാണ് ഹേ ഫെസ്റ്റിവലിന് കനകക്കുന്നില്‍ തുടക്കമായത്.
കുട്ടിക്കാലത്ത് ചങ്ങമ്പുഴയുടെ രമണന്‍ വായിക്കാനിടയായ സാഹചര്യം വ്യക്തമാക്കിക്കൊണ്ടാണ് എം ടി സംസാരിച്ചു തുടങ്ങിയത്. തകഴിയെ പോലെയുള്ള എഴുത്തുകാര്‍ ശക്തമായ വാക്കുകള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. തന്റെ ചുറ്റുമുള്ള സമൂഹവും പ്രകൃതിയും തകഴി, ബഷീര്‍ തുടങ്ങിയവരുടെ രചനകളുമാണ് തന്നെ സ്വാധീനിച്ചതെന്ന് എം ടി പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ സാഹിത്യകാരന്‍മാര്‍ക്ക് രചനാ സ്വാതന്ത്ര്യം കുറവാണെന്ന് എം മുകുന്ദന്‍ അഭിപ്രായപ്പെട്ടു. സാഹിത്യ രചനയുടെ ഉള്ളടക്കമാണ് ഏറ്റവും പ്രധാനം. എം ടി സ്വത്വത്തെക്കുറിച്ചും ഒപ്പം സമൂഹത്തെ ക്കുറിച്ചും എഴുതുന്ന മഹാനാണ് എം ടിയെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര കൃതികളാണ് മലയാളത്തിലെ എഴുത്തുകാര്‍ക്ക് പുതിയ ആശയങ്ങള്‍ പകരുന്നതെന്നും മുകുന്ദന്‍ പറഞ്ഞു.
കേരളത്തിനകത്തും പുറത്തുമുള്ള സാഹിത്യകാരന്‍മാരുടെ സാന്നിദ്ധ്യം കൊണ്ട് ഹേ ഫെസ്റ്റിവല്‍ ഉദ്ഘാടന ചടങ്ങ് ശ്രദ്ധേയമായി, എം ടി, മുകുന്ദന്‍, ശശി തരൂര്‍ എം പി, സംസ്ഥാന സാംസ്ക്കാരിക വകുപ്പ് കെ സി ജോസഫ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തിയതോടെയാണ് ഇത്തവണത്തെ ഹേ ഫെസ്റ്റിവലിന് ഔപചാരിക തുടക്കമായത്. ഹേ ഫെസ്റ്റിവല്‍ പ്രൊഡ്യൂസര്‍മാരായ സഞ്ജോയ് റോയ്, ലിന്റി കുക്ക് എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഹേ ഫെസ്റ്റിവലില്‍ പ്രമുഖരായ എഴുത്തുകാരും, ചലച്ചിത്രപ്രവര്‍ത്തകരും, പ്രസാധകരും, മാധ്യമപ്രവര്‍ത്തകരും പങ്കെടുക്കുന്നുണ്ട്.