Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒ എന്‍ വി: നഷ്ടമായത് മലയാളകവിതയുടെ വരപ്രസാദം

ഒ എന്‍ വി: നഷ്ടമായത് മലയാളകവിതയുടെ വരപ്രസാദം
, ശനി, 13 ഫെബ്രുവരി 2016 (17:41 IST)
മലയാള കവിതയുടെ വരപ്രസാദമായിരുന്നു ഒ എന്‍ വി കുറുപ്പ്. മലയാളികളുടെ ഏറ്റവും ജനപ്രിയനായ കവിയായിരുന്നു. ജനങ്ങളുടെ മനസിനോട് ചേര്‍ന്നുനില്‍ക്കുന്ന പാട്ടുകളും കവിതകളുമായിരുന്നു അദ്ദേഹത്തിന്‍റേത്. ഇടതുപക്ഷ മനസുള്ള കവി സൃഷ്ടിച്ച നാടകഗാനങ്ങളും കവിതകളും ഒരു ജനതയെ സ്വാധീനിച്ചവയായിരുന്നു.
 
ഒ എന്‍ വി കുറുപ്പ് എഴുതിയ ഒരു വാക്കും പാഴായിപ്പോയിട്ടില്ല. അദ്ദേഹം സിനിമാഗാനങ്ങള്‍ പോലും കവിതകളായിരുന്നു. ട്യൂണിട്ട ശേഷം എഴുതുന്ന ഗാനങ്ങളില്‍ പോലും കവിത നിറഞ്ഞുനിന്നു.
 
അരികിയില്‍ നീ ഉണ്ടായിരുന്നെങ്കില്‍, ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന, ആത്മാവില്‍ മുട്ടിവിളിച്ചതുപോലെ, സാഗരങ്ങളേ, നീരാടുവാന്‍ നിളയില്‍ നീരാടുവാന്‍, മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി, ഓര്‍മ്മകളേ കൈവള ചാര്‍ത്തി, ഒരു ദലം മാത്രം തുടങ്ങിയ എത്ര മനോഹരമായ ഗാനങ്ങളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചത്.
 
ഏത് കഥാപാത്രത്തിന്‍റെയും ഏത് മാനസികാവസ്ഥയും ഉള്‍ക്കൊണ്ട് ഗാനരചന നിര്‍വഹിക്കുന്നതില്‍ അതീവ പ്രാഗത്ഭ്യമുള്ള കവിയായിരുന്നു ഒ എന്‍ വി. ഏത് തലമുറയുടെയും അഭിരുചികള്‍ക്ക് അനുസരിച്ച് ഗാനരചന നടത്താന്‍ കഴിയുന്ന അസാധാരണ പ്രതിഭയായിരുന്നു അദ്ദേഹം. പ്രണയഗാനങ്ങള്‍ എഴുതുമ്പോള്‍ തന്നെ പഴശ്ശിരാജയുടെ വീരഭാവം മുഴുവന്‍ ആവാഹിച്ച ‘ആദിയുഷസന്ധ്യപൂത്തതെവിടെ...’ എന്നും എഴുതാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.  
 
ഒരു തികഞ്ഞ ഭാഷാസ്നേഹിയായിരുന്നു ഒ എന്‍ വി. മലയാള സാംസ്കാരിക രംഗത്ത് പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. കവിതാ ഗാനരംഗത്തെ കുലപതിയായിരുന്നു. വിശേഷണങ്ങള്‍ ഏറെയാണ്. എല്ലാ വിശേഷണങ്ങള്‍ക്കുമപ്പുറത്ത് മലയാളികളുടെ മനസില്‍ കവിതയുടെ ഉപ്പും മധുരവും അലിയിച്ചുചേര്‍ത്ത മഹാപ്രതിഭയായിരുന്നു. 
 
നഷ്ടപ്പെടുന്നത് പേരറിയാത്ത പെണ്‍കുട്ടിയെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ഭൂമിയെക്കുറിച്ചും പാടിയ കവിയാണ്. ഭൂമിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ആകുലപ്പെട്ട ഒരു പച്ച മനുഷ്യനാണ്. അദ്ദേഹത്തിന്‍റെ ഭൌതികശരീരം മറഞ്ഞാലും, ഏത് ഗ്രാമത്തില്‍ പോയാലും ജനങ്ങളുടെ ചുണ്ടില്‍ അദ്ദേഹത്തിന്‍റെ ഗാനങ്ങളുണ്ടാവും. എന്നും, എക്കാലവും.

Share this Story:

Follow Webdunia malayalam