ഒഎന്‍വി കുറുപ്പ് കവിത അടിച്ചുമാറ്റി!
, തിങ്കള്‍, 10 ഒക്‌ടോബര്‍ 2011 (14:27 IST)
“ഇനിയും മരിക്കാത്ത ഭൂമി, നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി! ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലെന്നേ കുറിച്ച ഗീതം....” കവിത ഇഷ്ടപ്പെടുന്നവരാരും ഈ വരികള്‍ മറക്കുമെന്ന് തോന്നുന്നില്ല. ‘ഭൂമിക്കൊരു ചരമഗീതം’ എന്ന പേരില്‍ ഒഎന്‍വി കുറുപ്പ് എഴുതിയ കവിതയില്‍ നിന്നുള്ളതാണ് ഈ വരികളെന്ന് അറിയാത്തവരും ഉണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ ഈ കവിത ഒഎന്‍വി കുറുപ്പ് അടിച്ചുമാറ്റിയതാണെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നു. ചുണ്ടയില്‍ പ്രഭാകരന്‍ എന്നൊരു കവിയാണ് ആ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. തൃശൂരില്‍നിന്നു പ്രസിദ്ധീകരിക്കുന്ന 'സാഹിത്യ വിമര്‍ശം' മാസികയില്‍ എഴുതിയ ലേഖനത്തിലാണ് ചുണ്ടയില്‍ പ്രഭാകരന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.“എണ്‍പതുകളില്‍ ബ്രണ്ണന്‍ കോളജില്‍ അധ്യാപകനായിരുന്ന ഒഎന്‍വിയുമായി എനിക്ക് വലിയ അടുപ്പമായിരുന്നു. പ്രശസ്‌ത എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്‌ദുള്ളയാണ് ഒഎന്‍വിയെ എനിക്ക് പരിചയപ്പെടുത്തിയത്. പല കവിയരങ്ങുകളിലും ഒഎന്‍വി, സുഗതകുമാരി, കടമ്മനിട്ട തുടങ്ങിയവര്‍ക്കൊപ്പം എനിക്ക് കവിത അവതരിപ്പിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഒഎന്‍വിയെ ഗുരുവിനെ പോലെയാണ് അന്നു കണ്ടിരുന്നത്. എന്നും കണ്ണൂരിലേക്കുള്ള ട്രെയിന്‍യാത്രയില്‍ സഹയാത്രികനായിരുന്നു ഒഎന്‍വി”“അങ്ങനെയൊരു യാത്രയിലാണ് ഞാനെഴുതിയ ഒരു കവിതയുടെ കയ്യെഴുത്തുകോപ്പി ഒഎന്‍വിക്കു വായിക്കാന്‍ കൊടുത്തത്. കാര്യമായ അഭിപ്രായമൊന്നും പറയാതെ പിറ്റേന്ന് ഒഎന്‍വി കവിത തിരിച്ചു തന്നപ്പോള്‍ വിഷമമായി. അധികം താമസിയാതെ ഒഎന്‍വിയെ ട്രെയിനില്‍ കാണാതായി. അതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചുപോയതായറിഞ്ഞു. ഒരു വാക്കുപോലും പറയാതെ ഒഎന്‍വി പോയതില്‍ വിഷമംതോന്നി.”“പക്ഷേ, അധികം താമസിയാതെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച 'ഭൂമിക്കൊരു ചരമഗീതം' എന്ന കവിത വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. അത് എന്റെ കവിതയായിരുന്നു. അല്‍പസ്വല്‍പം മാറ്റങ്ങള്‍ വരുത്തി ഒഎന്‍വി എന്റെ കവിത അടിച്ചുമാറ്റുകയായിരുന്നു. സ്വന്തം മനസുകൊണ്ട് ജന്മം നല്‍കിയ കുഞ്ഞിനെ ഇളംപ്രായത്തില്‍ കട്ടുകൊണ്ടുപോയി പ്ലാസ്‌റ്റിക് സര്‍ജറി നടത്തി വിശ്വസുന്ദരിയാക്കി കിട്ടാവുന്നതെല്ലാം കൈപ്പറ്റി നടക്കുന്ന പോറ്റച്ഛനെ മാലോകരെല്ലാം വാഴ്‌ത്തുന്നതുകണ്ട് വിതുമ്പലടക്കി പിടിച്ചു നടക്കുന്ന നിസഹായനായ പിതാവിന്റെ ദെണ്ണമാണ് അന്നെനിക്ക് ഉണ്ടായിരുന്നത്” - പ്രഭാകരന്‍ പറയുന്നു.
Follow Webdunia malayalam